സാഹിത്യനഗരം: യുനെസ്കോയ്ക്ക് തെറ്റിയില്ല; വൈബായി ഹോർത്തൂസ്
Mail This Article
കോഴിക്കോട് ∙ അക്ഷരങ്ങൾ പെയ്തിറങ്ങിയ മൂന്നു പകലുകൾ. പാട്ടുപാടിയും കിസ്സ പറഞ്ഞും ഉറങ്ങാതെയിരുന്ന മൂന്നു രാത്രികൾ. ഈ മൂന്നു ദിനരാത്രങ്ങൾ സാഹിത്യത്തിന്റെ കൈപിടിച്ചു നമ്മൾ നടക്കുകയായിരുന്നു. ആസ്വാദകരെ ഇളക്കിമറിച്ച ‘ഹരിഹരം’ സംഗീതപരിപാടിയോടെ ഹോർത്തൂസിനു തിരശ്ശീല വീണപ്പോൾ ഓരോ കോഴിക്കോട്ടുകാരനും ആഗ്രഹിച്ചു. ഈ ഉത്സവം അവസാനിക്കാതിരുന്നെങ്കിൽ...
മലയാള മനോരമ ഹോർത്തൂസ് വെറുമൊരു കലാസാഹിത്യപരിപാടിയായല്ല, ഹൃദയതാളമായാണ് ഓരോ കോഴിക്കോട്ടുകാരനും ഏറ്റെടുത്തത്. ഇതാണ് കോഴിക്കോടൻ വൈബ്. എസ്കെയുടെയും എംടിയുടെയും നാട്ടിലെ ഓരോ മനുഷ്യനും ഈ വേദിയിലേക്കു കടന്നുവന്നു, കാഴ്ചകൾ കണ്ടു, ചർച്ചകൾ കേട്ടു. അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും സ്വാതന്ത്ര്യത്തോടെ ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞു.
ഇവിടെ സിനിമയും സംഗീതവും ചിത്രങ്ങളും ശിൽപങ്ങളും രുചിയും ആഘോഷിക്കപ്പെട്ടു. പകൽ മുഴുവൻ തുറന്നിരുന്ന പുസ്തകശാലയിൽ ഇന്നലെ വൈകിട്ടോടെ തിരക്കു മൂലം നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നു. 7000 ടൈറ്റിലുകളിലായി മൂന്നു ലക്ഷത്തോളം പുസ്തകങ്ങളുള്ള പുസ്തകശാല അൽപനേരമെങ്കിലും തിരക്കിനുമുന്നിൽ സ്തംഭിച്ചുനിന്നു. യുനെസ്കോയുടെ സാഹിത്യനഗര പദവി ഈ നഗരത്തിന് എന്നുമെന്നും ഉറപ്പിക്കാനുള്ള നാഴികക്കല്ലായി ഹോർത്തൂസ് മാറുമെന്നു മേയർ അടക്കമുള്ള അധികൃതർ സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുകയാണ്.
കോഴിക്കോട് കടപ്പുറത്തെ പുസ്തകോത്സവവും ബിനാലെയും ഈ മാസം 10 വരെ തുടരും. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com