സ്ഥാനമാനങ്ങൾക്കു പിറകെ പോയില്ല, വടകരയുടെ സ്വന്തം പ്രതിനിധി; എം.കെ.പ്രേംനാഥിന് ആദരാഞ്ജലി

Mail This Article
വടകര∙ ‘ശിലാഫലകത്തിൽ പേരു വേണ്ട. ഉദ്ഘാടനം ആരു നടത്തിയാലും പ്രശ്നമില്ല, ഞാൻ വേണമെന്നു നിർബന്ധവുമില്ല’– വടകരയുടെ സ്വന്തം എംഎൽഎയായിരിക്കെ എം.കെ.പ്രേംനാഥിന്റെ നയം അതായിരുന്നു. വടകര മണ്ഡലത്തെ 5 വർഷം നിയമസഭയിൽ പ്രതിനിധാനം ചെയ്ത എം.കെ.പ്രേംനാഥ് ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചെങ്കിലും അതിന്റെയൊന്നും ‘ക്രെഡിറ്റ്’ ഏറ്റെടുക്കാൻ ശ്രമിക്കാറില്ലായിരുന്നു.
വടകര നഗരസഭാ പ്രദേശത്തെ ഏറ്റവും വലിയ പ്രശ്നമായിരുന്ന കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാൻ ആദ്യഘട്ടം മുതൽ കർമനിരതനായിരുന്നതിലൊരാൾ പ്രേംനാഥ് ആയിരുന്നു. ഗുളികപ്പുഴ ഓഗ്‌മെന്റേഷൻ പദ്ധതിയുടെ പരാജയം നാട്ടിൽ കുടിവെള്ള പ്രശ്നമുണ്ടാക്കിയപ്പോൾ നഗരസഭയും വകുപ്പ് മന്ത്രിയും എംപിയും ഒരുമിച്ചു പ്രവർത്തിച്ചതിന്റെ മികവിനു പിന്നിൽ അദ്ദേഹവുമുണ്ടായിരുന്നു.
വടകര ഗവ. ആശുപത്രി വികസനം, ചോമ്പാൽ പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചത്, വില്യാപ്പള്ളിയിൽ ഐടിഐ, ലോകനാർക്കാവ് ടൂറിസം റോഡ്, ചോമ്പാൽ ഹാർബർ വികസനം തുടങ്ങിയവ നേട്ടങ്ങളായി. ജല അതോറിറ്റി ഡിവിഷൻ ഓഫിസ് വടകരയിൽ നിന്നു മാറ്റാൻ ഉന്നതതല നീക്കം നടന്നപ്പോൾ വകുപ്പു മന്ത്രിയുടെ ഓഫിസിനു മുൻപിൽ കുത്തിയിരുന്ന് ഉത്തരവ് മാറ്റിച്ചു.

ചോറോട്, ഒഞ്ചിയം പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ, മണ്ഡലത്തിൽ ഉടനീളം പുതിയ റോഡുകൾ എന്നിവയും അദ്ദേഹത്തിന്റെ ശ്രമഫലമാണെന്ന് നാട്ടുകാർ ഓർക്കുന്നു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും മെഡിക്കൽ ആനുകൂല്യം നൽകണമെന്ന നിയമസഭയിലെ പ്രസംഗവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വടകര ∙ എം.കെ.പ്രേംനാഥിന്റെ മൃതദേഹം ടൗൺഹാളിൽ പൊതു ദർശനത്തിനു വച്ചു. ജനപ്രതിനിധികളും വിവിധ സംഘടനാ പ്രവർത്തകരും ഒപ്പം പ്രവർത്തിച്ച നാനാ ഭാഗത്തുള്ള നേതാക്കളും പ്രവർത്തകരും അവസാനമായി കാണാൻ എത്തി.കെ.മുരളീധരൻ എംപി, എംഎൽഎമാരായ ഇ.കെ.വിജയൻ, കെ.പി.മോഹനൻ, കെ.പി.കുഞ്ഞമ്മദ് കുട്ടി, കെ.കെ.രമ, നഗരസഭാധ്യക്ഷ കെ.പി.ബിന്ദു, ഉപാധ്യക്ഷൻ പി.സജീവ് കുമാർ, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ, സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ, എൽജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ, മുൻ മന്ത്രിമാരായ സി.കെ.നാണു, മുല്ലപ്പള്ളി രാമചന്ദ്രൻ, ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ തുടങ്ങിയവർ ടൗൺഹാളിലെത്തി.
