ചരിത്രവോട്ട്; ആദ്യമായി വോട്ടുചെയ്ത അഭിമാനത്തിൽ മലമ്പണ്ടാര വിഭാഗങ്ങൾ
Mail This Article
പീരുമേട് ∙ കാടുകളിൽ മാത്രം താമസിക്കുന്ന മലമ്പണ്ടാര വിഭാഗങ്ങൾ ചരിത്രത്തിലാദ്യമായി ജനാധിപത്യ പ്രകിയയിൽ പങ്കാളികളായി. ഇവരിൽ വോട്ടവകാശമുള്ള 31 പേരിൽ 17 പേരാണ് വോട്ടു ചെയ്തത്. വനത്തിലായിരുന്നതിനാൽ 14 പേരെത്തിയില്ല. വണ്ടിപ്പെരിയാർ പഞ്ചായത്തിലെ സത്രം ബൂത്തിൽ ഒൻപത് പേരും വള്ളക്കടവ് ബൂത്തിൽ എട്ടു പേരും വോട്ടു രേഖപ്പെടുത്തി. ഉൾവനങ്ങളിൽ നിന്നു വനവിഭവങ്ങൾ ശേഖരിച്ചു വിറ്റ് ഉപജീവനം നടത്തുന്ന ആദിവാസി വിഭാഗങ്ങളാണ് ഇവർ. വർഷങ്ങളായി പുറംലോകവുമായി ബന്ധമില്ലാതെ കഴിയുകയാണ്. ഇവർക്ക് വോട്ടവകാശം ലഭിക്കാനായി സ്ഥലത്തെ എസ്ടി പ്രമോട്ടർ പി.ജി.പ്രേമയാണ് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്.
തിങ്കൾ രാത്രി കാട്ടിൽനിന്നു വന്ന ഇവർ ഇന്നലെ അതിരാവിലെ വണ്ടിപ്പെരിയാർ സത്രത്തിലെത്തി. തുടർന്നു പരമ്പരാഗത വസ്ത്രങ്ങൾ മാറി സാധാരണ വസ്ത്രം ധരിച്ചാണു ബൂത്തുകളിലേക്ക് പോയത്. എസ്ടി വകുപ്പിന്റെ ഫെസിലിറ്റേറ്റർക്കൊപ്പം പോളിങ് സ്റ്റേഷനിൽ എത്തിയപ്പോൾ വോട്ടു രേഖപ്പെടുത്തേണ്ട രീതികൾ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞുകൊടുത്തു. സ്ഥാനാർഥികളെയും രാഷ്ട്രീയ പാർട്ടികളെയും ചിഹ്നങ്ങളെയും പരിചയമില്ലെങ്കിലും വോട്ടിങ് മെഷീനിലെ ബട്ടനിൽ വിരൽ അമർത്തി ഇവർ ചരിത്രത്തിന്റെ ഭാഗമായി.