വൻ അപകടം: കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ടു; മെറ്റൽ പാക്കിങ് പാലറ്റ് കാറിനും ബൈക്കിനും മുകളിലേക്ക്

Mail This Article
കടുത്തുരുത്തി ∙ നിയന്ത്രണംവിട്ട കണ്ടെയ്നർ ലോറിയിൽനിന്നു മെറ്റൽ പാക്കിങ് പാലറ്റ് കൂട്ടത്തോടെ കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് അപകടം. ബൈക്ക് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരുക്ക്. കാർയാത്രക്കാരായ ദമ്പതികളും ഭാര്യാ പിതാവും അദ്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം– എറണാകുളം റോഡിൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ബൈക്ക് യാത്രക്കാരനായ മൂർക്കാട്ടിൽ ആശിഷ് ഗോപി (31)ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി രാജാ ലാൽ( 42) എതിർദിശയിൽ വന്ന ബൈക്ക് യാത്രക്കാരൻ പത്തനംതിട്ട സ്വദേശി പി.ആർ അഖിൽ (31) എന്നിവർക്കാണു പരുക്ക്. ഇവരെ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർയാത്രക്കാരായ പെരുമ്പടവം കിഴക്കേപറമ്പിൽ സോമൻ, ഭാര്യ ലത, ലതയുടെ പിതാവ് ഗോവിന്ദൻ എന്നിവരാണ്രക്ഷപ്പെട്ടത്.

കോട്ടയം –എറണാകുളം റോഡിൽ മുട്ടുചിറ പട്ടാളമുക്കിനു സമീപം അപകടവളവിൽ ഇന്നലെ വൈകിട്ട് 5.30നാണ് അപകടം. കോട്ടയം ഭാഗത്തുനിന്നു കൊച്ചിയിലേക്കു പോവുകയായിരുന്നു ലോറി. അതേദിശയിൽ പോവുകയായിരുന്നു കാറും ബൈക്കും. എതിർദിശയിൽനിന്നു വന്ന ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാനായി കാർ ബ്രേക്ക് ചെയ്തതോടെ പിന്നിലുണ്ടായിരുന്ന ലോറി പെട്ടന്ന് നിർത്തി. ഇതോടെ ലോറി നിയന്ത്രണം വിട്ടു. ലോറിയിലുണ്ടായിരുന്ന മെറ്റൽ പാക്കിങ് പാലറ്റ് കെട്ടുപൊട്ടി കൂട്ടത്തോടെ കാറിനും ബൈക്കിനും മുകളിലേക്കും റോഡിലേക്കും വീണു.
വലിയ ശബ്ദം കേട്ട് സമീപവാസി കളപ്പുരയിൽ ഷാജി മോനാണ് ആദ്യമെത്തി കാറിലുണ്ടായിരുന്നവരെയും ബൈക്ക് യാത്രക്കാരനെയും പുറത്തിറക്കിയത്. ലോറിയിൽനിന്നു മെറ്റൽ പാക്കിങ് പാലറ്റ് റോഡിലാകെ നിരന്നതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. നാട്ടുകാരാണ് ബൈക്ക് യാത്രക്കാരെയും ഡ്രൈവറെയും ആശുപത്രിയിൽ എത്തിച്ചത്. കടുത്തുരുത്തിയിൽനിന്ന് അഗ്നിരക്ഷാ സേനയും പൊലീസും എത്തി. തുടർന്ന് ആപ്പാഞ്ചിറയിൽനിന്നു ക്രെയിൻ എത്തിച്ച് റോഡിൽ നിരന്ന മെറ്റൽ പാക്കിങ് പാലറ്റ് റോഡരികിലേക്കു നീക്കി.ലോറിയുടെ കാബിനും കാറിന്റെ ബോഡിയും ബൈക്കിന്റെ മുൻവശവും തകർന്നു.

കെട്ടി ഉറപ്പിക്കാതെ പാലറ്റുകൾ
കോട്ടയം ഭാഗത്തുനിന്നു കൊച്ചിൻ ഷിപ്പിയാർഡിലേക്കുള്ള മെറ്റൽ പാക്കിങ് പാലറ്റ് ശരിയായ രീതിയിൽ കെട്ടി ഉറപ്പിക്കാതെയാണ് കൊണ്ടുപോയതെന്ന് നാട്ടുകാർ. ഒരു റോപ്പ് ഉപയോഗിച്ച് മാത്രമാണ് പാലറ്റ് കെട്ടിയത്. ഇതാണ് ലോറി പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പൊട്ടി വീഴാൻ കാരണം. കണ്ടെയ്നറിലാണ് സാധാരണ ഇത്തരം വസ്തുക്കൾ കൊണ്ടുപോകുന്നതെന്ന് പൊലീസ് പറഞ്ഞു.നന്നായി കെട്ടി വേണം ഇത്തരം വസ്തുക്കൾ കൊണ്ടുപോകാൻ. ഇതു പാലിച്ചിട്ടില്ലെന്നുവേണം കരുതാനെന്നും പൊലീസ് പറഞ്ഞു.
അപകടവഴി
ബൈക്ക് യാത്രക്കാർക്കും ലോറി ഡ്രൈവർക്കും പരുക്ക്,കാർ യാത്രക്കാരായ 3 പേർ അദ്ഭുതകരമായി രക്ഷപ്പെട്ടു