പള്ളികൾ നിറഞ്ഞുകവിഞ്ഞ് റമസാനിലെ അവസാന വെള്ളി
Mail This Article
മലപ്പുറം ∙ അനുഗൃഹീത മാസത്തിന്റെ വിടവാങ്ങൽ ഓർമപ്പെടുത്തിയ അവസാന വെള്ളിയാഴ്ചയായ ഇന്നലെ വിശ്വാസികൾ കൂട്ടമായി എത്തിയപ്പോൾ ആരാധനാലയങ്ങൾ നിറഞ്ഞു കവിഞ്ഞു. സത്കർമങ്ങൾക്ക് പല മടങ്ങ് പുണ്യം വാഗ്ദാനം ചെയ്യപ്പെട്ട റമസാനിലെ വരും നാളുകളിൽ നന്മകളും ജീവകാരുണ്യ പ്രവർത്തനങ്ങളും വർധിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇമാമുമാർ ഉണർത്തി. പശ്ചാത്താപ പ്രാർഥനകളുമുയർന്നു. ഇനി വിശ്വാസ ലോകം ചെറിയ പെരുന്നാളിന്റെ തിരക്കിലേക്ക്.
നന്മകൾക്ക് ആയിരം മാസങ്ങളെക്കാൾ പുണ്യം വാഗ്ദാനമുള്ള ലൈലത്തുൽ ഖദ്‌റിന് ഏറ്റവും സാധ്യത പ്രതീക്ഷിച്ച റമസാൻ 27–ാം രാവിനെ ധന്യമാക്കിയ മനസ്സുമായാണ് വിശ്വാസികൾ ഇന്നലെ ജുമുഅ നമസ്കാരത്തിനായി വീണ്ടും ആരാധനാലയങ്ങളിൽ ഒത്തുകൂടിയത്. വ്രതനാളുകളിൽ നേടിയ ആത്മീയ വിശുദ്ധി ജീവിതത്തിലുടനീളം നിലനിർത്തണമെന്ന് ഇമാമുമാർ ആഹ്വാനം ചെയ്തു. പെരുന്നാൾ ദിനത്തിൽ ആരും പട്ടിണി കിടക്കരുതെന്ന മതനിർദേശം പാലിക്കാനായുള്ള നിർബന്ധ ഭക്ഷ്യദാനമായ ഫിത്ർ സക്കാത്തിനെക്കുറിച്ചും ഓർമപ്പെടുത്തലുണ്ടായി. വിട പറയുന്ന റമസാന് വികാരനിർഭര സലാം ചൊല്ലിയാണ് ഉദ്ബോധന പ്രസംഗങ്ങൾ അവസാനിപ്പിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതിനാൽ ഇത്തവണ ഈദ്ഗാഹുകൾക്കും വിവിധയിടങ്ങളിൽ ഒരുക്കം തുടങ്ങിയിട്ടുണ്ട്.