ഹർത്താൽ ഭാഗികം; അനിഷ്ട സംഭവങ്ങളില്ല

Mail This Article
തൊടുപുഴ ∙ പരിസ്ഥിതിലോല മേഖല ഉത്തരവിൽ കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് ഇടുക്കിയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ ഭാഗികം. കടകൾ തുറന്നില്ല. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിരുന്നു. വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികളും നടത്തി. ലോറേഞ്ചിലും ഹൈറേഞ്ചിലും കടകൾ അടഞ്ഞുകിടന്നു. പ്രൈവറ്റ് ബസുകൾ ഓടിയില്ല. തമിഴ്നാട്ടിൽ നിന്നുള്ള ചരക്കുഗതാഗതം ഭാഗികമായി നിലച്ചു.
തോട്ടങ്ങളിൽ ജോലിക്കെത്തിയവരുടെ എണ്ണവും കുറവായിരുന്നു. കെഎസ്ആർടിസി സർവീസുകൾ കാര്യമായി മുടങ്ങിയില്ല. തൊടുപുഴ ഡിപ്പോയിൽ നിന്ന് 36 സർവീസുകൾ നടത്തിയതായി അധികൃതർ പറഞ്ഞു. അവശ്യ സർവീസുകളെ ഹർത്താൽ ബാധിച്ചില്ല. ഹർത്താലുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു പൊലീസ് പറഞ്ഞു. സർക്കാർ ഓഫിസുകളിൽ ഹാജർനില കുറവായിരുന്നു.

ഹൈറേഞ്ചിലും ലോറേഞ്ചിലും ഭാഗികം
ഹർത്താൽ ദിനത്തിൽ തൊടുപുഴ താലൂക്ക് ഓഫിസിൽ 90 ജീവനക്കാരിൽ 19 പേർ മാത്രമാണ് എത്തിയത്. ഹർത്താലിനോടനുബന്ധിച്ച് തൊടുപുഴ നഗരത്തിൽ എൽഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. തുടർന്നു നടന്ന പൊതുയോഗം എൽഡിഎഫ് നിയോജക മണ്ഡലം കൺവീനർ വി.വി.മത്തായി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൺവീനർ കെ.എം.ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ ആസ്ഥാനത്ത് ഹർത്താൽ പൂർണമായിരുന്നു. വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയില്ല.
വ്യാപാര സ്ഥാപനങ്ങളും ധനകാര്യ സ്ഥാപനങ്ങളും അടഞ്ഞു കിടന്നു. സ്കൂളുകളും പ്രവർത്തിച്ചില്ല. ഒരിടത്തു നിന്നും ആക്രമണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കലക്ടറേറ്റിൽ 130 ജീവനക്കാരിൽ 41 പേർ മാത്രമാണ് ജോലിക്കു ഹാജരായത്. കലക്ടറും എഡിഎമ്മും മുഴുവൻ സമയവും ഓഫിസിലുണ്ടായിരുന്നു. കലക്ടറേറ്റും പരിസരവും വിജനമായിരുന്നു അൻപതിലധികം പേർ ജോലി ചെയ്യുന്ന ഇടുക്കി താലൂക്ക് ഓഫിസിൽ തഹസിൽദാരെ കൂടാതെ 5 ജീവനക്കാർ മാത്രമാണു ഹാജരായത്.

കഞ്ഞിക്കുഴിയിൽ ഏതാനും കടകൾ രാവിലെ തുറന്നെങ്കിലും സമരാനുകൂലികളുടെ അഭ്യർഥന മാനിച്ച് അടച്ചു. ചേലച്ചുവട്ടിലും തടിയമ്പാടും മുരിക്കാശേരിയിലും തങ്കമണിയിലും ഹർത്താൽ പൂർണമായിരുന്നു കുമളി മേഖലയിൽ ഹർത്താൽ സമാധാനപരമായിരുന്നു. വ്യാപാര സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടന്നു. കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ നടത്തി. സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ല. തേക്കടിയിൽ ബോട്ട് സർവീസുകൾ മുടക്കമില്ലാതെ നടന്നു. തമിഴ്നാട്ടിൽ നിന്നും മറ്റുമെത്തിയ സ്വകാര്യ വാഹനങ്ങൾ സമരാനുകൂലികൾ കുറച്ചു സമയം തടഞ്ഞിട്ട ശേഷം വിട്ടയച്ചു.
അതിർത്തി പ്രദേശമായ മറയൂരിൽ ഹർത്താൽ പൂർണമായിരുന്നു. അതിർത്തി കടന്നെത്തിയ വിനോദസഞ്ചാര വാഹനങ്ങളെ ഹർത്താൽ അനുകൂലികൾ 10 മിനിറ്റ് തടഞ്ഞിട്ട ശേഷം യാത്ര തുടരാൻ അനുവദിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. പ്രദേശത്തുള്ള വാഹനങ്ങളും നിറത്തിൽ ഇറങ്ങിയില്ല. അന്തർ സംസ്ഥാന കെഎസ്ആർടിസി സർവീസുകൾ നടത്തിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. രാജകുമാരി, രാജാക്കാട്, ശാന്തൻപാറ, സേനാപതി മേഖലകളിൽ ഹർത്താൽ പൂർണവും സമാധാനപരവുമായിരുന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിലിറങ്ങിയത്.

