റമസാനിലെ അവസാന വെള്ളിയാഴ്ച; നിറഞ്ഞു കവിഞ്ഞ് മസ്ജിദുകൾ
Mail This Article
കാക്കനാട്∙ വിശുദ്ധ റമസാനിൽ വ്രതശുദ്ധിയോടെ അവസാന ജുമാ നമസ്ക്കരിച്ചു വിശ്വാസികൾ. മസ്ജിദുകൾ നിറഞ്ഞു കവിഞ്ഞായിരുന്നു പ്രാർഥന. ‘അസലാമു അലൈക്ക യാ ഷഹ്റ റമസാൻ’– പുണ്യ മാസത്തിനു വിട ചൊല്ലുന്ന അവസാന വെള്ളിയാഴ്ചയിലെ ഖുത്തുബ നിറഞ്ഞ കണ്ണുകളോടെയാണ് വിശ്വാസികൾ ശ്രവിച്ചത്. കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും നൻമ വരുത്തണമേയെന്നു നമസ്ക്കാരാനന്തരം അവർ സർവശക്തനോടു പ്രാർഥിച്ചു. ഇന്നാണ് പുണ്യ മാസത്തിലെ അനുഗ്രഹീത രാവെന്ന് വിശേഷിപ്പിക്കുന്ന ഇരുപത്തിയേഴാം രാവ്.
ഇന്നു രാത്രി തറാവീഹ് നമസ്ക്കാരത്തിനു ശേഷം മസ്ജിദുകളിൽ പ്രത്യേക പ്രാർഥനകൾ നടത്തും. നാളെ പുലരുവോളം വിശ്വാസികൾക്ക് പള്ളികളിൽ പ്രാർഥിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഇടയത്താഴം ഉൾപ്പെടെ ഭക്ഷണവും ഭൂരിഭാഗം പള്ളികളിലും ഉണ്ടാകും. നാലോ അഞ്ചോ വ്രത ദിനങ്ങളാണ് റമസാനിൽ ഇനി ശേഷിക്കുന്നത്. ചൊവ്വാഴ്ച ശവ്വാൽ പിറ ദൃശ്യമായാൽ ബുധനാഴ്ച ഈദുൽ ഫിത‍്‍ർ (ചെറിയ പെരുന്നാൾ) ആഘോഷിക്കും. അന്നു ശവ്വാൽ പിറ കണ്ടില്ലെങ്കിൽ ബുധനാഴ്ച കൂടി നോമ്പ് അനുഷ്ഠിച്ചു വ്യാഴാഴ്ചയാകും പെരുന്നാൾ.