ഷിബില വധക്കേസ്: പ്രതിയുമായി പൊലീസ് തെളിവെടുപ്പ് തുടരുന്നു

Mail This Article
താമരശ്ശേരി ∙ ഷിബില വധക്കേസ് പ്രതി യാസിറുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ഇന്നലെ കൊലയ്ക്ക് ഉപയോഗിച്ച കത്തി വാങ്ങിയ കൈതപ്പൊയിൽ അങ്ങാടിയിലെ കടയിലെത്തിച്ചു തെളിവെടുപ്പ് നടത്തി. താമരശ്ശേരി സിഐ എ.സായൂജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ തെളിവെടുപ്പിൽ പ്രതി കടയിൽ നിന്നു കത്തി വാങ്ങിയതായി സ്ഥിരീകരിച്ചു. കൊല നടത്തിയ സമയം പ്രതി യാസിറിന്റെ കൈവശം രണ്ടു കത്തികൾ ഉണ്ടായിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു.
യാസിറിന്റെ പക്കൽ ഉണ്ടായിരുന്ന ഒരു കത്തി വീട്ടിൽ ഉപയോഗിക്കുന്നതായിരുന്നു. കടയിൽ നിന്നു വാങ്ങിയ കത്തിയാണു പ്രതി കൊല നടത്താൻ ഉപയോഗിച്ചതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കത്തി ലബോറട്ടറി പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇന്നു പ്രതിയെ കൊലപാതകം നടത്തിയ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തും. പ്രതിയെ കാണുമ്പോൾ നാട്ടുകാർ പ്രകോപിതരാകാനുള്ള സാധ്യത കണക്കിലെടുത്ത് തെളിവെടുപ്പ് ഏറെ കരുതലോടെ നടത്താനാണു നീക്കം.
പ്രതിക്കു നേരെ പ്രകോപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗവും റിപ്പോർട്ട് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച പ്രതി കാറിൽ പെട്രോൾ അടിച്ചു പണം കൊടുക്കാതെ കടന്നുകളഞ്ഞ എസ്റ്റേറ്റ് മുക്കിലെ പെട്രോൾ പമ്പ്, പ്രതിയെ പൊലീസ് പിടികൂടിയ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി പരിസരം എന്നിവിടങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. നാളെ രാവിലെ 11 മണി വരെയാണ് പ്രതിയെ കോടതി തെളിവെടുപ്പിനായി പൊലീസ് കസ്റ്റഡിയിൽ നൽകിയിരിക്കുന്നത്.