മഹാശിവരാത്രി ആഘോഷം: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

Mail This Article
ആലുവ∙ പെരിയാർ തീരത്തു നാളെ ജനലക്ഷങ്ങൾ സംഗമിക്കുന്ന മഹാശിവരാത്രി ആഘോഷം സുരക്ഷിതമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. 2 ദിവസത്തെ ബലിതർപ്പണവും ഒരു മാസം നീളുന്ന വ്യാപാര മേളയും വിനോദ പരിപാടികളും ഒരാഴ്ചത്തെ ദൃശ്യോത്സവവും ഉൾപ്പെടുന്ന ശിവരാത്രി ആഘോഷത്തിനു നേതൃത്വം നൽകുന്നതു തിരുവതാംകൂർ ദേവസ്വം ബോർഡും ആലുവ നഗരസഭയുമാണ്.
മണപ്പുറത്തു താൽക്കാലിക നഗരസഭ ഓഫിസും പൊലീസ് സ്റ്റേഷനും ഇന്നു തുറക്കുമെന്നു നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ പറഞ്ഞു. മേള കഴിയുന്നതുവരെ ഓഫിസും സ്റ്റേഷനും മണപ്പുറത്ത് ഉണ്ടാകും. ജില്ലാ ഭരണകൂടത്തിനും റൂറൽ ജില്ലാ പൊലീസിനുമാണ് സുരക്ഷാ ക്രമീകരണങ്ങളുടെ ചുമതല. നഗരസഭ ഓഫിസിലെ ഫോൺ നമ്പർ: 0484–2602700, പൊലീസ് സ്റ്റേഷൻ: 0484–2602800.
സിസിടിവി നിരീക്ഷണം
മണപ്പുറം പൂർണമായും സിസിടിവി നിരീക്ഷണത്തിലാണ്. ദേവസ്വം ബോർഡും നഗരസഭയുമാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള ദൃശ്യങ്ങൾ പൊലീസ് കൺട്രോൾ റൂമിൽ 24 മണിക്കൂറും നിരീക്ഷിക്കും. പുഴയിലോ കരയിലോ അനിഷ്ട സംഭവം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് അഗ്നിരക്ഷാസേനയും നേവിയുടെ മുങ്ങൽ വിദഗ്ധരും ഉണ്ടാകും. ശിവരാത്രി നാളിൽ 40 ഫയർ ഫോഴ്സ് അംഗങ്ങളും 50 സിവിൽ ഡിഫൻസ് സേനാംഗങ്ങളും 2 ടീമായി പ്രവർത്തിക്കും. സുരക്ഷാ ജോലികൾക്കായി ദേവസ്വം ബോർഡ് 120 പേരെ നിയോഗിച്ചിട്ടുണ്ട്. ബാരിക്കേഡ് കെട്ടി തിരിച്ച സ്ഥലങ്ങളിൽ മാത്രമേ പുഴയിൽ മുങ്ങിക്കുളിക്കാൻ അനുമതിയുള്ളൂ.

താൽക്കാലിക ബസ് സ്റ്റാൻഡ്
മണപ്പുറത്തു കെഎസ്ആർടിസിയുടെ താൽക്കാലിക ബസ് സ്റ്റേഷനും ഗാരിജും ഉണ്ടാകും. സ്വകാര്യ ബസുകളും പ്രത്യേക സർവീസ് നടത്തും. മണപ്പുറത്തും നഗരത്തിലും വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാനുള്ള മുൻകരുതൽ കെഎസ്ഇബി സ്വീകരിച്ചിട്ടുണ്ട്. മണപ്പുറത്തേക്കുള്ള റോഡുകൾ അറ്റകുറ്റപ്പണി നടത്തി നന്നാക്കി. മണപ്പുറത്ത് ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുമെന്നും ഗുണനിലവാരം പരിശോധിക്കുമെന്നും വാട്ടർ അതോറിറ്റി അധികൃതർ അറിയിച്ചു.
