പറഞ്ഞുപറ്റിക്കല്ലേ സാറേ; ഒരു തൂപ്പുജോലിയെങ്കിലും കിട്ടുമെന്നു കരുതിയിരുന്നു...പക്ഷേ...

Mail This Article
‘ആന കൊന്നവരുടെ കുടുംബത്തിലെ ഒരാൾക്കു ജോലി നൽകുമെന്ന് ഉദ്യോഗസ്ഥരും മന്ത്രിയും എംഎൽഎയുമൊക്കെ പറഞ്ഞതുകേട്ടു നടക്കാൻ തുടങ്ങിയിട്ട് ആറു കൊല്ലമായി. ഓഫിസുകൾ കയറി മടുത്തു എന്നല്ലാതെ എനിക്കോ മക്കൾക്കോ ജോലി ലഭിച്ചില്ല. ഒരു തൂപ്പുജോലിയെങ്കിലും കിട്ടുമെന്നു കരുതിയിരുന്നു.. ഇപ്പോൾ ഞാൻ തൊഴിലുറപ്പിനു പോകും, മോൻ ഓട്ടോയോടിക്കും...’.
ആറളം ഫാം പുനരധിവാസമേഖലയിലെ ജനവാസകേന്ദ്രത്തിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ബ്ലോക്ക് 10ലെ പൂക്കുണ്ടിൽ ചപ്പിലി കൃഷ്ണന്റെ ഭാര്യ സുജിതയ്ക്ക് (48) ഇപ്പോൾ പ്രതീക്ഷയൊന്നുമില്ല. കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതരെ അനുനയിപ്പിക്കാൻ എപ്പോഴും നൽകുന്നൊരു ഉറപ്പാണ് – ആശ്രിതനിയമനം. ഏറ്റവുമൊടുവിൽ മരിച്ച ബ്ലോക്ക് 13 കരിക്കൻമുക്കിലെ വെള്ളി– ലീല ദമ്പതികളുടെ ആശ്രിതർക്കും കിട്ടിയിട്ടുണ്ട് ഇതുപോലൊരു വാക്ക്.
ഒരിക്കലും നടപ്പാക്കേണ്ടതില്ലെന്നു ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും അറിയുന്നൊരു കാര്യം. ആനക്കലിക്ക് വീണ്ടുമൊരാൾ ഇന്നലെയും ഇരയായി. കലിയിളകി നടക്കുന്ന ആനകൾക്കു മുന്നിൽനിന്ന് ഇവിടെയുള്ള നിസ്സഹായരായ മനുഷ്യരെ ആരു രക്ഷിക്കുമെന്നതിന് ആർക്കും ഉത്തരമില്ല.
ആറളത്തെ വഞ്ചിക്കപ്പെട്ട ജനത ഉയർത്തെഴുന്നേൽപിന്റെ പാതയിലാണ്. ഇനിയുമൊരു ജീവൻ ആനക്കലിക്കിരയായാൽ വെറുംവാക്കുകൊണ്ട് അവരെ ആശ്വസിപ്പിക്കാനാവില്ല. വെള്ളി– ലീല ദമ്പതികളുടെ മരണത്തെത്തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിന്റെ ചൂട് മന്ത്രി എ.കെ.ശശീന്ദ്രനും നേതാക്കളും അറിഞ്ഞിട്ടുണ്ട്. അന്ന് മന്ത്രി നൽകിയ ‘നടപ്പാക്കുന്ന വാക്കേ ഞാൻ നൽകൂ’ എന്ന ഉറപ്പിൽ ശാന്തരായിരിക്കുകയാണ് ഇവിടെയുള്ളവർ. 11 കൊല്ലത്തിനിടെ കൂടെയുള്ള 14 പേരെ കാട്ടാന കൊന്നതിനു സാക്ഷിയാകേണ്ടി വന്നവരാണ് ഇവിടെയുള്ള ആദിവാസി വിഭാഗം.
