ADVERTISEMENT

ചേവായൂർ – മലാപ്പറമ്പ് ഗോൾഫ് ലിങ് റോഡ് മലാപ്പറമ്പിൽ ദേശീയപാതയുടെ സർവീസ് റോഡിലേക്കു വഴിമാറ്റി വിടുമ്പോൾ മുറിയുന്നത് ചരിത്ര വഴിയാണ്. ബ്രിട്ടീഷ് ഭരണകാലത്ത്  ഈസ്റ്റ് ഹില്ലിലെ കലക്ടേഴ്സ് ബംഗ്ലാവ്, വെസ്റ്റ് ഹില്ലിലെ പട്ടാള ബാരക്സ് എന്നിവിടങ്ങളിൽനിന്നു ഗോൾഫ് കോഴ്സിലേക്ക് എത്താനുള്ള വഴിയായിരുന്നു ഇത്.  ഇന്നത്തെ മെഡിക്കൽ കോളജ് സ്ഥിതി ചെയ്യുന്ന കുന്നായിരുന്നു അന്നത്തെ ഗോൾഫ് കോഴ്സും റെയ്സ് കോഴ്സും. ഈസ്റ്റ് ഹില്ലിൽനിന്നും വെസ്റ്റ് ഹില്ലിൽ നിന്നുമുള്ള ഉദ്യോഗസ്ഥരും പട്ടാളക്കാരും മലാപ്പറമ്പിൽനിന്നു ഗോൾഫ് ലിങ്ക് റോഡിലൂടെ ചേവായൂർ എത്തിയാണ് ഗോൾഫ് കോഴ്സിലേക്കു പോയിരുന്നത്.




ചേവായൂരിലെ പഴയ ബ്രിട്ടീഷ് ബംഗ്ലാവ്. ഇപ്പോഴിത് കൈനടി 
കുടുംബത്തിന്റെ കൈവശമാണ്.
ചേവായൂരിലെ പഴയ ബ്രിട്ടീഷ് ബംഗ്ലാവ്. ഇപ്പോഴിത് കൈനടി കുടുംബത്തിന്റെ കൈവശമാണ്.

ഇപ്പോഴത്തെ കാരപ്പറമ്പിൽ ഉണ്ടായിരുന്ന പിയേഴ്സ് – ലസ്‌ലി ഫാക്ടറി ഉദ്യോഗസ്ഥരും ഇതുവഴി പോയിരുന്നതായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജിൽ നിന്നു വിരമിച്ച ഡോ.വർഗീസ് തോമസ് പറഞ്ഞു.  ചേവായൂർ ഭാഗത്തും ബ്രീട്ടീഷ് ഉദ്യോഗസ്ഥർ താമസിച്ചിരുന്ന ഒട്ടേറെ ബംഗ്ലാവുകൾ ഉണ്ടായിരുന്നു. അവരുടെയെല്ലാം വിനോദ കേന്ദ്രമായിരന്നു ഗോൾഫ് കോഴ്സ്. അത്തരത്തിലൊരു ബംഗ്ലാവാണ് ഇപ്പോൾ ചേവായൂർ റോഡരുകിലുള്ള കൈനടി ബംഗ്ലാവ്. ബ്രിട്ടീഷുകാരിൽ നിന്നു പി.ജെ.ജേക്കബ് കൈനടി ഇതുവാങ്ങിയതോടെയാണ് കൈനടി ബംഗ്ലാവ് എന്നറിയപ്പെടുന്നത്. ഇപ്പോൾ അദ്ദേഹത്തിന്റെ മകൻ ജയിംസ് ജേക്കബും ഭാര്യ ട്രീസ ജയിംസുമാണ് അവിടെ താമസം. 

1929ലാണ് മായനാട് എന്നറിയപ്പെട്ടിരുന്ന കുന്നിൽ ഗോൾഫ് കോഴ്സ് നിർമിക്കാൻ അന്നത്തെ കലക്ടർ അനുമതി നൽകുന്നത്. ഇപ്പോഴത്തെ തൊണ്ടയാട് കയറ്റത്തിന്റെ ഭാഗത്തു റൈഫിൾ ക്ലബ്ബും ഉണ്ടായിരുന്നു. അക്കാലത്ത് മാവൂർ റോഡ് ഉണ്ടായിരുന്നില്ല. തന്റെ കുട്ടിക്കാലത്തൊക്കെ ഇരുവശവും വയലുകളുള്ള ചെറിയ നാട്ടുവഴി മാത്രമായിരുന്നു ഇന്നത്തെ മാവൂർ റോഡെന്നു ആർക്കൈവ്സ് വകുപ്പ് മുൻ ഉദ്യോഗസ്ഥനും ചരിത്ര ഗവേഷകനുമായ വർഗീസ് സാമുവൽ ഓർക്കുന്നു. 

പിന്നീട് മാവൂർ റയോൺസിനു വേണ്ടിയാണു വലിയ റോഡ് നിർമിക്കുന്നത്. ഗോൾഫ് കോഴ്സിന്റെ യാതൊരു ശേഷിപ്പും ഇന്ന് ഇവിടെയില്ല. സ്വാതന്ത്ര്യത്തിനു ശേഷം മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിനു ഗോൾഫ് കോഴ്സും റെയ്സ് കോഴ്സും ഉൾപ്പെടെയുള്ള കുന്ന് സർക്കാർ ഏറ്റെടുക്കുകയായിരുന്നു. ആദ്യം ബീച്ച് ആശുപത്രിയുടെ സമീപം വെള്ളയിൽ ഭാഗത്തായിരുന്നു അന്നത്തെ കോഴിക്കോട് കലക്ടർ പി.കെ.നമ്പ്യാർ സ്ഥലം കണ്ടുവച്ചിരുന്നതെന്നു ഐസിഎസ് കലക്ടേഴ്സ് ഓഫ് മലബാർ: ജോട്ടിങ് ഫ്രം മെമ്മറി എന്ന പുസ്തകത്തിൽ പി.കെ.ഗോവിന്ദൻ പറയുന്നു. 

എന്നാൽ, സ്ഥലം തിരഞ്ഞെടുക്കുന്നതിനുള്ള കമ്മിറ്റിയുടെ ചെയർമാനും തിരുവനന്തപുരം മെഡിക്കൽ കോളജ് ഡീനുമായ ഡോ.രാമന് ഈ സ്ഥലം മെഡിക്കൽ കോളജിനു പറ്റിയതായി തോന്നിയില്ല. തുടർന്നാണ് ഗോൾഫ് കോഴ്സ് കുന്നിലേക്കു കൊണ്ടുപോയത്.  സ്ഥലം ഇഷ്ടമായി. അങ്ങനെയാണ് അവിടെ മെഡിക്കൽ കോളജ് സ്ഥാപിതമായത്. മാവൂർ റോഡ് ഗതാഗതയോഗ്യമാകുന്നതു വരെ ഗോൾഫ് ലിങ്ക് റോഡും പുതിയറ – കുതിരവട്ടം– പൊറ്റമ്മൽ റോഡുമായിരുന്നു മെഡിക്കൽ കോളജിലേക്കുള്ള വഴികൾ.

English Summary:

Historic Chevayoor-Malaparamba golf link road faces demolition. The road, used during the British Raj to connect the Collector’s Bungalow and military barracks to the golf course, will be diverted to a service road, losing its historical significance.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com