ADVERTISEMENT

വെള്ളൂർ ∙ അഗ്നിരക്ഷാ സേനയുടെ മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണു കെപിപിഎലിലെ പേപ്പർ മെഷീൻ പ്ലാന്റിലെ അഗ്നിബാധ നിയന്ത്രിക്കാൻ സാധിച്ചത്. തൊഴിലാളികൾക്കു തീ നിയന്ത്രണവിധേയമാക്കാൻ കഴിയാതെ വന്നതോടെ കടുത്തുരുത്തി അഗ്നിരക്ഷാ നിലയത്തിലേക്കു വിളിച്ച് പ്ലാന്റിന് തീപിടിച്ചെന്നും കാര്യം ഗൗരവമുള്ളതാണെന്നും അറിയിച്ചു. ഉടൻ കടുത്തുരുത്തി അഗ്നിരക്ഷാ നിലയത്തിൽ നിന്നും വിവരം വൈക്കം, പിറവം നിലയങ്ങളിലേക്കു അറിയിക്കുകയായിരുന്നു.

കടുത്തുരുത്തിയിൽ നിന്നുള്ള സംഘം ആദ്യം എത്തിയെങ്കിലും ഈ സമയത്തിനുള്ളിൽ മെഷീനിൽ തീ പടർന്നു പിടിച്ചു ശക്തമായ പുക ഉയർന്നിരുന്നു ഉടൻ വെള്ളം ഉപയോഗിച്ചു തീ അണയ്ക്കാൻ ശ്രമിച്ചു. ഈ സമയം വൈക്കം, പിറവം, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്നും സേന എത്തി. ആറ് യൂണിറ്റിലെ 43 ജീവനക്കാർ മെഷീനിന്റെ മൂന്ന് വശങ്ങളിൽ നിന്നും ഒരേപോലെ വെള്ളം പമ്പ് ചെയ്തു തീ അണയ്ക്കുകയായിരുന്നു.

മെഷീനിലേക്ക് ഓയിൽ എത്തുന്ന പൈപ്പിലൂടെ ടാങ്കിലേക്ക് തീ പടരാതിരിക്കാൻ തുടർച്ചയായി ഇവിടെ വെള്ളം പമ്പ് ചെയ്തു തണുപ്പിച്ചുകൊണ്ടിരുന്നു. ഇതു വഴി അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനായി. ഇതിനിടയിൽ യന്ത്രത്തിന്റെ താഴെ നിന്നു തീ കണ്ടത് പരിഭ്രാന്തി പടർത്തി. ഉടൻ അഗ്നിരക്ഷാസേന പൈപ്പ് വലിച്ച് തീയണച്ചു.

വാഹനത്തിലെ വെള്ളം തീർന്നപ്പോൾ ഫാക്ടറിയിലെ ടാങ്കുകളിലുണ്ടായിരുന്ന വെള്ളമാണ് ഉപയോഗിച്ചത്. ജില്ലാ ഫയർ ഓഫിസർ റജി വി.കുര്യാക്കോസ്, വൈക്കം സ്റ്റേഷൻ ഓഫിസർ ടി.ഷാജികുമാർ, കടുത്തുരുത്തി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സാബു, പിറവം സ്റ്റേഷൻ ഓഫിസർ എ.കെ.പ്രഭുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീ അണച്ചത്.

സമഗ്ര അന്വേഷണം വേണം;കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റി
വെള്ളൂർ ∙ കെപിപിഎലിലെ തീപിടിത്തത്തിൽ സമഗ്ര അന്വേഷണം വേണമെന്നു കോൺഗ്രസ് വെള്ളൂർ മണ്ഡലം കമ്മിറ്റി. മാതൃകാ പൊതുമേഖലാ സ്ഥാപനമെന്ന പ്രചാരണത്തോടെ സർക്കാർ ഏറ്റെടുത്ത് പ്രവർത്തനം ആരംഭിച്ച കെപിപിഎലിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ പോലും ഏർപ്പെടുത്തിയിരുന്നില്ല എന്നതാണ് തീപിടിത്തത്തോടെ വ്യക്തമാക്കുന്നത്. നഷ്ടത്തിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കെപിപിഎലിൽ തീപിടിത്തം ഉണ്ടായതിൽ ദുരൂഹതയുണ്ടെന്നു ജീവനക്കാരടക്കം പലരും സംശയിക്കുന്നു.

എത്രയും വേഗം ഫാക്ടറിയുടെ പ്രവർത്തനം പുന:രാരംഭിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് ടി.കെ.കുര്യാക്കോസ് തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഷിബു ഉദ്ഘാടനം ചെയ്തു. എം.ആർ.ഷാജി, കെ.പി.ജോസ്, വി.സി.ജോഷി, പോൾ സെബാസ്റ്റ്യൻ, സി.ജി.ബിനു, പി.എസ്.ബാബു എന്നിവർ പ്രസംഗിച്ചു.

