പാട്ടിന്റെ തണൽ പറ്റി യന്ത്രങ്ങൾപോലെ ഇവർ

Mail This Article
കണ്ണൂർ∙ തിളങ്ങുന്ന വെയിലിൽ അൽപം തണലുപറ്റി മുറംകൊണ്ടു നെല്ലുപാറ്റി അളന്നുമാറ്റിയിടുമ്പോൾ ലീലയുടെയും ചന്ദ്രികയുടെയും മുഖത്തു പടരുന്നതു വിയർപ്പു മാത്രമല്ല, പുഞ്ചിരി കൂടിയാണ്. കുറ്റ്യാട്ടൂരിൽ ഇപ്പോഴുമുണ്ട്, ഞാറ് നടാനും കളപറിക്കാനും നെല്ലും പതിരും മുറംകൊണ്ടു വേർതിരിക്കാനും പോകുന്ന പെണ്ണുങ്ങൾ. ദിവസക്കൂലി 500 മുതൽ 600 വരെ.
യന്ത്രങ്ങളെല്ലാം പാടങ്ങളിലെ ഈണത്തെ കയ്യേറിയപ്പോഴും ഈ സ്ത്രീകൾ തങ്ങൾ പഠിച്ചതൊന്നും മറന്നില്ല. അവരങ്ങനെ യന്ത്രംപോലെ പണിയെടുക്കുന്നു. വെയിൽ തിളച്ചുമറിയുമ്പോൾ പാട്ടിന്റെ തണൽവിരിക്കുന്നു.
കൊയ്ത്തുപാട്ടിന്റെതാളം കേൾക്കാം
വാക്കുകളിൽ ഈണം നിറച്ചാണു ചന്ദ്രിക പാട്ടുപാടുക. ആരാണ് ഇതു പഠിപ്പിച്ചതെന്നു ചോദിച്ചാൽ അൽപം ശബ്ദത്തിൽ ഒന്നുചിരിക്കും. പിന്നെ, കണ്ണുകൾ ഇറുക്കിയടച്ച്, സ്വകാര്യം പറയുന്നു മട്ടിൽ ‘ഇതെല്ലാം ഞാൻ തന്നെ ഉണ്ടാക്കുന്നതല്ലേ’ എന്നുപറയും.
‘പാടശേഖരത്തിലേക്കു പോകുന്ന വഴിക്ക് ആലോചിക്കും, ഇന്ന് ഇത്ര പേരുണ്ട്? പാടശേഖരത്തിന്റെ പേരെന്താണ് എന്നൊക്കെ. അങ്ങനെ, പാടശേഖരത്തിൽ ഇന്നു 12 പേർ കൊയ്യാനുണ്ടെന്ന വാചകമാണ്
‘പുന്നാരംപാടത്തെ പുഞ്ചവയലില്
നമ്മുടെ പാടശേഖരത്തില്
12 പേര്, ഞാൻ കൊയ്ത്തിനു പോയല്ലോ
നന്നായി കൊയ്ത്തു ഞാൻ നടത്തിയല്ലോ...’
എന്നു പാട്ടായി പാടുന്നത്. ഇടയ്ക്കു ചുവടുകളും വയ്ക്കും. ‘ഈ ജീവിതം ആസ്വദിച്ചു സന്തോഷിച്ചു ജീവിക്കേണ്ടേ?’ ചന്ദ്രികയുടെ വാക്കുകളിൽ വീണ്ടും ഈണം നിറഞ്ഞു.
മറക്കാത്ത കൃഷിമറയാത്ത കൃഷി
ചന്ദ്രിക ഈണത്തിൽ പാടുമ്പോൾ വെയിലോ ചൂടോ പ്രശ്നമായി തോന്നില്ലെന്നു ലീല പറയും. ഇരുവരും ചങ്ങാതികളാണ്. അയൽവാസികൾ. 73 വയസ്സായി ചന്ദ്രികയ്ക്ക്. ലീലയ്ക്ക് 62ഉം. പത്തു വയസ്സുള്ളപ്പോഴാണ് ഇരുവരും കൃഷിപ്പണിക്കു പോയിത്തുടങ്ങിയത്. കണ്ടം ഇളക്കിമറിക്കുന്നതു മുതൽ തുടങ്ങുന്ന പണി. ഞാറു നടലും കളപറിക്കലും വിത്തുവിതയ്ക്കലും വളമിടലും കൊയ്ത്തും മെതിയും അങ്ങനെയങ്ങനെ കൃഷി ഇവരുടെ ഉയിരും ഉലകവുമായി. ഇവരെപ്പോലെ അനേകരുണ്ടായിരുന്നു അക്കാലത്ത്.