ഇന്നലെയും ആന വന്നു
‘വൈകിട്ട് ആറുമണിയായാൽ വീടിനു പുറത്തിറങ്ങാൻ കഴിയില്ല. അപ്പോഴേക്കും മകൻ ഓട്ടോയുമായി വീട്ടിലേക്കു വരും. എങ്ങാനും വഴിയിൽപ്പെട്ടാൽ ആന തീർത്തതുതന്നെ. ഈ വഴിയിലിട്ട് അച്ഛനെ ആന കൊന്നത് കണ്ടവനാണ് അവൻ. പേടിയോടെയാണ് എപ്പോഴും പുറത്തിറങ്ങുക. ഇന്നലെയും ആന വന്ന് ആ കാണുന്ന വാഴ കുത്തിയിട്ടു. എപ്പോഴാണ് അതിനി ഞങ്ങളുടെ നേരെ തിരിയുക എന്നു പറയാൻ കഴിയില്ല. ആനയുടെ മുന്നിൽപ്പെടാതെ കഴിയണേ എന്നുമാത്രമാണു പ്രാർഥന’– സുജിത പറഞ്ഞു.

2018 ഡിസംബർ എട്ടിന് ഉച്ചയ്ക്കാണു സുജിതയുടെ ഭർത്താവ് കൃഷ്ണനെ ആന റോഡിലിട്ടു ചവിട്ടിക്കൊന്നത്. തൊഴിലുറപ്പു ജോലി ചെയ്യുന്നതിനിടെ ചിന്നംവിളി കേട്ട് ഓടിയെത്തിയതാണ് കൃഷ്ണൻ. വീട്ടുമുറ്റത്തുണ്ടായിരുന്ന ആനയെ തുരത്തി കുടുംബാംഗങ്ങളെ സുരക്ഷിതമായ മറ്റൊരു വീട്ടിലേക്കു മാറ്റിയ ശേഷം കീഴ്പ്പള്ളി - വളയംചാൽ റോഡിലെ വഴിയാത്രക്കാർക്കു മുന്നറിയിപ്പു നൽകുന്നതിനിടെ ആന പാഞ്ഞടുത്തു.
റോഡിലൂടെ സ്കൂൾ കുട്ടികളടക്കമുള്ളവരുമായി വാഹനങ്ങൾ വരുന്ന സമയത്താണു മോഴയാന കലിതുള്ളി എത്തിയത്. കൃഷ്ണനും സുഹൃത്ത് മനോജും ആളുകളോട് ഓടിമാറാൻ പറയുമ്പോഴായിരുന്നു അപ്രതീക്ഷിത ആക്രമണം.
‘രണ്ടുതവണയാണു ഞാൻ രക്ഷപ്പെട്ടത്’
‘അന്ന് ചെറിയച്ഛൻ ദാമുവിനൊപ്പം ഞാനും മരിക്കേണ്ടതായിരുന്നു. തുമ്പിക്കൈ കൊണ്ടു പിടിച്ചപ്പോൾ എന്റെ കുപ്പായത്തിലാണു പിടികിട്ടിയത്. അതുകൊണ്ടു മാത്രം രക്ഷപ്പെട്ടു. ഇപ്പോൾ ഞാനും ഭാര്യ അമ്പിളിയും രക്ഷപ്പെട്ടതും തലനാരിഴയ്ക്ക്. അവളെ തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞു.

റോഡിലെ ഇറക്കത്തിലായതുകൊണ്ട് ഓടിയെത്തിയ ആനയ്ക്കു നിൽക്കാൻ കഴിഞ്ഞില്ല. അതുകൊണ്ടാണ് ഞങ്ങളിപ്പോൾ ജീവനോടെയിരിക്കുന്നത്’– മാർച്ച് ഒന്നിനു രാവിലെ ജോലിക്കു പോകുമ്പോൾ ആനക്കലിക്കു മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട 13ാം ബ്ലോക്കിലെ പുതുശ്ശേരി ഷിജു പറഞ്ഞു. പരിയാരം മെഡിക്കൽ കോളജ്, ഇരിട്ടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ ചികിത്സയ്ക്കു ശേഷം ഇന്നലെയാണ് ഷിജുവും അമ്പിളിയും വീട്ടിലെത്തിയത്.
