ഗുണ്ടൽപേട്ടിൽ കാറും വാനും കൂട്ടിയിടിച്ച് അരിമ്പ്ര സ്വദേശികളായ സഹോദരങ്ങൾ മരിച്ചു

Mail This Article
ബെംഗളൂരു ∙ ഗുണ്ടൽപേട്ടിനു സമീപം കാറും വാനും കൂട്ടിയിടിച്ച്, മലപ്പുറം സ്വദേശികളായ സഹോദരങ്ങൾ മരിച്ചു. പരുക്കേറ്റ 13 പേരിൽ 3 കുട്ടികളുടെ നില ഗുരുതരമാണ്. കാർ യാത്രികരായ മൊറയൂർ അരിമ്പ്ര അത്തിക്കുന്ന് മന്നിയിൽ മുക്കണ്ണൻ അബ്ദുൽ അസീസിന്റെ മക്കളായ മുഹമ്മദ് ഷഹ്‌സാദ് (24), മുസ്‌കാനുൽ ഫിർദൗസ് (21) എന്നിവരാണു മരിച്ചത്. കാറോടിച്ചിരുന്ന ഷെഹ്ഷാദ് സംഭവസ്ഥലത്തു തന്നെ മരിച്ചു.
പരുക്കേറ്റ അബ്ദുൽ അസീസ് (50), മക്കളായ മുഹമ്മദ് അദ്‌നാൻ (18), മുഹമ്മദ് ആദിൽ (16), സഹ്ദിയ സുൽഫ (25), സഹ്ദിയ സുൽഫയുടെ മക്കളായ ആദം റബീഹ് (5), അയ്യത്ത് (എട്ട് മാസം), അബ്ദുൽ അസീസിന്റെ സഹോദരൻ മുഹമ്മദലിയുടെ മകൻ മുഹമ്മദ് ഷാനിജ് (15) എന്നിവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. അസീസും കുടുംബവും മണ്ഡ്യയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിലായിരുന്നു. മൈസൂരുവിൽ നിന്ന് ഊട്ടിയിലേക്കുള്ള വിനോദയാത്രാ സംഘമാണ് വാനിലുണ്ടായിരുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു.മുഹമ്മദ് ഷഹ്സാദിന്റെ മാതാവ്: കൊണ്ടോട്ടി തുറക്കൽ ചെമ്മലപ്പറമ്പ് ഫാത്തിമ. മുസ്‌കാനുൽ ഫിർദൗസിന്റെ മാതാവ്: മൈസൂരു കൊപ്പ രേഷ്മ ബാനു. സഹോദരൻ: സൽമാനുൽ ഫാരിസ്.