വികസനത്തിന്റെ ഇത്തിരിവട്ടത്തിൽ കറങ്ങി വട്ടവടക്കാർ; പുതിയ വീടുകൾ വരെ തകർച്ചയിൽ

Mail This Article
വിദൂരത്തിലുള്ള ഇടമലക്കുടിയിൽ ആദിവാസികൾക്കു പരിഗണനയോടെ പദ്ധതികൾ ലഭ്യമാകുന്നു. എന്നാൽ വട്ടവടയിലെ ആദിവാസി ഊരുകളിൽ സ്ഥിതി അതിദയനീയം. അധികൃതർ ആരും ഇവരെ തിരിഞ്ഞു നോക്കുന്നില്ല...
തൊടുപുഴ ∙ ലൈഫ് മിഷനിലെ പൂർത്തിയാകാത്ത വീടുകളെ കൂടാതെ വട്ടവടയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ആദിവാസികളുടെ ഉപജീവനം പ്രതിസന്ധിയിലാക്കുന്നു. സ്വന്തമായി തുക കണ്ടെത്താൻ കഴിയാത്തതിനാലാണു ലൈഫ് മിഷനിലെ വീടുകൾ പൂർത്തിയാക്കാൻ കഴിയാത്തതെന്നു വട്ടവട ആദിവാസി നഗറുകളിലെ താമസക്കാർ പറയുന്നു. കാർഷികവൃത്തിയും പതിച്ചുകിട്ടിയ വനഭൂമിയിലെ മരം വിൽക്കുന്നതുമാണ് ഇവിടത്തുകാരുടെ ഏക ആശ്രയം. ഇതിൽ നിന്നുള്ള തുക നിത്യ ചെലവുകൾക്ക് പോലും തികയില്ലെന്നതാണു യാഥാർഥ്യം. കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറികൾ കഴുതപ്പുറത്ത് കയറ്റിയാണ് കോവിലൂരിലെ ചന്തയിലെത്തിക്കുന്നത്. ചെലവേറുന്ന കൃഷിയിൽ പച്ചക്കറി സംഭരിക്കുന്നതുവരെ വലിയ ചൂഷണമാണ് ആദിവാസികൾ അനുഭവിക്കുന്നത്. ഇതെല്ലാം ഇവരുടെ ‘ലൈഫിലും’ കാണുന്നുണ്ട്.
പുതിയ വീടുകൾ തകർച്ചയിൽ
ലൈഫ് മിഷനിൽ പണി തുടങ്ങി പൂർത്തിയാകാത്ത വീടുകൾ തകർച്ചയിലാണ്. വട്ടവട പഞ്ചായത്തിലെ 5 കുടികളിലും ഇതാണ് അവസ്ഥ. മൂന്നു വർഷമായി പണി മുടങ്ങി കിടക്കുന്ന വീടുകളിൽ പണി പൂർത്തിയാക്കാനോ, അറ്റകുറ്റപ്പണി ചെയ്യാനോ കഴിയുന്നില്ല. പണി മുടങ്ങിയ വീടുകളിൽ കാടു കയറി തുടങ്ങിയിട്ടുണ്ട്. സിമന്റ് കട്ടിളയും ജനാലയുമാണു വച്ചിരിക്കുന്നത്. ഇരുമ്പ് തുരുമ്പെടുക്കുന്ന അവസ്ഥയിൽ വരെയെത്തി. മുടങ്ങിയ ഗഡുക്കൾ സർക്കാർ അനുവദിച്ചാൽ മാത്രമേ പണിയുമായി നഗറിലുള്ളവർക്കു മുന്നോട്ട് പോകാൻ സാധിക്കൂ എന്നതാണ് സ്ഥിതി.
ആവശ്യത്തിന് ശുചിമുറിയില്ലാത്ത നഗർ
ഇന്നും ആവശ്യത്തിനു ശുചിമുറിയില്ലാത്തതാണു വട്ടവടയിലെ ആദിവാസി നഗറുകളിലെ സ്ഥിതി. ലൈഫ് മിഷൻ വീടുകളിൽ പുറത്തു നിന്നു വാതിലുള്ള ശുചിമുറികളാണ് പണിതിരിക്കുന്നത്. ഒന്നിന്റെയും പണി പൂർത്തിയായിട്ടില്ല. ഇപ്പോൾ ടാർപോളിൻ ഷീറ്റ് മറച്ചാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ശുചിമുറി ഉപയോഗിക്കുന്നത്. ആരോഗ്യ–ശുചിത്വ പ്രശ്നങ്ങൾ ഒട്ടേറെയുള്ള ഊരിൽ തദ്ദേശ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ എത്തുന്നില്ലെന്നാണ് ആക്ഷേപം.