ഹർത്താലിൽ കട്ടപ്പനയിലും പരിസര മേഖലകളിലും ജനജീവിതം സ്തംഭിച്ചു. സ്വകാര്യ ബസുകളും ടാക്സി വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. ഹർത്താൽ അനുകൂലികൾ കട്ടപ്പനയിലും സമീപ ടൗണുകളിലും പ്രകടനം നടത്തി. കട്ടപ്പനയിൽ തുറന്നു പ്രവർത്തിച്ച ബാങ്കും 2 സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളും സമരാനുകൂലികൾ അടപ്പിച്ചു. തോട്ടം മേഖലയിലും ഹർത്താൽ പൂർണമായിരുന്നു. അതേസമയം, യാത്രക്കാർ കുറവായിരുന്നെങ്കിലും കട്ടപ്പന ഡിപ്പോയിൽ നിന്ന് കെഎസ്ആർടിസി 28 സർവീസുകൾ നടത്തി. ജില്ലാ പിഎസ്‌സി ഓഫിസിൽ 16 ജീവനക്കാർ ഹാജരായി. നെടുങ്കണ്ടം മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു. ഉടുമ്പൻചോലയിൽ ഹർത്താൽ അനുകൂലികൾ റോഡിൽ സ്ഥാപിച്ചിരുന്ന റോഡിലെ തടസ്സം പൊലീസ് നീക്കം ചെയ്തു.
യുഡിഎഫ് നടത്തുന്നത് പ്രായശ്ചിത്ത സമരം: എൽഡിഎഫ്
ചെറുതോണി ∙ ബഫർസോൺ വിഷയത്തിൽ കോൺഗ്രസും യുഡിഎഫും നടത്തുന്നത് പ്രായശ്ചിത്ത സമരമാണെന്നു സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം. മുട്ടിലിഴഞ്ഞു ജില്ലയിലെ ജനങ്ങളോട് മാപ്പു പറയുകയാണ് യഥാർഥത്തിൽ യുഡിഎഫ് ചെയ്യേണ്ടത്. അധികാരം കിട്ടിയപ്പോഴെല്ലാം നിയന്ത്രണങ്ങളും നിരോധനങ്ങളും അടിച്ചേൽപിച്ചു ജനങ്ങളെ വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിച്ച് നാടു കടത്താനാണു കോൺഗ്രസ് ശ്രമിച്ചത്. 2011ൽ കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിസ്ഥിതി മന്ത്രിയായിരിക്കെ ഇറക്കിയ ബഫർസോൺ ഉത്തരവ് നടപ്പാക്കാനാണ് സുപ്രീംകോടതി പറഞ്ഞിട്ടുള്ളത്.
സംരക്ഷിത വനപ്രദേശത്തിനു ചുറ്റും 10 കിലോമീറ്റർ ബഫർസോൺ ഏർപ്പെടുത്തണമെന്നും അവിടെ ജീവിക്കണമെങ്കിൽ 26 കൂട്ടം നിയന്ത്രണങ്ങൾ വേണമെന്നും ഉത്തരവിട്ടവർ ഇപ്പോൾ സമരം നടത്തുന്നത് ശുദ്ധ തട്ടിപ്പാണ്. കേന്ദ്രം ഭരിച്ച കോൺഗ്രസ് 2013 നവംബർ 13നു കൊണ്ടുവന്ന നിർമാണ നിരോധന ഉത്തരവ് കടുത്ത ആഘാതമാണ് ജില്ലയിൽ ഉണ്ടാക്കിയത്. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുന്ന ലജ്ജാകരമായ കാഴ്ചയാണ് കോൺഗ്രസിന്റെ സമരത്തിലൂടെ പുറത്തു വരുന്നതെന്നും സെക്രട്ടേറിയറ്റ് യോഗം ആരോപിച്ചു. ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അധ്യക്ഷനായിരുന്നു.