ബാറിൽ കള്ളനോട്ട്: 2 പേരെക്കൂടി ചോദ്യം ചെയ്തു
Mail This Article
കണ്ണൂർ∙ നഗരത്തിലെ ബാറിൽ 500 രൂപയുടെ 5 കള്ളനോട്ടുകൾ നൽകിയ കേസിൽ 2 പേരെ പൊലീസ് ചോദ്യം ചെയ്തു. കാസർകോട് ചന്തേര പൊലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത പടന്ന സ്വദേശികളായ ഹാരിസ്, ഫിറോസ് എന്നിവരെയാണു ചോദ്യം ചെയ്തത്. കേസിൽ പയ്യന്നൂർ കണ്ടോത്തെ ഷിജു, പാടിയോട്ടുചാൽ ഏച്ചിലാംപാറയിലെ പി.പി.ശോഭ എന്നിവരെ കണ്ണൂർ ടൗൺ പൊലീസ് ഇൻസ്പെക്ടർ കെ.സി.സുഭാഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ശോഭയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണു പടന്ന സ്വദേശികളെ പൊലീസ് ചോദ്യം ചെയ്തത്. കാസർകോട് നീലേശ്വരം സ്വദേശി മുനീറിനെയും കഴിഞ്ഞദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു.അതേസമയം, പയ്യന്നൂരിലെ ദേശാസാൽകൃത ബാങ്കിൽ കഴിഞ്ഞദിവസം അടയ്ക്കാൻ കൊണ്ടുവന്ന നോട്ടുകളിൽ 500 രൂപയുടെ 3 കള്ളനോട്ടുകൾ കണ്ടെത്തി. ഇതിലൊന്ന്, കണ്ണൂരിൽ പൊലീസ് പിടികൂടിയ അതേ സീരീസിലുള്ളതാണ്.
3 കള്ളനോട്ടുകളും പൊലീസിനു കൈമാറിയതായാണു ബാങ്ക് ജീവനക്കാർ പറയുന്നത്. ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നഗരത്തിലെ ബാറിൽ 2,600 രൂപയുടെ ബിൽ അടയ്ക്കാനായി 500 രൂപയുടെ 5 കള്ളനോട്ടുകൾ നൽകിയപ്പോഴാണു പയ്യന്നൂർ കണ്ടോത്തെ വാഹന മെക്കാനിക്കായ ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്നു ചീമേനിയിലെ ഡ്രൈവിങ് സ്കൂൾ ജീവനക്കാരി ശോഭയും പിടിയിലായി.