അങ്കണവാടിയിൽ ആളില്ല
വട്ടവടയിലെ പറശിക്കടവ് കുടിയിലെ (കീഴ്‌വത്സപ്പെട്ടി) 19–ാം നമ്പർ അങ്കണവാടി അടഞ്ഞുകിടക്കുന്നെങ്കിലും താക്കോൽ വാതിലിൽ വച്ചിരിക്കുന്നതാണു കുടിയിലെത്തിയപ്പോൾ കണ്ട കാഴ്ച. അങ്കണവാടിയിലെ വൈദ്യുതമീറ്റർ പൊട്ടിയതും ശരിയാക്കിയിട്ടില്ല. വട്ടവടയിൽ ആകെ 18 അങ്കണവാടികളാണ് പ്രവർത്തിക്കുന്നത്. ആദിവാസി നഗറുകളിലുള്ള 4 അങ്കണവാടികളിലും ഇതാണ് സ്ഥിതി. മൂലവള്ളം, സ്വാമിയാർഅള, കൂടല്ലാർ എന്നിവിടങ്ങളിലാണ് അങ്കണവാടിയുള്ളത്. കുടികളിലേക്ക് വഴിയില്ലാത്തതിനാൽ എത്തിപ്പെടാൻ കഴിയാത്തതാണു ജീവനക്കാരുടെ പ്രധാന പ്രശ്നം. ജീവനക്കാർ എത്താത്തതിനാൽ അങ്കണവാടികളിലെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് ആക്ഷേപം. എന്നാൽ പോഷൺ ട്രാക്കറിൽ അങ്കണവാടികളുടെ പ്രവർത്തനം കൃത്യമായി രേഖപ്പെടുത്തുന്നുണ്ടെന്നാണു ദേവികുളത്തെ ഐസിഡിഎസ് അധികൃതർ നൽകുന്ന വിശദീകരണം.

പ്രതീക്ഷയുടെ നാമ്പ് കൃഷിയിൽ
വട്ടവടയിൽ ബീൻസ്, വെളുത്തുള്ളി എന്നിവയെല്ലാം വൻതോതിലാണു കൃഷിയിറക്കുന്നത്. പൊന്നു വിളയുന്ന മണ്ണിൽ മഞ്ഞിറങ്ങുന്നതോടെ വിളവ് മികച്ചതാകും. കേരളത്തിന്റെ തന്നെ കാർഷിക വില്ലേജായിട്ടും വിപണന സാധ്യതകൾ മങ്ങുന്നതിന്റെ ഏറ്റവും കൂടുതൽ തിരിച്ചടി ആദിവാസികൾക്കാണ്. കഴുതപ്പുറത്തും ജീപ്പ് വാടകയ്ക്ക് വിളിച്ചു വൻതോതിൽ വണ്ടിക്കൂലി കൊടുത്തുമാണ് ഇവർ പച്ചക്കറി കോവിലൂർ മാർക്കറ്റിലെത്തിക്കുന്നത്. സർക്കാരിന്റേതായ സംഭരണ സംവിധാനങ്ങളൊന്നും നഗറുകളിലില്ല. ഇക്കാരണത്താൽ ഇടനിലക്കാരുടെ വലിയ ചൂഷണത്തിനാണു നഗറിലെ നിവാസികൾ ഇരയാകുന്നത്.