ഒരു പാലമിട്ടാൽ.. നീണ്ടകര പാലത്തിന് നാളെ 50 വയസ്സ്

Mail This Article
50 വർഷത്തെ നീണ്ട ചരിത്രവും പേറി നീണ്ടുനിവർന്നുകിടക്കുകയാണ് നീണ്ടകരപ്പാലം. ബ്രിട്ടീഷുകാരുടെ കാലത്ത് ഇവിടെ പണികഴിപ്പിച്ച സേതുലക്ഷ്മീഭായി പാലത്തിന് കേരളത്തിലെ കരഗതാഗതത്തിന്റെ ചരിത്രത്തിൽ തന്നെ നിർണായക സ്ഥാനമുണ്ട്. ഇതിനു സമാന്തരമായി നിർമിച്ച, ഇപ്പോഴത്തെ നീണ്ടകരപ്പാലം 1972 ജനുവരി 24ന് ആണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. നാളെ പാലത്തിന് 50 വയസ്സ് പൂർത്തിയാകും. കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കി ദിവസങ്ങൾക്കകം നീണ്ടകരപ്പാലത്തിന്റെ കോൺട്രാക്ടറോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച, യുവത്വത്തിന്റെ ആവേശത്തോടെ പാലം നിർമാണപ്രവൃത്തികളിൽ ഭാഗമായ പട്ടത്താനം സ്വദേശി എം.ബി.ബെർട്ടിക്ക് ഇപ്പോൾ 73 വയസ്സ്. ഇപ്പോൾ കൊച്ചിയിൽ താമസിക്കുന്ന അദ്ദേഹം, നീണ്ടകരയിൽ പുതിയ പാലം വന്ന കാലത്തെ ഓർമകളിലേക്ക് പാലമിറങ്ങുന്നു.
ഫസ്റ്റ് ഇയറിൽ കണ്ട ഫൗണ്ടേഷൻ
ദേശീയപാതയുടെ റീ അലൈൻമെന്റിന്റെ ഭാഗമായി 1968 ലാണ് പുതിയ പാലം നിർമിക്കാൻ തീരുമാനിച്ചത്. പുതിയ നീണ്ടകരപ്പാലത്തിന് നിർമാണം തുടങ്ങുമ്പോൾ ഞാൻ ടികെഎം എൻജിനീയറിങ് കോളജ് വിദ്യാർഥിയാണ്. പാലത്തിന്റെ ഫൗണ്ടേഷൻ നിർമാണമൊക്കെ ഞങ്ങളെ കോളജിൽ നിന്ന് കൊണ്ടുവന്നു കാണിച്ചിരുന്നു. എൻജിനീയറിങ് പഠനം പൂർത്തിയാക്കി ആഴ്ചകൾക്കകം ഈ പാലത്തിന്റെ തന്നെ നിർമാണപ്രവർത്തനത്തിൽ ഭാഗമാകാൻ സാധിച്ചു.
‘കോൺട്രാക്ടറുടെ വർക്സ് എൻജിനീയറായിരുന്നു ഞാൻ. കൂർഗ് സ്വദേശിയായ പൂവയ്യ ആയിരുന്നു കോൺട്രാക്ടറുടെ റസിഡന്റ് എൻജിനീയർ. വിജയവാഡയിൽ നിന്നുള്ള ‘നാഗഭൂഷണം’ കമ്പനിക്കായിരുന്നു കോൺട്രാക്ട്. 1970 സെപ്റ്റംബർ മുതൽ ഉദ്ഘാടനം നടക്കുന്ന 72 ഫെബ്രുവരി വരെ ഞാൻ ഇവിടെ ജോലി ചെയ്തു. ഞാൻ ജോലിയിൽ പ്രവേശിക്കുമ്പോൾ ആറ് ബീമുകളിൽ രണ്ട് എണ്ണം പൂർത്തിയായിരുന്നു. തുടർന്നുള്ള എല്ലാ പ്രവൃത്തികളിലും തൊഴിലാളികൾക്കൊപ്പം നിന്ന് മേൽനോട്ടം വഹിക്കാനായി.’
