തൊടുപുഴയിലെ ക്വട്ടേഷൻ കൊലപാതകം: ബിജുവും ജോമിനും പരിചയക്കാർ; കൊലപാതകത്തിന്റെ ഞെട്ടലിൽ ചെറുപുഴ
Mail This Article
ചെറുപുഴ ∙തൊടുപുഴ ചെത്തിമറ്റത്തെ കോലാനി ബിജു ജോസഫിനെ കൊലപ്പെടുത്തിയ കേസിലെ ക്വട്ടേഷൻ സംഘത്തിൽ ചെറുപുഴ കന്നിക്കളം സ്വദേശി കളരിക്കൽ ജോമിൻ കുര്യൻ (25) പ്രതിയായതിന്റെ ഞെട്ടലിൽ മലയോരം. ജോമിൻ നേരത്തേ ചെറുപുഴ ടൗണിൽ ഗുഡ്സ് ഓട്ടോറിക്ഷ ഓടിച്ചിരുന്നു. കാസർകോട് ജില്ലയിലെ ഭീമനിയിൽനിന്നാണു ജോമിനും കുടുംബവും കന്നിക്കളത്ത് എത്തിയത്. വാടക വീട്ടിലായിരുന്നു താമസം.
കൊല്ലപ്പെട്ട ബിജു ജോസഫും മറ്റും ചേർന്നു ചെറുപുഴ പുതിയപാലത്തിനു സമീപം മൊബൈൽ ഫ്രീസറും അനുബന്ധ ഷോപ്പും നടത്തിയിരുന്നു. ഇവിടെ ജോമി ജോലി ചെയ്തിരുന്നു. ഇവിടെ വച്ചാണു ബിജുവും ജോമിനും പരിചയത്തിലാകുന്നത്. നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം പൂട്ടി ബിജു പിന്നീട് തൊടുപുഴയിലേക്കു മടങ്ങി. ഈ സമയം ജോമിനും ബിജുവിനൊപ്പം തൊടുപുഴയിലേക്ക് പോയി. 2 മാസം ജോമിൻ അവിടെ ജോലി ചെയ്തു. ജോലി ചെയ്ത വകയിൽ ബിജു ജോമിനു പണം നൽകാനുണ്ടെന്നു പറയപ്പെടുന്നു. ജോമിൻ ക്വട്ടേഷൻ സംഘത്തിൽ ഉൾപ്പെടാൻ ഇതാണോ കാരണമെന്നു സംശയമുണ്ട്.