അരിക്കൊമ്പൻ അരങ്ങൊഴിഞ്ഞപ്പോൾ കളം പിടിച്ച് ചക്കക്കൊമ്പൻ; ജനം ഭീതിയിൽ
Mail This Article
രാജകുമാരി∙ അരിക്കൊമ്പൻ പോയപ്പോൾ കാട്ടിലും നാട്ടിലും ഭീഷണിയായി ചക്കക്കൊമ്പൻ . കഴിഞ്ഞ ദിവസം ആനയിറങ്കൽ തങ്കക്കുഴിക്ക് സമീപം 3 വയസിലധികം പ്രായമുള്ള കുട്ടിക്കൊമ്പൻ ചെരിഞ്ഞത് ചക്കക്കൊമ്പന്റെ ആക്രമണത്തെ തുടർന്നാണെന്നു വനം വകുപ്പ് അധികൃതർ. കഴിഞ്ഞ ദിവസങ്ങളിൽ ചിന്നക്കനാൽ–സിങ്കുകണ്ടം റോഡിൽ സിമന്റു പാലത്തിന് സമീപം തമ്പടിച്ച ചക്കക്കൊമ്പൻ ഏറെ സമയത്തിന് ശേഷമാണ് പിൻമാറിയത്. പല ദിവസങ്ങളിലും ചക്കക്കൊമ്പൻ റോഡിലും ജനവാസ മേഖലകളിലുമിറങ്ങുന്നതിനാൽ യാത്രക്കാരും നാട്ടുകാരും ആശങ്കയിലാണ്. ചിന്നക്കനാലിലെ സ്പെഷൽ ആർആർടി അംഗങ്ങൾക്കും ചക്കക്കൊമ്പൻ തലവേദനയായി.
2023 ഏപ്രിൽ 29 ന് അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി കാടു മാറ്റുന്നത് വരെ ചക്കക്കൊമ്പൻ, മുറിവാലൻ കൊമ്പൻ എന്നീ ഒറ്റയാൻമാർ ജനവാസ മേഖലകളിലിറങ്ങി കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നില്ല. ജനവാസ മേഖലകളിലിറങ്ങി വീടുകളും കടകളും തകർക്കുന്നതിൽ മുൻപിൽ അരിക്കൊമ്പൻ തന്നെയായിരുന്നു. അരിക്കൊമ്പനെ കാടു മാറ്റിയതോടെ ഇൗ ദൗത്യം ചക്കക്കൊമ്പൻ ഏറ്റെടുത്തതു പോലെയാണെന്ന് നാട്ടുകാർ പറയുന്നു. അരിക്കൊമ്പനെ കാടു കടത്തിയതു കൊണ്ടു മാത്രം കാട്ടാന ശല്യം പരിഹരിക്കാനാവില്ലെന്നും ഒരു ഒറ്റയാൻ പോയാൽ മറ്റൊരു ഒറ്റയാൻ ആ സ്ഥാനത്തെത്തുമെന്നും ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയും കണ്ടെത്തിയിരുന്നു.
കൊലവിളിയുമായി ‘എട്ടു കൂട്ടം’
ചക്കക്കൊമ്പൻ, മുറിവാലൻ കൊമ്പൻ എന്നീ ഒറ്റയാന്മാരെ കൂടാതെ 16 കാട്ടാനകളാണ് ആനയിറങ്കൽ വനമേഖലയിലുള്ളത്. ഇതിൽ 2 മുതൽ 10 വയസ്സ് വരെ പ്രായമുള്ള 4 കാെമ്പൻമാരും 12 പിടിയാനകളും ഉൾപ്പെടുന്നു. ഇതിൽ തന്നെ എട്ടു കൂട്ടം എന്ന് നാട്ടുകാർ വിളിക്കുന്ന 8 പിടിയാനകളുടെ സംഘം പ്രദേശവാസികളുടെ പേടിസ്വപ്നമാണ്. 2023 ജനുവരി 25 ന് പന്നിയാറിന് സമീപം വച്ച് വനം വകുപ്പ് വാച്ചർ ശക്തിവേലിനെ(52) കൊലപ്പെടുത്തിയത് ഇൗ സംഘമാണ്. കുട്ടിയാന കൂടെയുള്ളതിനാൽ ഇൗ പിടിയാനക്കൂട്ടം കൂടുതൽ അക്രമാസക്തരാണെന്നും ജാഗ്രത വേണമെന്നും വനം വകുപ്പ് വാച്ചർമാർ പറയുന്നു.