ടാറിങ് കമ്പനിയുടെ ലോറി ഡ്രൈവറാണ് ഷിജു. അവിടെ തൊഴിലാളികൾക്ക് ഭക്ഷണമുണ്ടാക്കുന്ന ജോലിയാണ് അമ്പിളിക്ക്. രാവിലെ ബൈക്കിൽ പോകുമ്പോഴാണ് ആനയ്ക്കു മുന്നിൽപ്പെട്ടത്. ബൈക്കിന്റെ ശബ്ദം കേട്ട് ഇറക്കത്തിൽ ആന ഓടിവരികയായിരുന്നു. പെട്ടെന്ന് ബൈക്ക് തിരിക്കാൻ കഴിഞ്ഞില്ല. ഷിജു ബൈക്കിലിരുന്നു. അമ്പിളി താഴേക്ക് ഓടി. ഓടിവന്ന ആനയ്ക്ക് ബൈക്കിനടുത്തു നിൽക്കാൻ കഴിഞ്ഞില്ല. പിൻകാലുകൊണ്ട് തൊഴിച്ചപ്പോൾ ബൈക്കും ഷിജുവും തെറിച്ചുവീഴുകയായിരുന്നു.
തൊട്ടപ്പുറത്തെ വീട്ടിലേക്കു കയറി രക്ഷപ്പെടാൻ ഓടിയ അമ്പിളി റോഡിൽ വീണു. ആനയെത്തി തുമ്പിക്കൈകൊണ്ട് എടുത്തെറിഞ്ഞു. മൂന്നുമീറ്ററോളം ഉയരത്തിൽ പൊങ്ങി വീഴുകയായിരുന്നു. കൈകാലുകളുടെ എല്ലും താടിയെല്ലും പൊട്ടി. കാലിനു പ്ലാസ്റ്ററിട്ടിരിക്കുകയാണ്.
2022ൽ ആണ് ഷിജു ആനയ്ക്കുമുന്നിൽ നിന്ന് ആദ്യം രക്ഷപ്പെട്ടത്. അച്ഛന്റെ അനുജൻ ദാമു, കൂട്ടുകാർ എന്നിവർക്കൊപ്പം വിറകുശേഖരിക്കാൻ ഏഴാം ബ്ലോക്കിൽ പോയതായിരുന്നു. നല്ല മഴയായതിനാൽ ആനയെ കണ്ടില്ല. എല്ലാവരും പലവഴിക്ക് ഓടി. കുറച്ചു കഴിഞ്ഞ് അന്വേഷിച്ചപ്പോഴാണ് ദാമു ആനയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടത്. അന്നും കുടുംബത്തിലെ ഒരാൾക്ക് ജോലി വാഗ്ദാനമുണ്ടായിരുന്നു. നഷ്ടപരിഹാരം ലഭിച്ചു. ജോലി ലഭിച്ചില്ല. ‘ദിവസം 1500 രൂപ കൂലി കിട്ടിയിരുന്നു എനിക്ക്. ഇനി രണ്ടു മാസമെങ്കിലും പണിക്കുപോകാൻ കഴിയില്ല. എങ്ങനെ ജീവിക്കുമെന്ന് അറിയില്ല’– നിറകണ്ണുകളോടെ ഷിജു പറഞ്ഞു.
ആറളത്ത് ഇന്നലെയുമുണ്ടായി കാട്ടാന ആക്രമണം.ആന എടുത്തെറിഞ്ഞ ചെത്തുതൊഴിലാളി ഗുരുതര പരുക്കുമായി വെന്റിലേറ്ററിലാണ്. ഈ മാസം ഒന്നിനു 13ാം ബ്ലോക്കിൽ കാട്ടാനയുടെ മുന്നിൽപെട്ട പുതുശ്ശേരി ഷിജുവും ഭാര്യ അമ്പിളിയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഫാമിൽ കഴിഞ്ഞ 23ന് ആണ് വെള്ളി–ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നത്. ആനക്കലിയിൽ തീരുന്ന ജീവനുകൾ നിത്യസംഭവമാകുമ്പോഴും പാലിക്കാത്ത വാഗ്ദാനങ്ങളല്ലാതെ പ്രശ്നത്തിന് ശാശ്വത പരിഹാരമില്ല. ആറളത്തെ നിസ്സഹായരായ മനുഷ്യരുടെ ഭീതിയും കണ്ണീരും പങ്കുവയ്ക്കുന്ന പരമ്പര ഇന്നുമുതൽ .