നൊമ്പരക്കനലെരിഞ്ഞ രാപകൽ; നടന്നു വളർന്ന വഴിയിലൂടെ കാനത്തിന്റെ അന്ത്യയാത്ര

Mail This Article
കോട്ടയം ∙ അണികളുടെ മനസ്സിൽ നൊമ്പരക്കനലെരിഞ്ഞ രാപകൽ. സിപിഐയുടെ ജനകീയമുഖം കാനം രാജേന്ദ്രന്റെ ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്ര തിരുവനന്തപുരത്തു നിന്നു കോട്ടയം ജില്ലാ അതിർത്തിയായ ചങ്ങനാശേരി എത്തിയപ്പോഴേക്കും പാതിരാവായി. മുദ്രാവാക്യം വിളികളോടെ പ്രിയനേതാവിനു വിടചൊല്ലാൻ വഴിനീളെ പ്രവർത്തകർ കാത്തുനിന്നിരുന്നു. പാതയോരങ്ങളിലും കവലകളിലും കാത്തുനിന്നവർ കണ്ണീരോടെ അന്ത്യാഭിവാദ്യം ചെയ്തു. സാധാരണ പ്രവർത്തകർ വരെ ഒരേ മനസ്സോടെ പ്രിയ നേതാവിനു വിടചൊല്ലി. ജില്ലയിലെ മിക്ക വഴികളും കാനത്തിനു സുപരിചിതവും രാഷ്ട്രീയ വളർച്ചയിലേക്കുള്ള പാതയുമായിരുന്നു. രാജേന്ദ്രൻ എന്ന എഐഎസ്എഫ് പ്രവർത്തകനെ കാനമെന്ന ജനകീയ നേതാവാക്കിയ യാത്രയ്ക്കു സാക്ഷ്യം വഹിച്ച വഴികൾ. അതേ വഴിയിലൂടെയായിരുന്നു ഇന്നലത്തെ അവസാന യാത്ര.
മൃതദേഹം വഹിച്ച വാഹനത്തിൽ ദേശീയ – സംസ്ഥാന നേതാക്കൾ ഒപ്പം ഉണ്ടായിരുന്നു. സിപിഐയുടെ മന്ത്രിമാരും അനുഗമിച്ചു. ജില്ലാ സെക്രട്ടറി വി.ബി.ബിനു, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ.ശശിധരൻ എന്നിവരടക്കം ജില്ലയിൽ നിന്നുള്ള നേതാക്കൾ ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തിയിരുന്നു. പാർട്ടി ജില്ലാ ഓഫിസ് അങ്കണത്തിൽ പ്രവർത്തകർക്ക് അന്ത്യാഞ്ജലി അർപ്പിക്കാനുള്ള ഒരുക്കങ്ങൾ നടത്താനായി ഇവിടെ നിന്നുള്ള നേതാക്കളും പ്രവർത്തകരും അൽപം നേരത്തേ കോട്ടയത്തേക്ക് തിരികെയെത്തി. രണ്ടു തവണ ജില്ലാ സെക്രട്ടറിയായി പാർട്ടിയെ നയിച്ച ഓഫിസിലേക്ക് അവസാനമായി കാനം എത്തുമ്പോൾ കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ അന്ത്യാഞ്ജലി അർപ്പിക്കാൻ കോട്ടയം കാത്തു നിൽക്കുന്നുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് കാനത്തിന്റെ മരണവിവരം അറിഞ്ഞ നിമിഷം മുതൽ പാർട്ടി ഓഫിസിൽ പ്രവർത്തകർ എത്തിക്കൊണ്ടിരുന്നു.

ഇന്നലെ രാവിലെ എത്തിയവർ രാത്രി വരെ കാത്തിരുന്ന് അന്തിമോപചാരം അർപ്പിച്ചാണ് മടങ്ങിയത്. കൈകളിൽ ചുവന്ന പൂക്കളും മനസ്സിൽ നോവുന്ന ഓർമകളും. പ്രവർത്തകരുടെ ഇടയിലൂടെ കണ്ണീരിന്റെ ചാലുകീറിക്കൊണ്ടാണ് കാനത്തിന്റെ വിലാപയാത്ര ജില്ലാ അതിർത്തിയിൽ നിന്ന് ആരംഭിച്ചത്. സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി. രാജ, ബിനോയ് വിശ്വം എംപി, മുൻ മന്ത്രിമാരായ കെ.ടി. ജലീൽ, വി.എസ്. സുനിൽ കുമാർ, കെ.ഇ. ഇസ്മായിൽ തുടങ്ങി ഒട്ടേറെ പ്രമുഖർ ചങ്ങനാശേരിയിലും കോട്ടയത്തുമായി അന്തിമോപചാരം അർപ്പിച്ചു. ജന്മനാടായ വാഴൂർ കാനത്തിന്റെ മണ്ണിലേക്ക് ഭൗതികശരീരം നീങ്ങവേ തേങ്ങുന്ന മനസ്സുമായി കോട്ടയം നിന്നു. ഇടയ്ക്ക് പെയ്ത മഴ അവഗണിച്ചുകൊണ്ട് തടിച്ചുകൂടിയ പ്രവർത്തകർ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. കാനത്തിന്റെ ഭൗതികശരീരം രാത്രി വൈകി കോട്ടയത്തു നിന്നു കാനത്തെ വീട്ടിലേക്ക്.