എംവിഡി, എക്സൈസ് സ്ക്വാഡുകൾ
ക്രമസമാധാനപാലനവും ട്രാഫിക് നിയന്ത്രണവും പൊലീസിനാണെങ്കിലും ട്രാഫിക് കുറ്റകൃത്യങ്ങൾ കണ്ടെത്താൻ മോട്ടർ വാഹന വകുപ്പും രംഗത്തുണ്ടാകും. ഗതാഗത ഡപ്യൂട്ടി കമ്മിഷണറുടെയും 2 ആർടിഒമാരുടെയും നേതൃത്വത്തിൽ മോട്ടർ വാഹന വകുപ്പിന്റെ 25 സ്ക്വാഡുകൾ പട്രോളിങ് നടത്തും. അനധികൃത മദ്യം, നിരോധിത ലഹരി വസ്തുക്കൾ എന്നിവയുടെ വിൽപന തടയുന്നതിന് എക്സൈസ് സിഐയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ഷാഡോ ടീമും ഉണ്ടാകും. ഒരുവിധ ചൂതാട്ടവും അനുവദിക്കില്ല.
അത്യാഹിത വിഭാഗം
ജില്ലാ ആശുപത്രിയുടെ സുസജ്ജമായ അത്യാഹിത വിഭാഗവും മെഡിക്കൽ ടീമും മണപ്പുറത്ത് ഉണ്ടാകും. ആംബുലൻസ് സേവനവും ലഭിക്കും. താൽക്കാലിക ഹോമിയോ ആശുപത്രിയും ഒരുക്കിയിട്ടുണ്ട്. റവന്യു വകുപ്പ് ഓഫിസ്, മീഡിയ റൂം, സൗജന്യ ചുക്കുകാപ്പി വിതരണ സ്റ്റാൾ എന്നിവയും ഉണ്ടാകും. വെളിച്ചക്കുറവ് ഉണ്ടാകാതിരിക്കാൻ തോട്ടയ്ക്കാട്ടുകരയിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കൂടുതൽ വഴിവിളക്കുകൾ സ്ഥാപിച്ചു. നഗരസഭ ഓഫിസ്, 2 ടൗൺ ഹാളുകൾ, ഗാന്ധി സ്ക്വയർ, മാർത്താണ്ഡവർമ ഇരട്ടപ്പാലം, മണപ്പുറം നടപ്പാലം, മുനിസിപ്പൽ പാർക്ക് എന്നിവ വൈദ്യുതി ദീപങ്ങളാൽ അലങ്കരിച്ചു.
അമ്യൂസ്മെന്റ് പാർക്ക്
നഗരസഭയ്ക്കു വേണ്ടി മണപ്പുറത്തു വ്യാപാര മേളയും അമ്യൂസ്മെന്റ് പാർക്കും നടത്തുന്നതു പാലക്കാട് ഡിജെ അമ്യൂസ്മെന്റ്സ് ആണ്. വിവിധ റൈഡുകൾക്കു പുറമേ റോബട്ടിക് അനിമൽ എക്സിബിഷൻ, മഞ്ഞുമ്മൽ ബോയ്സ് സിനിമയിലൂടെ പ്രശസ്തമായ ഗുണാ കേവ് എന്നിവ മേളയുടെ പ്രത്യേകതയാണ്. പൊടിശല്യം ഒഴിവാക്കാൻ മണപ്പുറം മുഴുവൻ പച്ചപ്പരവതാനി വിരിച്ചാണ് വ്യാപാര മേള സംഘടിപ്പിച്ചിരിക്കുന്നത്. ഒരാഴ്ചത്തെ ദൃശ്യോത്സവവും കലാസാംസ്കാരിക പരിപാടികളും മാർച്ച് 16ന് ആരംഭിക്കും.
ശിവരാത്രി സംഗീതോത്സവം
ആലുവ കേശവ സ്മൃതിയിൽ ശിവരാത്രി സംഗീതോത്സവം ഇന്ന് ആരംഭിക്കും. 5.30നു സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് ഉദ്ഘാടനം ചെയ്യും. ജി. മോഹൻകുമാർ അധ്യക്ഷത വഹിക്കും. ബാലഗോകുലം സംസ്ഥാന സെക്രട്ടറി വി.ജെ. രാജ്മോഹൻ സന്ദേശം നൽകും. തുടർന്ന് ആനയടി പ്രസാദിന്റെ സംഗീത കച്ചേരി. നാളെ രാവിലെ 5.30നു മഹാദേവ ക്ഷേത്രത്തിൽ നിന്നു കേശവ സ്മൃതിയിലേക്ക് ഉഞ്ചവൃത്തി, തുടർന്നു സംഗീതാർച്ചന, താമരക്കാട് ഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 30 പേർ പങ്കെടുക്കുന്ന പഞ്ചരത്ന കീർത്തനാലാപം.