ആവേശം നിറഞ്ഞ കോൺക്രീറ്റിങ്
സാധാരണ ദിനങ്ങളിൽ 100– 150 തൊഴിലാളികളും കോൺക്രീറ്റിങ് ഉള്ള ദിനങ്ങളിൽ 250 വരെ തൊഴിലാളികളും പാലത്തിനായി പണിയെടുത്തിരുന്നു. 90 അടിയോളം നീളവും നല്ല കനവുമുള്ള സ്‌ലാബിന്റെ കോൺക്രീറ്റിങ്ങൊക്കെ വലിയ ജോലിയായിരുന്നു. പ്രവൃത്തി തുടങ്ങിയാൽ എത്ര വൈകിയാലും അന്നു തന്നെ തീർത്തേ പറ്റൂ. പ്രീസ്ട്രെസ്ഡ് കോൺക്രീറ്റ് നിർമാണ രീതിയാണ് നിർമാണത്തിന് ഉപയോഗിച്ചത്. അന്ന് ഇത് താരതമ്യേന പുതിയ സാങ്കേതിക വിദ്യയായിരുന്നു. കോൺക്രീറ്റ് മിക്സറുകളും വൈബ്രേറ്റ് ചെയ്യിക്കാനുള്ള യന്ത്രങ്ങളുമൊക്കെ അന്ന് അത്ര സുലഭമല്ലെങ്കിലും അതെല്ലാം കമ്പനി എത്തിച്ചിരുന്നു. സാങ്കേതികമായി നല്ല സൗകര്യങ്ങൾ ഉള്ള കോൺട്രാക്ടർ ആയിരുന്നു. ഒരു ബാഗ് സിമന്റിന്റെ പോലും അഴിമതി നടന്നിട്ടില്ല.

അന്ന് കോൺട്രാക്ടറുടെ ഭാഗത്തു നിന്ന് ജോലി ചെയ്യുകയും പിന്നീട് സർക്കാർ ജീവനക്കാരനാകുകയും ചെയ്ത ഒരാളെന്ന നിലയിൽ എനിക്കത് ഉറപ്പിച്ചു പറയാനാകും. (പാലത്തിന്റെ നിർമാണം പൂർത്തിയായ കാലഘട്ടത്തിൽ തന്നെ പിഎസ്‌സി നിയമനം ലഭിച്ച ബെർട്ടി വാട്ടർ അതോറിറ്റി ചീഫ് എൻജിനീയറായാണ് വിരമിച്ചത്). റസിഡന്റ് എൻജിനീയറായിരുന്ന പൂവയ്യയും അന്നത്തെ പിഡബ്ല്യുഡി ഉദ്യോഗസ്ഥരുമൊക്കെ എല്ലാ ദിവസവും സൈറ്റ് സന്ദർശിച്ചിരുന്നു. 50 വർഷം കഴിഞ്ഞിട്ടും അതിന് ഒരു പോരായ്മയും ഇല്ലാത്തിന്റെ കാരണം ഇത്തരത്തിൽ ഒട്ടേറെപ്പേരുടെ ആത്മാർഥതയാണ്. (പാലത്തിന്റെ നിർമാണത്തിന്റെ സാരഥ്യം വഹിച്ചിരുന്ന റിട്ട. ചീഫ് എൻജിനീയർ പി.പി. തോമസ് ഉൾപ്പെടെ പലരും സമീപകാലത്താണ് ഓർമയായത്.)
പഴയ പാലം പോലെ വേണം, ഇനി വരുന്ന പാലവും
പഴയ പാലത്തിനു സമാന്തരമായിട്ടാണ് ഇപ്പോഴുള്ള പാലം നിർമിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച ഒരു എൻജിനീയറിങ് അദ്ഭുതമായിരുന്നു പഴയ പാലം. ഇപ്പോഴുള്ള പാലം പൂർത്തിയാക്കി രണ്ടു വർഷം കഴിഞ്ഞാണ് പഴയ പാലം പൊളിക്കുന്നത്. ഒരു സ്മാരകമായി നിലനിർത്തിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. മട്ടാഞ്ചേരിപ്പാലത്തെപ്പോലെ ഒരു ഭാഗം ഉയർത്താൻ കഴിയുന്ന (സ്പാൻ ലിഫ്റ്റ്) രീതിയിലുള്ള പാലമായിരുന്നു പഴയത്. ഇപ്പോഴുള്ള നീണ്ടകരപ്പാലത്തിനു സമാന്തരമായി ഇനി പുതിയ പാലം വരുമ്പോൾ അത്തരത്തിലുള്ള നിർമിതിയാകണമെന്ന് ആഗ്രഹിച്ചുപോകുന്നു.