വടകര∙ ജനതാ കൺസ്ട്രക്‌ഷൻ ആൻഡ് ജനറൽ വർക്കേഴ്സ് യൂണിയൻ (എച്ച്എംഎസ്) ജില്ലാ കമ്മിറ്റി യോഗം അനുശോചിച്ചു. പ്രസിഡന്റ് പി.എം. നാണുവിന്റെ അധ്യക്ഷത വഹിച്ചു. എം. കെ. പ്രേംനാഥിന്റെ നിര്യാണത്തിൽ സാംസ്കാരിക പ്രവർത്തക സഹകരണ സംഘം അനുശോചിച്ചു. പ്രസിഡന്റ് രാമചന്ദ്രൻ വരപ്രത്ത് അധ്യക്ഷത വഹിച്ചു.
വടകര∙ കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ ജില്ല കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് മലയിൽ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എംപ്ലോയീസ് സെന്റർ റൂറൽ ബാങ്ക് യൂണിറ്റ് കമ്മിറ്റി അനുശോചിച്ചു. വടകര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു. എൽജെഡി മണിയൂർ പഞ്ചായത്ത് കമ്മിറ്റി, ഹരിതം വടകര, എസ്ഡിപിഐ എന്നിവ അനുശോചിച്ചു.
സ്ഥാനമാനങ്ങൾക്കു പിറകെ പോയില്ല; അംഗീകാരങ്ങൾ തേടിയെത്തി
വടകര∙ സോഷ്യലിസ്റ്റ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ പ്രവർത്തന രംഗത്തു സജീവമായ എം.കെ.പ്രേംനാഥ് സ്ഥാനമാനങ്ങൾക്ക് പിറകേ പോയില്ല. തന്നെ വിശ്വസിക്കുന്ന അണികളുടെയും നേതാക്കളുടെയും ഉറ്റ തോഴനായിരുന്നു. സ്കൂൾ – കോളജ് വിദ്യാഭ്യാസ കാലത്ത് ഗാംഭീര്യമാർന്ന പ്രസംഗത്തിലൂടെ ആയിരങ്ങളെ സ്വന്തം പ്രസ്ഥാനത്തിലേക്ക് അടുപ്പിച്ച ഇദ്ദേഹം എഴുത്തിലും പിറകിലായിരുന്നില്ല.
ഭാരതീയ വിദ്യാഭവനിൽ നിന്ന് പത്രപ്രവർത്തനത്തിൽ പിജി ഡിപ്ലോമ നേടി. സ്വതന്ത്ര ഭൂമി മാസികയിൽ പത്രാധിപരായി പ്രവർത്തിച്ചതും എഴുത്തിനോടുള്ള താൽപര്യം കൊണ്ടായിരുന്നു. മടപ്പള്ളി ഗവ.കോളജിൽ നിന്ന് ഡിഗ്രിയും കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് പിജിയും പാസായ ശേഷം തിരുവനന്തപുരം ലോ കോളജിൽ നിന്നായിരുന്നു നിയമ ബിരുദം നേടിയത്.
വിദ്യാഭ്യാസ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ പ്രേംനാഥ് അടിയന്തരാവസ്ഥയ്ക്ക് എതിരായ പോരാട്ടത്തിൽ അറസ്റ്റ് വരിച്ചിരുന്നു. ഇതേ തുടർന്നുള്ള പൊലീസ് മർദനം ആരോഗ്യപരമായി ഏറെ പ്രശ്നങ്ങളുണ്ടാക്കി. അഭിഭാഷക ജോലിയിൽ തിളങ്ങി നിൽക്കവേയാണ് രാഷ്ട്രീയ മേഖലയിലെ ഉന്നത സ്ഥാനങ്ങളിലേക്കുള്ള രംഗപ്രവേശം.
സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ
വടകര∙ എം.കെ. പ്രേംനാഥിന് നാടിന്റെ അന്ത്യാഞ്ജലി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നിന്ന് എത്തിച്ച ഭൗതിക ശരീരം വിവിധ സ്ഥലങ്ങളിലെ പൊതുദർശനത്തിന് ശേഷം വൈകിട്ടോടെ തട്ടോളിക്കരയിലെ വീട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. മകൾ പ്രിയ, സഹോദരൻ ബാബു ഹരിപ്രസാദ്, അദ്ദേഹത്തിന്റെ മകൻ വിഷ്ണു എന്നിവർ ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി.
