റമസാൻ പിറ തെളിഞ്ഞു; വ്രതനാളുകൾക്ക് തുടക്കം

Mail This Article
മലപ്പുറം ∙ റമസാൻ പിറ തെളിഞ്ഞു. ആത്മ സംസ്കരണത്തിന്റെ സന്ദേശമുണർത്തി വ്രത മാസമത്തിനു തുടക്കമായി. പള്ളികളിൽ ഇന്നലത്തന്നെ പ്രത്യേക നിശാ നമസ്കാരമായ തറാവീഹിന് വിശ്വാസികൾ ഒഴുകിയെത്തി. ഇനി ഒരു മാസക്കാലം പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങളൊഴിവാക്കിയുള്ള വ്രതാനുഷ്ഠാനത്തിന്റെയും ഖുർആൻ പാരായണത്തിന്റെയും സൽകർമങ്ങളുടെയും പ്രാർഥനയുടെയും നാളുകൾ.
സൂര്യാസ്തയത്തിനു ശേഷം ചന്ദ്രൻ ഏറെ സമയം ആകാശത്തുണ്ടായിരുന്നതിനാൽ ഇന്നലെ നാട്ടിൻപുറങ്ങളിൽ പോലും മാസപ്പിറ ദൃശ്യമായി. വിവിധയിടങ്ങളിൽ പിറ കണ്ടതിനാൽ ഇന്ന് റമസാൻ ഒന്നായിരിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി എന്നിവർ ഉൾപ്പെടെ ജില്ലയിൽ നിന്നുള്ള പ്രധാന ഖാസിമാർ അടക്കം അറിയിച്ചു.
മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ റമസാൻ ആരംഭം ഇന്നാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും അറിയിച്ചു. റമസാൻ ഒന്ന് ഇന്ന് ആയിരിക്കുമെന്ന് കെഎൻഎമ്മിനു കീഴിലുള്ള കേരള ഹിലാൽ കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കെഎൻഎം മർകസുദ്ദഅ്‌വ വിഭാഗം ഇന്നലെതന്നെ വ്രതം ആരംഭിച്ചു. ഗൾഫ് രാജ്യങ്ങളിലും ഇന്നലെയായിരുന്നു റമസാൻ ആരംഭം.