തലശ്ശേരി–മാഹി ബൈപാസ്: ഈസ്റ്റ് പള്ളൂരിൽ അടിപ്പാത വരും; സിഗ്നൽ ഒഴിവാക്കും
Mail This Article
മാഹി∙ തലശ്ശേരി–മാഹി ബൈപാസിൽ ഈസ്റ്റ് പള്ളൂർ സിഗ്നൽ പോസ്റ്റിൽ അടിപ്പാത നിർമിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് ദേശീയപാതാ വിഭാഗം പ്രോജക്ട് ഡയറക്ടർ അശ്രുതോഷ് സിങ് പറഞ്ഞു. അടിപ്പാത വരുന്ന മുറയ്ക്ക് സിഗ്നൽ ഒഴിവാക്കും. രമേശ് പറമ്പത്ത് എംഎൽഎയുടെ നേതൃത്വത്തിലുള്ള സംഘത്തിനൊപ്പം സിഗ്നൽ പോസ്റ്റ് സന്ദർശിച്ച ശേഷമാണ് നിലപാട് വ്യക്തമാക്കിയത്. 3 മരണം ഉൾപ്പെടെ ഒട്ടേറെ അപകടങ്ങൾ തുടർച്ചയായി നടന്നതിനെത്തുടർന്നാണ് സംഘം സിഗ്നൽ പ്രദേശം സന്ദർശിച്ചത്.
ബൈപാസിൽ ഇരുഭാഗത്തും സിഗ്നൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും, സിഗ്നൽ സംവിധാനത്തിൽ ശാസ്ത്രീയമായ മാറ്റങ്ങൾ നടപ്പാക്കും, തെരുവുവിളക്കുകൾ സ്ഥാപിക്കും, സർവീസ് റോഡ് നിർമാണം ഉടൻ പൂർത്തിയാക്കും. അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ, മാഹി മരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ കണ്ണൻ, അസി.എൻജിനീയർ അനൂപ്, മാഹി എസ്പി ജി.ശരവണൻ, സിഐ ഷണ്മുഖൻ, പാർട്ടി നേതാക്കളായ വടക്കൻ ജനാർദനൻ, ടി.കെ.ഗംഗാധരൻ, കെ.പി.സുനിൽ കുമാർ, പി.പി.വിനോദൻ, കെ.ഹരീന്ദ്രൻ, കെ.സുരേഷ്, എ.ദിനേശൻ, കെ.പി.മനോജ് എന്നിവർ പങ്കെടുത്തു.