പ്രത്യേകിച്ചും സ്ത്രീകൾ. പക്ഷേ, കാലംമാറിയതോടെ, കൃഷിപ്പണിക്ക് ആളെക്കിട്ടാതായി. കൃഷിസ്ഥലവും. ഉള്ള കൃഷിയിടത്തിലാകട്ടെ യന്ത്രങ്ങളുടെ ഇരമ്പൽ മാത്രമായി താളം. പക്ഷേ, ഇതൊന്നും ലീലയെയും ചന്ദ്രികയെയും തളർത്തിയില്ല. യന്ത്രങ്ങൾക്കൊപ്പം ഓടിയെത്താൻ അവരും യന്ത്രങ്ങളെപ്പോലെ പണിയെടുത്തു. ചന്ദ്രികയുടെ വാക്കുകളിൽ പറഞ്ഞാൽ, ‘കൃഷിയാണ് എല്ലാം. അതിനെ മറന്നുകൊണ്ടു ജീവിക്കുന്നതെങ്ങനെ’?
ലീലയെയും ചന്ദ്രികയെപ്പോലെ കുറ്റ്യാട്ടൂർ കൃഷിഭവനു കീഴിലുള്ള പാടശേഖരങ്ങളിൽ പത്തോളം സ്ത്രീകളാണ് ഇത്തരത്തിലുള്ള കൃഷിപ്പണികൾക്കു പോകുന്നത്. പാടശേഖരത്തിലെ കൃഷിപ്പണിക്കൊപ്പം ഇവർക്കെല്ലാം സ്വന്തമായി പച്ചക്കറിക്കൃഷിയും മറ്റുമുണ്ട്. വീട്ടാവശ്യത്തിനുള്ളതെങ്കിലും സ്വന്തമായി കണ്ടെത്തണമെന്നാണ് ഇവരുടെ വാശി. ആ വാശിക്കൊപ്പം മണ്ണും വിളയും ചേരുമ്പോൾ വിളവെടുക്കുന്നതു മുപ്പതോ അറുപതോ അല്ല, നൂറുമേനിയാണ്.
ഒറ്റയ്ക്കൊരു കൃഷിക്കാരി
13ാം വയസ്സിലായിരുന്നു കറുവാരക്കണ്ടി പുതിയപുരയിൽ ചന്ദ്രികയുടെ വിവാഹം. ഭർത്താവ് നാരായണൻ. കൂലിപ്പണിക്കൊപ്പം നാരായണൻ കൃഷിയും കൊണ്ടുനടന്നു. വീട്ടിലെ ജോലികൾക്കൊപ്പം കൃഷിയെ ചന്ദ്രികയും കൂട്ടുപിടിച്ചു. ‘6 മക്കളുണ്ട് എനിക്ക്. ആർക്കും കൃഷിയിൽ വല്യ താൽപര്യമില്ല. എനിക്കാകട്ടെ കൃഷിയല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാനുമാകില്ല. മണ്ണില്ലാതെ, കൃഷിയില്ലാതെ ജീവിതമില്ലല്ലോ’, ചന്ദ്രിക പറഞ്ഞു.
പാടശേഖരത്തിലെ കൃഷിയെക്കൂടാതെ ചന്ദ്രികയ്ക്കു സ്വന്തമായി 15 സെന്റ് സ്ഥലമുണ്ട്. അവിടെ കന്നി മാസത്തിൽ നെല്ലു വിളയിക്കും. നല്ല ബിരിയാണി അരി. അതിന്റെ വിളവെടുപ്പു കഴിഞ്ഞാൽ പിന്നെ പച്ചക്കറികളാണ്. വർഷം മുഴുവൻ കൃഷിയുള്ള ചന്ദ്രികയുടെ പാടശേഖരത്തിലേക്കു യന്ത്രങ്ങളൊന്നും ഇറങ്ങില്ലെന്നാണു മറ്റൊരു പ്രത്യേകത.
കൃഷിക്കായി വയൽ ശരിപ്പെടുത്തുന്നതു മുതൽ കൊയ്തെടുത്തു നെല്ലും പതിരും വേർതിരിച്ചു കറ്റ കൊടുക്കുന്നതുവരെയുള്ള ജോലികൾ ഒറ്റയ്ക്ക്, ഒരാളുടെയും സഹായമില്ലാതെ ചന്ദ്രിക ചെയ്യും. ഭർത്താവ് മരിച്ചതിനുശേഷമാണ് ഒറ്റയ്ക്കുള്ള ഈ കൃഷിപ്പണി. നീണ്ട 13 വർഷമായി ഇതിനു മുടക്കമില്ല. ‘ഞാനാണു യന്ത്രം. അതു നിൽക്കുന്നതുവരെ ഇതു തുടരും’, ചന്ദ്രിക പറഞ്ഞു.