പണ്ട്, ഭാരപരിശോധന ആനകളെ നടത്തിച്ച്
നീണ്ടകര പാലത്തിന് നാളെ 50 വയസ്സ്. അതിനു മുൻപു 4 പതിറ്റാണ്ട് നിലനിന്ന സേതുലക്ഷ്മി പാലത്തിനു പകരമായാണ് കോൺക്രീറ്റ് പാലം നിർമിച്ചത്. 422.5 മീറ്റർ നീളമുള്ള പാലം അന്നു ജില്ലയിലെ ദൈർഘ്യമേറിയ പാലം ആയിരുന്നു. ടി.കെ. ദിവാകരൻ പൊതുമരാമത്തു മന്ത്രി ആയിരുന്നപ്പോഴായിരുന്നു നിർമാണം. 1972 ഫെബ്രുവരി 24നു ടി.കെ. ദിവാകരൻ അതു നാടിനു സമർപ്പിച്ചു. ജലം അതിരിട്ട രണ്ടു കരകളെ ബന്ധിപ്പിച്ച ചരിത്രത്തിന്റെ ഓർമപ്പെടുത്തലായി ശംഖുമുദ്ര പതിഞ്ഞ ശിലാഫലകവും കരിങ്കൽ കെട്ടുകളും, ഇപ്പോഴും നീണ്ടകര പാലത്തിനോടു ചേർന്നുണ്ട്. അതാണ് സേതുലക്ഷ്മി പാലം.

തിരുവിതാംകൂർ റീജന്റ് മഹാറാണി സേതു ലക്ഷ്മി ഭായി 1930 ജൂൺ ഒന്നിനു തുറന്നു കൊടുത്തതാണ് നീണ്ടകരയിലെ ആദ്യപാലമായ സേതുലക്ഷ്മിഭായി ബ്രിജ് . രാജകുടുംബാംഗങ്ങളും റസിഡൻസിയും ഉൾപ്പെട്ട പ്രമുഖർ പങ്കെടുത്ത പ്രൗഢഗംഭീര ചടങ്ങായിരുന്നു അത്. പാലത്തിന്റെ ബലം നാട്ടുകാരെ ബോധ്യപ്പെടുത്താൻ ആനകളെ നടത്തിച്ചിരുന്നതായി പറയുന്നുണ്ട്. 1928ൽ നിർമാണം തുടങ്ങിയ പാലം യുദ്ധകാലാടിസ്ഥാനത്തിൽ ആയിരുന്നു പൂർത്തിയാക്കിയത്.
പാലം വന്ന വഴി
അക്കാലത്ത് റോഡുകൾ കുറവായിരുന്നു. തെക്കൻ തിരുവിതാംകൂറിനെ ആലപ്പുഴയുമായി ബന്ധിപ്പിക്കാൻ പ്രധാനമായി ആശ്രയിച്ചിരുന്നത് ജലപാത ആയിരുന്നു . കൊല്ലത്തു നിന്നു പുറപ്പെട്ട ബോട്ട് മുങ്ങി മഹാകവി കുമാരനാശാൻ ഉൾപ്പെടെയുള്ള യാത്രക്കാർ 1924 ജനുവരി 16നു പല്ലന ആറ്റിന്റെ ആഴങ്ങളിലേക്ക് ആഴ്ന്നു പോയത് തിരുവിതാംകൂറിനെയും മറ്റു നാട്ടുരാജ്യങ്ങളെയെല്ലാം ഞെട്ടിച്ചു. കൊല്ലത്തു നിന്ന് ആലപ്പുഴ വഴി കൊച്ചിയിലേക്കു തീരദേശ റെയിൽപാത നിർമിക്കാൻ 1924ൽ സൗത്ത് ഇന്ത്യൻ റെയിൽവേ കമ്പനി തീരുമാനിച്ചു. എന്നാൽ സാമ്പത്തികബാധ്യത മൂലം പദ്ധതി മരവിപ്പിച്ചു. അങ്ങനെയാണ് കൊല്ലത്തെയും ആലപ്പുഴയെയും ബന്ധിപ്പിച്ചു ചേർത്തല, അരൂർ ഭാഗങ്ങൾ വരെ റോഡ് നിർമിക്കാൻ തിരുവിതാംകൂർ രാജവംശം തീരുമാനിച്ചത്.
അഷ്ടമുടി കായിലിനു കുറകെ പാലം നിർമിക്കുക വെല്ലുവിളി ആയിരുന്നു. ബ്രിട്ടിഷുകാരനായ എൻജിനീയർ എൽ. എച്ച്. ജേക്കബിനെ ആ ദൗത്യം ഏൽപിച്ചു. പെട്ടെന്നു നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു രാജകൽപന. പല്ലന ആറ്റിൽ റെഡീമർ ബോട്ട് മുങ്ങിയ അപകട സ്‌ഥലം 1099 മകരം ആറിന് എൽ.എച്ച്. ജേക്കബ് സന്ദർശിച്ചതായി ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാൻ തിരുവിതാംകൂർ ഭരണകൂടം നിയമിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. അക്കാലത്തു ജലസേചനത്തിന്റെ ചുമതലയും പൊതുമരാമത്ത് വകുപ്പിനായിരുന്നു. ബ്രിട്ടിഷുകാർ നിർമിച്ച പാലമാണ് 1972ൽ നീണ്ടകര പാലത്തിനു വഴിമാറിയത്. തുടർന്ന് നാടിന്റെ യാത്രയ്ക്ക് വേഗമേറി.
