മുന്നിൽ പോയ ബൈക്ക് യാത്രികനെ പ്രതികാര ബുദ്ധിയോടെ ഇടിച്ച് വീഴ്ത്താൻ ശ്രമം; കൊച്ചിയിൽ സംഭവിച്ചത്

Mail This Article
കൊച്ചി∙ എസ്എ റോഡിലൂടെ മദ്യലഹരിയിൽ ചേസിങ് നടത്തി ഗോവൻ യുവതിയെ കാറിടിച്ചു പരുക്കേൽപിച്ച സംഭവത്തിൽ കാറോടിച്ച കാറോടിച്ചിരുന്ന തൃശൂർ പുന്നയൂർകുളം അണ്ടത്തോട് സ്വദേശി യാസിറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നവർക്ക് എതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തി കേസെടുക്കുമെന്നും പൊലീസ് പറഞ്ഞു. കാറോടിച്ചിരുന്ന യാസിറിനെതിരെ ഇന്നലെ മദ്യപിച്ചു വാഹനം ഓടിച്ചതിനു കേസ് റജിസ്റ്റർ ചെയ്തിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണു മുന്നിൽ പോയ ബൈക്ക് യാത്രികനെ പ്രതികാര ബുദ്ധിയോടെ ഇടിച്ചു വീഴ്ത്താൻ ശ്രമിക്കുന്നതു ശ്രദ്ധയിൽ പെട്ടത്. ഇതിനിടയിലാണു ഗോവൻ യുവതിക്കു പരുക്കേറ്റത്. ഡ്രൈവർ അപകടകരമായ രീതിയിൽ വാഹനം വെട്ടിച്ചു കയറ്റുന്നതു ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഇതോടെയാണ് കൊലപാതക ശ്രമം അടക്കമുള്ള കൂടുതൽ ഗൗരവമുള്ള വകുപ്പുകൾ ചുമത്താനായി പൊലീസ് നിയമോപദേശം തേടിയത്. ഓൾഡ് ഗോവ സ്വദേശി എസ്തേവാം ഫെറോവിന്റെ ഭാര്യ ജയ്സെൽ ഗോമസിനാണു(35) കാലിനു ഗുരുതര പരുക്കേറ്റത്. ഇവരെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി.
ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ എസ്എ റോഡിൽ കടവന്ത്ര മെട്രോ സ്റ്റേഷനു സമീപമാണു സംഭവം. പള്ളിമുക്ക് സിഗ്നലിൽ വച്ചു യാസിറിന്റെ കാറിന് ബൈക്ക് യാത്രികൻ സൈഡ് നൽകാതിരുന്നതിനെ തുടർന്നുള്ള പ്രകോപനമാണു കാർ ചേസിങ്ങിലും അപകടത്തിലും കലാശിച്ചതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. അപകടത്തിൽ നിസ്സാര പരുക്കേറ്റ ബൈക്ക് യാത്രികന്റെയും കാറിനു പിന്നാലെ മറ്റൊരു ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇയാളുടെ സുഹൃത്തുക്കളായ രണ്ടു യുവാക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.
യാസിർ മദ്യലഹരിയിലാണു കാറോടിച്ചതെന്നും കാറിൽ നിന്നു മദ്യക്കുപ്പികൾ കണ്ടെടുത്തുവെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഓടുന്ന കാറിൽ മദ്യപാനം നടക്കുന്നതിനിടെയാണ് അപകടത്തിലേക്കു നയിച്ച സംഭവങ്ങൾ ഉണ്ടായതെന്നാണു സംഭവത്തിന്റെ ദൃക്സാക്ഷികളും പറയുന്നത്. ലഹരിസംഘങ്ങളുടെ ആക്രമണങ്ങൾ നഗരത്തിൽ ആവർത്തിക്കുന്ന സാഹചര്യത്തിൽ കർശന നടപടിയെടുക്കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം.