ഉച്ച കഴിഞ്ഞോ? ചികിത്സയില്ല ! സായാഹ്ന ഒപി മുടങ്ങിയത് 46 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ

Mail This Article
പയ്യന്നൂർ ∙ ജില്ലയിൽ 46 കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 3 മാസമായി സായാഹ്ന ഒപി മുടങ്ങി കിടക്കുന്നു. കലക്ടറുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നു തദ്ദേശസ്ഥാപന അധികൃതർ പറയുന്നു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപി നടത്താനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ്. സായാഹ്ന ഒപിയിലേക്കു ഡോക്ടറെ നിയമിക്കേണ്ടതും ശമ്പളം നൽകേണ്ടതും തദ്ദേശ സ്ഥാപനങ്ങളാണ്. ഇതിനുള്ള ഗ്രാന്റ് സർക്കാർ നൽകുന്നുണ്ട്.സായാഹ്ന ഒപിയിലേക്ക് ഇന്റർവ്യൂ വിവരം പത്രങ്ങളിൽ വാർത്ത നൽകി അതതു തദ്ദേശ സ്ഥാപനങ്ങൾ ഇന്റർവ്യൂ നടത്തിയാണു ഡോക്ടർമാരെ നിയമിക്കാറുള്ളത്.
പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, മെഡിക്കൽ ഓഫിസർ എന്നിവർ ഉൾപ്പെട്ടതായിരുന്നു ഇന്റർവ്യൂ ബോർഡ്. ഇവർ നിയമനം നടത്തിയാൽ അക്കാര്യം കലക്ടറെ രേഖാമൂലം അറിയിക്കുകയാണു പതിവ്. എന്നാൽ സർക്കാരിന്റെ പുതിയ ഉത്തരവനുസരിച്ചു കലക്ടറുടെ പ്രതിനിധിയായി ഡപ്യൂട്ടി കലക്ടറുടെ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ ഇന്റർവ്യൂ ബോർഡിൽ ഉണ്ടാകണം. കലക്ടറുടെ പ്രതിനിധിക്കു വേണ്ടി പഞ്ചായത്ത് സെക്രട്ടറിമാർ കലക്ടർക്ക് അപേക്ഷ നൽകിയിട്ട് 3 മാസമായി. എന്നാൽ ഇതുവരെ അതിനു മറുപടി ലഭിച്ചില്ല. അതേസമയം, മറ്റു ജില്ലകളിൽ കലക്ടറുടെ പ്രതിനിധി ഉൾപ്പെട്ട ഇന്റർവ്യൂ ബോർഡ് നേരത്തെ തന്നെ സജീവമായിരുന്നു.
ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെയാണു പഞ്ചായത്തിന്റെ ചെലവിൽ സായാഹ്ന ഒപി പ്രവർത്തിപ്പിക്കുന്നത്. ഇതിനായി പഞ്ചായത്ത് ഫാർമസിസ്റ്റ്, നഴ്സിങ് ഓഫിസർ, ലാബ് ടെക്നിഷ്യൻ എന്നിവരെയും താൽക്കാലികമായി നിയമിക്കണം. ഈ നിയമനങ്ങളെല്ലാം നടത്തിയിട്ടു ഡോക്ടറെ നിയമിക്കാൻ കഴിയാത്ത സ്ഥിതിയിലാണു തദ്ദേശ സ്ഥാപന അധികൃതർ. പല പേരിലും അറിയപ്പെട്ടിരുന്ന ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒപി കൂടി വന്നതോടെയാണ് ഇവയുടെ പേരു കുടുംബാരോഗ്യ കേന്ദ്രമായി മാറിയത്. വൈകിട്ട് 6 വരെ ഗ്രാമങ്ങളിൽ ഡോക്ടർമാരുടെ സേവനം ലഭിക്കുന്നതു വിവിധ തൊഴിൽ മേഖലകളിലുള്ളവർക്കു വലിയ ആശ്വാസമായിരുന്നു.