ഛായാചിത്രം കഥ പറയുമ്പോൾ
പൊതുമരാമത്ത് വകുപ്പിന്റെ ജില്ലാ കാര്യാലയത്തിൽ എക്സിക്യൂട്ടിവ് എൻജിനീയറുടെ ഓഫിസ് മുറിയിൽ ഒരു കൂറ്റൻ ഛായാചിത്രമുണ്ട്. 1920ൽ കൊല്ലം ആസ്‌ഥാനമായി പൊതുമരാമത്ത് ഡിവിഷൻ രൂപീകരിച്ചപ്പോൾ ആദ്യ എക്‌സിക്യൂട്ടീവ് എൻജിനീയറായി ചുമതലയേറ്റ ബ്രിട്ടീഷുകാരനായ എൽ.എച്ച്. ജേക്കബിന്റെ ചിത്രം ആണത്. 30 കൊല്ലം ബ്രിട്ടനിൽ എൻജിനീയറായി സേവനമനുഷ്‌ഠിച്ച ശേഷമാണു ദേശിംഗനാട്ടിലെത്തിയത്. ഗേഡർ ബ്രിജുകളെന്ന് അറിയപ്പെടുന്ന ഇരുമ്പുപാലങ്ങൾ നിർമിക്കുന്നതിൽ അതിവിദഗ്‌ധനായിരുന്നു അദ്ദേഹം.
കായലിന്റെ അടിത്തട്ടിലേക്കു കാസ്‌റ്റ് അയൺ പെപ്പുകൾ, സ്‌ക്രൂ ചെയ്യുന്നതു പോലെ വട്ടംകറക്കി താഴ്‌ത്തിയാണ് സേതുലക്ഷ്മിപാലം നിർമിച്ചത്. അയൺ സ്‌ക്രൂ പൈലിങ് എന്നാണ് ഇതറിയപ്പെടുന്നത്. ഇതിനു മുകളിൽ ഐ സെക്‌ഷൻ ഗേഡറുകൾ സ്‌ഥാപിക്കും. മുകളിൽ തമ്പകം തടികൾ പാകി. പത്തേമാരികൾക്കു കടന്നു പോകുന്നതിനു പാലത്തിന്റെ ഇടയിൽ ഒരുഭാഗം മടക്കി ഉയർത്താമായിരുന്നു. മടക്കുപാലം എന്നാണ് ഇതിനെ വിളിച്ചിരുന്നത്. ഇപ്പോഴത്തെ പാലത്തിനു പടിഞ്ഞാറു വശത്തായിരുന്നു പഴയപാലം.
പാലം പൊളിക്കാൻ കരാർ നൽകിയപ്പോൾ ഉയർന്ന പ്രധാന പ്രശ്‌നം കായലിനടിയിൽ താഴ്‌ത്തിയ കാസ്‌റ്റ് അയൺ പൈപ്പുകൾ നീക്കുന്നതായിരുന്നു. പഴയ രേഖകൾക്കായി പരതിയപ്പോൾ ലഭിച്ച ആൽബമാണ് പ്രതിസന്ധിക്കു പരിഹാരമായത്. അതിൽ നിറയെ എൽ.എച്ച്. ജേക്കബിന്റെ നേതൃത്വത്തിൽ നീണ്ടകര പാലം നിർമിക്കുന്ന ഫൊട്ടോഗ്രഫുകളായിരുന്നു. കാസ്‌റ്റ് അയൺ പൈപ്പുകൾ സ്‌ക്രൂ ചെയ്‌തു താഴ്‌ത്തുന്ന പടങ്ങളും കൂട്ടത്തിൽ ഉണ്ടായിരുന്നു. പാലം പൊളിച്ചുനീക്കുന്നതിന് ആൽബം വളരെ പ്രയോജനപ്പെട്ടു.
നീണ്ടകര പാലത്തിനു സമാന്തര പാലം നിർമിക്കാൻ ഷിബു ബേബി ജോൺ മന്ത്രിയായിരുന്നപ്പോൾ ശ്രമം തുടങ്ങിയിരുന്നു. മന്ത്രിസഭ മാറിയതോടെയണ് ഇതു നിലച്ചത്. ദേശീയപാത ആറുവരിയായി വികസിക്കുന്നതോടെ നീണ്ടകരയിൽ സമാന്തര പാലം നിർമിക്കും.