പട്ടർകുളത്തെ കുടക്കല്ല് സംരക്ഷിത സ്മാരകമാക്കാനുള്ള പ്രവൃത്തികൾ ആരംഭിച്ചു

Mail This Article
മഞ്ചേരി ∙ ശിലായുഗ സംസ്കാരത്തിന്റെ ശേഷിപ്പ് ആയ പട്ടർകുളത്തെ കുടക്കല്ല് പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടും. കുടക്കല്ല് സംരക്ഷിത സ്മാരകമാക്കാൻ പുരാവസ്തു വകുപ്പ് പ്രവൃത്തി തുടങ്ങി. പ്രദേശത്തുകാരുടെയും ചരിത്രാന്വേഷികളുടെയും ഏറെ നാളത്തെ ആവശ്യമാണ് യാഥാർഥ്യമാകുന്നത്.പുരാവസ്തു വകുപ്പ് അധികൃതർ സ്ഥലത്ത് ക്യാംപ് ചെയ്താണ് പ്രവൃത്തി നടത്തുന്നത്.
സംരക്ഷിത സ്മാരകമാക്കാൻ സ്ഥല ഉടമ നേരത്തെ വിട്ടു നൽകിയ 2 സെന്റ് അളന്ന് തിട്ടപ്പെടുത്തി അതിർത്തി കല്ല് സ്ഥാപിച്ചു. കുടക്കല്ലിന്റെ മുകൾ ഭാഗത്തെ കുടഭാഗം ക്രെയിൻ ഉപയോഗിച്ചു മാറ്റിവച്ചു. മറ്റ് 3 കല്ലുകളുടെ അടിഭാഗത്ത് അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്തു. പ്രധാന കല്ലിനെ താങ്ങി നിർത്തുന്ന ഒരു കല്ല് പൊട്ടിയ നിലയിയിലായിരുന്നു. ഒരാഴ്ചത്തെ പ്രവൃത്തിയാണ് നടത്തുന്നത്. സന്ദർശകരെ നിയന്ത്രിക്കാൻ പൊലീസ് സാന്നിധ്യമുണ്ട്.
വയലിലാണ് കുടക്കല്ല് സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് ചുറ്റും വെള്ളം കയറുന്നത് ഒഴിവാക്കാൻ ഒരു മീറ്റർ ഉയരത്തിൽ മണ്ണ് നിറച്ച് ഇതിനു മുകളിൽ കല്ല് മാറ്റി സ്ഥാപിക്കും. കല്ലിനു ചുറ്റും സംരക്ഷണ ഭിത്തി നിർമിക്കും. ചരിത്ര സ്മാരകമായി പ്രഖ്യാപിച്ച ശേഷം സന്ദർശകർക്കു കാണാനും ഗവേഷണ സാധ്യതകൾക്കും അവസരം ഒരുക്കും. ശിലായുഗ മനുഷ്യർ മൃതദേഹം അടക്കം ചെയ്യുന്ന സ്ഥലത്തു സ്ഥാപിച്ചതാണെന്നു കരുതുന്നു.
വർഷങ്ങളായി ചരിത്ര ശേഷിപ്പ് അവഗണനയുടെ സ്മാരകമായിരുന്നു. മന്ത്രിയായിരുന്ന അഹമ്മദ് ദേവർകോവിൽ നേരത്തെ സംരക്ഷിത സ്മാരകമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. യാസർ പട്ടർകുളം സംരക്ഷണം ആവശ്യപ്പെട്ട് നേരത്തെ മുൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് നിവേദനം നൽകിയിരുന്നു. മഞ്ചേരി നഗരസഭ ചരിത്ര സ്മാരകമാക്കുമെന്ന് ഒട്ടേറെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.