അന്വേഷണം ആവശ്യപ്പെട്ട് ബിജെപി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി
വെള്ളൂർ ∙ വെള്ളൂർ കെപിപിഎലിൽ കഴിഞ്ഞദിവസം ഉണ്ടായ തീപിടിത്തം സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ബിജെപി തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തീ പിടിക്കാനുണ്ടായ സാഹചര്യവും, തീ അണയ്ക്കാനുണ്ടായ കാലതാമസത്തിന്റെ കാരണവും അന്വേഷണ പരിധിയിൽ കൊണ്ടുവരണം, ഫാക്ടറി യാതൊരുവിധ സുരക്ഷാ മുൻകരുതലും ഇല്ലാതെ നിയമ വിരുദ്ധമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഇവിടെ നേരത്തെ ഉണ്ടായിരുന്ന ഫയർ ഫോഴ്സ് യൂണിറ്റ് നിർത്തലാക്കി. ഫയർഎൻജിനുകൾ, ഉപകരണങ്ങൾ എന്നിവ ഉപയോഗശൂന്യമായി കിടക്കുകയാണ്.

തൊഴിലാളികൾക്ക് യാതൊരു വിധ തൊഴിൽ പരിരക്ഷയും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്, സംസ്ഥാന സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ് കെപിപിഎൽ തീ പിടിക്കാൻ കാരണമെന്നും വിശദമായ അന്വേഷണം നടത്തി സംഭവത്തിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ജനറൽസെക്രട്ടറി പി.ജി.ബിജുകുമാർ യോഗം ഉദ്ഘാടനം ചെയ്തു. തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പി.സി.ബിനീഷ് അധ്യക്ഷത വഹിച്ചു. പി.ഡി.സുനിൽ ബാബു, ജെ.ആർ.ഗോപാലകൃഷ്ണൻ, പി.ഡി.സരസൻ, ഷിബുക്കുട്ടൻ ഇറുമ്പയം എന്നിവർ പ്രസംഗിച്ചു.

കെപിപിഎൽ തീപിടിത്തം: അന്വേഷണം വേണമെന്ന് മോൻസ്  ജോസഫ്
കടുത്തുരുത്തി ∙ കെപിപിഎല്ലിൽ തീപിടിത്തം ഉണ്ടാകാൻ ഇടയായ സാഹചര്യത്തെ കുറിച്ചു വിശദമായ അന്വേഷണം വേണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. വലിയ സുരക്ഷാ വീഴ്ച ഉണ്ടായി. സംസ്ഥാന സർക്കാർ കമ്പനി ഏറ്റെടുത്ത ശേഷം മുൻപുണ്ടായിരുന്ന അഗ്നി രക്ഷാ സംവിധാനങ്ങൾ പുനഃസ്ഥാപിച്ചില്ല. ഇതാണ് നാശ നഷ്ടത്തിന് വ്യാപ്തി കൂടാൻ കാരണം. ഒരു സുരക്ഷയും ഇല്ലാതെയാണ് തൊഴിലാളികൾ കമ്പനിയിൽ ജോലി ചെയ്യുന്നത്. യുഡിഎഫ് എംഎൽഎമാരുടെ സംഘം കമ്പനി സന്ദർശിക്കും. എംഎൽഎമാർ മുഖ്യമന്ത്രിയെ കാണുമെന്നും മോൻസ് അറിയിച്ചു.

തീയണച്ചത് മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെ
അഗ്നിരക്ഷാ സേനയുടെ മൂന്നര മണിക്കൂർ നീണ്ട പരിശ്രമത്തിലൂടെയാണു കെപിപിഎലിലെ പേപ്പർ മെഷീൻ പ്ലാന്റിലെ അഗ്നിബാധ നിയന്ത്രിക്കാൻ സാധിച്ചത്. തൊഴിലാളികൾക്കു തീ നിയന്ത്രണവിധേയമാക്കാൻ കഴിയാതെ വന്നതോടെ കടുത്തുരുത്തി അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചു. ഉടൻ കടുത്തുരുത്തി അഗ്നിരക്ഷാ നിലയത്തിൽ നിന്നു വിവരം വൈക്കം, പിറവം നിലയങ്ങളിലേക്ക് അറിയിക്കുകയായിരുന്നു. കടുത്തുരുത്തിയിൽ നിന്നുള്ള സംഘം ആദ്യം എത്തിയെങ്കിലും ഈ സമയത്തിനുള്ളിൽ മെഷീനിൽ തീ പടർന്നു പിടിച്ചു ശക്തമായ പുക ഉയർന്നിരുന്നു

ആറ് യൂണിറ്റിലെ 43 ജീവനക്കാർ മെഷീനിന്റെ മൂന്ന് വശങ്ങളിൽ നിന്നും ഒരേപോലെ വെള്ളം പമ്പ് ചെയ്തു തീ അണയ്ക്കുകയായിരുന്നു. വാഹനത്തിലെ വെള്ളം തീർന്നപ്പോൾ ഫാക്ടറിയിലെ ടാങ്കുകളിലുണ്ടായിരുന്ന വെള്ളമാണ് ഉപയോഗിച്ചത്.ജില്ലാ ഫയർ ഓഫിസർ റജി വി.കുര്യാക്കോസ്, വൈക്കം സ്റ്റേഷൻ ഓഫിസർ ടി.ഷാജികുമാർ, കടുത്തുരുത്തി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ സാബു, പിറവം സ്റ്റേഷൻ ഓഫിസർ എ.കെ.പ്രഭുൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തീ അണച്ചത്.