പ്രമുഖർ അടക്കം സമൂഹത്തിന്റെ നാനാ തുറകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളാണ് നിസ്വാർഥനായ പൊതുപ്രവർത്തകനെ അവസാനമായി ഒരു നോക്ക് കാണാൻ എത്തിയത്. പൊതുദർശനത്തിന് വച്ച ടൗൺഹാളിലും ഓർക്കാട്ടേരിയിലും മുക്കാളിയിലും നൂറു കണക്കിന് ആളുകൾ ആദരാഞ്ജലി അർപ്പിച്ചു. ജനകീയ നേതാവിന്റെ വേർപാട് നാടിനെ ദുഃഖത്തിലാഴ്ത്തി. സ്പീക്കർ എ.എൻ.ഷംസീർ മുക്കാളിയിൽ അന്ത്യാഞ്ജലി അർപ്പിച്ചു.
തെളിയാത്ത ചിഹ്നത്തിൽ മത്സരം; അഭൂതപൂർവ വിജയം
2001ൽ എം.കെ.പ്രേംനാഥ് വടകരയിൽ മത്സരിച്ചപ്പോൾ കിട്ടിയ കറ്റയേന്തിയ കർഷകശ്രീ ചിഹ്നം വോട്ടിങ് മെഷീനിൽ തെളിഞ്ഞു കാണാത്തത് മുന്നണിയിൽ ആശങ്കയുണ്ടാക്കിയിരുന്നു. ഇതു കൊണ്ടു മാത്രം വോട്ട് നിലയിൽ വൻ കുറവുണ്ടാകുമെന്ന ഭീതി അസ്ഥാനത്താക്കി കൊണ്ട് മുൻ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ച 14,159 വോട്ടിന്റെ ഭൂരിപക്ഷത്തെക്കാൾ 7,110 വോട്ട് കൂടുതൽ കിട്ടി.
അവസാന ചടങ്ങ് പുസ്തക പ്രകാശനം
വടകര∙ തന്റെ തന്നെ പുസ്തകത്തിന്റെ പ്രകാശന ചടങ്ങാണ് അന്തരിച്ച മുൻ എംഎൽഎ എം.കെ.പ്രേംനാഥ് ഏറ്റവും ഒടുവിൽ പങ്കെടുത്ത പൊതുചടങ്ങ്. സ്വാതന്ത്ര്യം തന്നെ അമൃതം എന്ന ചരിത്ര പുസ്തകം പ്രസിദ്ധീകരിക്കുക എന്നത് തന്റെ വലിയ അഭിലാഷമായിരുന്നു എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ സി.കെ.നാണുവിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
അനുശോചിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ, കടന്നപ്പള്ളി
∙ സോഷ്യലിസ്റ്റ് ആശയങ്ങൾ മുറുകെ പിടിച്ച നേതാവായിരുന്നു എം.കെ.പ്രേംനാഥ് എന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ അനുശോചിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്ത മികച്ച പൊതുപ്രവർത്തകനെയാണ് എം.കെ.പ്രേംനാഥിന്റെ നിര്യാണത്തിലൂടെ നഷ്ടമായത് എന്ന് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പറഞ്ഞു.
സർവകക്ഷി യോഗം അനുശോചിച്ചു
വടകര∙ എം.കെ.പ്രേംനാഥിന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കെ.കെ.രമ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.പി.മോഹനൻ എംഎൽഎ, ഇ.കെ.വിജയൻ എംഎൽഎ, കെ.കെ.കൃഷ്ണൻ, എടയത്ത് ശ്രീധരൻ, സി.ഭാസ്കരൻ, എൻ.വേണു, എം.കെ.ഭാസ്കരൻ, ഇ.പി.ദാമോദരൻ, പ്രഭുദാസ്, പി.കെ.നാണു , സി.വി.നാസർ, കെ.പ്രകാശൻ, ഹരീഷ് കടവത്തൂർ, ഗിരിജ കളരിക്കുന്നുമ്മൽ എന്നിവർ പ്രസംഗിച്ചു. ആദരസൂചകമായി അഴിയൂർ, ഏറാമല പഞ്ചായത്തുകളിൽ 2 മുതൽ 6 വരെ ഹർത്താൽ ആചരിച്ചു.