മഹാശിവരാത്രി ആഘോഷം; ആലുവ മണപ്പുറം ഒരുങ്ങി

Mail This Article
ആലുവ∙ പിതൃകർമങ്ങൾക്കായി ജനലക്ഷങ്ങൾ എത്തുന്ന മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറം ഒരുങ്ങി. നാളെ വൈകിട്ട് ആരംഭിക്കുന്ന ഭക്തജന പ്രവാഹം കുംഭത്തിലെ അമാവാസിയായ വ്യാഴാഴ്ചയും തുടരും. നാളെ രാത്രി നടക്കുന്നതു ശിവരാത്രി ബലിയും വ്യാഴാഴ്ച രാവിലെ 8.30 മുതൽ നടക്കുന്നതു കുംഭത്തിലെ വാവുബലിയുമാണ്. മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ നാളെ രാവിലെ 6നു ലക്ഷാർച്ചന, പിതൃപൂജ, പശുദാനം, കൂട്ടനമസ്കാരം, സായൂജ്യ പൂജ, തിലഹവനം, രാത്രി 12നു ശിവരാത്രി വിളക്ക്, എഴുന്നള്ളിപ്പ്, തുടർന്നു ബലിതർപ്പണം.
ക്ഷേത്രകർമങ്ങൾക്കു മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് 116 ബലിത്തറകൾക്കു സ്ഥലം നീക്കിവച്ചിട്ടുണ്ട്. ബലിതർപ്പണത്തിനു ദേവസ്വം ബോർഡ് നിരക്ക് 75 രൂപയാണ്. അപ്പവും അരവണയും വഴിപാടു കൗണ്ടറുകളിൽ നിന്ന് 50 രൂപ നിരക്കിൽ ലഭിക്കും. ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമാണ് ആഘോഷം. ഭക്തജനങ്ങൾക്കു 2 കോടി രൂപയുടെ ഇൻഷുറൻസ് പരിരക്ഷയുണ്ട്. രാത്രി ഉറക്കമൊഴിയുന്നവർക്കു ദേവസ്വം ബോർഡ് ലഘുഭക്ഷണം നൽകും.
കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും കെഎസ്ആർടിസിയും രാത്രി സ്പെഷൽ സർവീസ് നടത്തും. മണപ്പുറത്തു താൽക്കാലിക നഗരസഭ ഓഫിസ്, പൊലീസ് കൺട്രോൾ റൂം, ഫയർ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ജില്ലാ ആശുപത്രിയുടെ അത്യാഹിത യൂണിറ്റ് എന്നിവ തുറക്കും. ആംബുലൻസ് സർവീസ്, നേവിയുടെയും മുങ്ങൽ വിദഗ്ധരുടെയും സേവനം എന്നിവയും ലഭ്യമാണ്.
ഗതാഗത നിയന്ത്രണം നാളെ വൈകിട്ട് മുതൽ
ആലുവ∙ ശിവരാത്രിയോട് അനുബന്ധിച്ച് 26നു 4 മുതൽ 27നു 2 വരെ ആലുവയിൽ ദേശീയപാതയിലടക്കം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. റൂറൽ എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ 12 ഡിവൈഎസ്പിമാരും 30 ഇൻസ്പെക്ടർമാരും ഉൾപ്പെടെ 1500 പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടാകും. നിരത്തുകളിലും പ്രധാന കേന്ദ്രങ്ങളിലും മഫ്തി പൊലീസിനെ നിയോഗിക്കും.
മണപ്പുറത്ത് കെഎസ്ആർടിസി ബസുകൾക്കും സ്വകാര്യ വാഹനങ്ങൾക്കും പാർക്കിങ് ഗ്രൗണ്ട് ഒരുക്കിയിട്ടുണ്ട്. മഹാത്മാഗാന്ധി ടൗൺ ഹാളിനു സമീപവും താൽക്കാലിക ബസ് സ്റ്റാൻഡ് ഉണ്ടാകും. 26നു രാത്രി 8 മുതൽ പാലസ് റോഡിൽ ബാങ്ക് കവല മുതൽ മഹാത്മാഗാന്ധി ടൗൺ ഹാൾ വരെ വാഹന ഗതാഗതം നിരോധിച്ചു.
തോട്ടയ്ക്കാട്ടുകര ജംക്‌ഷനിൽ നിന്നു മണപ്പുറത്തേക്കും വാഹന ഗതാഗതം അനുവദിക്കില്ല. ഹൈവേകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ റോഡ് സൈഡിൽ വാഹന പാർക്കിങ് നിരോധിച്ചു. ആലുവ പാലസിനു സമീപം കൊട്ടാരക്കടവിൽ നിന്നു മണപ്പുറത്തേക്കു കടത്തുവഞ്ചി സർവീസ് പാടില്ല. 26നു രാത്രി 10 മുതൽ പിറ്റേന്നു രാവിലെ 10 വരെ തൃശൂർ ഭാഗത്തു നിന്നുള്ള ഹെവി വാഹനങ്ങൾ അങ്കമാലിയിൽ നിന്നു തിരിഞ്ഞ് എംസി റോഡിലൂടെ പോകണം. എറണാകുളത്തു നിന്നു തൃശൂരിലേക്കുള്ള ഹെവി വാഹനങ്ങൾ കളമശേരിയിൽ തിരിഞ്ഞു കണ്ടെയ്നർ റോഡ് വഴി അത്താണി ജംക്‌ഷനിലൂടെ പോകണം.