കെപിപിഎൽ തീപിടിത്തം  അന്വേഷണത്തിന് അഞ്ചംഗ സമിതി
വെള്ളൂർ (തലയോലപ്പറമ്പ്) ∙ കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡിലെ (കെപിപിഎൽ) തീപിടിത്തം സംബന്ധിച്ച അന്വേഷണത്തിന് അഞ്ചംഗ സമിതിയെ കലക്ടർ വി.വിഘ്നേശ്വരി നിയോഗിച്ചു. പാലാ ആർഡിഒ പി.ജി.രാജേന്ദ്രബാബു സമിതിയെ നയിക്കും. ജില്ലാ ഫയർ ഓഫിസർ, വൈക്കം ഡിവൈഎസ്പി, ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്സ് ഇൻസ്പെക്ടർ, കെഎസ്ഇബി പാലാ ഡപ്യൂട്ടി ചീഫ് എൻജിനീയർ എന്നിവരാണ് അംഗങ്ങൾ. 30ന് അകം റിപ്പോർട്ട് സമർപ്പിക്കും. വ്യാഴാഴ്ച വൈകിട്ടാണു കെപിപിഎലിലെ പേപ്പർ മെഷീൻ പ്ലാന്റിൽ തീപടർന്നത്.

കമ്പനി മാനേജ്മെന്റും തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ഷോർട് സർക്യൂട്ട് മൂലമുണ്ടായ തീപ്പൊരിയിൽനിന്നു തീ പടർന്നെന്നാണു പ്രാഥമിക നിഗമനം. ഫൊറൻസിക് സംഘം, അഗ്നിരക്ഷാസേന, പൊലീസ്, ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഇൻഷുറൻസ് കമ്പനി പ്രതിനിധികൾ എന്നിവർ ഇന്നലെ ഫാക്ടറിയിൽ പരിശോധന നടത്തി.

42 പേപ്പർ റോൾ, ഓയിൽ പ്രഷർ പൈപ്, ഡ്രയർ സ്ക്രീൻ, റോപ്പുകൾ, സ്കാനർ, മെക്കാനിക്കൽ ക്ലീനർ, ഓയിൽ സർക്യൂട്ട്, ഇലക്ട്രിക് റോളർ, മോട്ടറുകൾ എന്നിവയ്ക്കു നാശം സംഭവിച്ചതായും നഷ്ടത്തിന്റെ കണക്ക് വിശദമായ പരിശോധനയ്ക്കു ശേഷം പുറത്തുവിടുമെന്നും മാനേജ്മെന്റ് അറിയിച്ചു.

പേപ്പർ നിർമാണ പ്ലാന്റിനു ഗുരുതരമായ നാശം ഉണ്ടായിട്ടില്ലെന്ന നിഗമനത്തിലാണു മാനേജ്മെന്റ്. മെക്കാനിക്കൽ ഭാഗങ്ങളുടെ റിപ്പയറിങ് കെപിപിഎൽ ജീവനക്കാർക്കു തന്നെ ചെയ്യാൻ കഴിയും. ഇലക്ട്രോണിക് ഉപകരണങ്ങൾക്കു തകരാർ വന്നിട്ടുണ്ടെങ്കിൽ പുറമേനിന്നു വിദഗ്ധർ എത്തണം. രണ്ടാഴ്ച കൊണ്ടു പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷയെന്നും മാനേജ്മെന്റ് അറിയിച്ചു.

അട്ടിമറി സംശയം ആർ.ചന്ദ്രശേഖരൻ സംസ്ഥാന പ്രസിഡന്റ്, ഐഎൻടിയുസി
കെപിപിഎലിലെ തീപിടിത്തത്തിനു പിന്നിൽ അട്ടിമറി സംശയിക്കുന്നു. സ്ഥാപനത്തിൽ ഒരു സുരക്ഷാ മുൻകരുതലുമില്ല. തീയണയ്ക്കാനായി ഹോസ് പോലും ഇല്ല.

നടപടി സ്വീകരിച്ചില്ല തൊഴിലാളികൾ
കെപിപിഎലിലെ അഗ്നിരക്ഷാ സംവിധാനത്തിന്റെ പോരായ്മകൾ പറഞ്ഞിട്ടും മാനേജ്മെന്റ് നടപടി സ്വീകരിച്ചില്ല. കമ്പനിക്കുള്ളിലെ 2 ഫയർ യൂണിറ്റുകളിൽ ഒന്നു തകരാറിലാണ്. 2 ജീവനക്കാർ മാത്രമാണു യൂണിറ്റിൽ പ്രവർത്തിച്ചിരുന്നത്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com