റെയിൽപാളം കടന്ന് വിദ്യാർഥികളുടെ യാത്ര; നടപ്പാലം വേണമെന്ന് ആവശ്യം

Mail This Article
പട്ടാമ്പി ∙ സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്രയ്ക്ക് പെരുമുടിയൂരിൽ റെയിൽവേ മേൽപാലമോ അടിപ്പാതയോ വേണമെന്ന് ആവശ്യം. കുട്ടികളുടെ റെയിൽപാളം മുറിച്ചുള്ള അപകട ഓട്ടം ഒഴിവാക്കാൻ അധികൃതർ കനിയണമെന്നാണ് സ്കൂൾ പിടിഎ ആവശ്യം. മുതുതല പഞ്ചായത്തിലെ പെരുമുടിയൂർ ഗവ. ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികളാണ് റെയിൽവേ ലൈനിന് കുറുകെ നടന്ന് സ്കൂളിലേക്ക് വരുന്നതും പോകുന്നതും. അഞ്ചാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള സ്കൂളിൽ 2000ത്തിലേറെ കുട്ടികൾ പഠിക്കുന്നുണ്ട്.
200 വിദ്യാർഥികൾ പഠിക്കുന്ന പെരുമുടിയൂർ എസ്എൻജി എ പി സ്കൂളും ഹയർ സെക്കൻഡറി സ്കൂളിനോട് ചേർന്നുണ്ട്. തദ്ദേശ വാസികളായ കുട്ടികൾ മാത്രമല്ല ദൂര സ്ഥലങ്ങളിൽ നിന്നുള്ള കുട്ടികളും ഹയർസെക്കൻഡറി സ്കൂളിലത്തുന്നുണ്ട്. കൊടുമുണ്ട റെയിൽവേ ഗേറ്റിൽ നിന്നു രണ്ട് കിലോമീറ്റർ ഉള്ളിലേക്കുള്ള വഴിയിലൂടെ യാത്ര ചെയ്ത് വേണം സ്കൂളിലെത്താൻ. ഇത് വളഞ്ഞ വഴിയായതിനാൽ കുട്ടികളധികവും സ്കൂളിലെത്തുന്നത് കോയപ്പടിയിൽ ബസ്സിറങ്ങി റെയിൽവേ ട്രാക്ക് മുറിച്ചു കടന്നാണ്.
റെയിൽവേ നിരോധിച്ചതും അപകടം നിറഞ്ഞതുമായ ഇൗ വഴി കുട്ടികൾ തിരഞ്ഞെടുക്കുന്നത് സ്കൂളിലെത്താനുള്ള എളുപ്പ വഴിയായതുകൊണ്ടാണ്. പട്ടാമ്പി പള്ളിപ്പുറം റോഡിലെ കോയപ്പടി ബസ് സ്റ്റോപ്പിൽ ബസിറങ്ങി സ്കൂളിലെത്തുന്ന കുട്ടികളുടെ യാത്ര സുരക്ഷിതമാകണമെങ്കിൽ റെയിൽവേ ലൈനിന് മുകളിലൂടെ നടപ്പാലമോ റെയിൽവേ ലൈനിന് താഴെ അടിപ്പാതയോ വേണം. ഇക്കാര്യത്തിൽ അനുമതി റെയിൽവേയും പാലം നർമാണത്തിനാവശ്യമായ ഫണ്ട് സംസ്ഥാന സർക്കാരും നൽകണമെന്നാവശ്യപ്പെട്ട് പിടിഎ പ്രസിഡന്റ് കെ. സുകുമാരൻ വി.കെ. ശ്രീകണ്ഠൻ എംപി മുഖേന റെയിൽവേയ്ക്കും , സംസ്ഥാന പൊതുമരാമത്ത്, വിദ്യാഭ്യാസ, ധനകാര്യ മന്ത്രിമാർക്കും നിവേദനം നൽകിയിട്ടുണ്ട്.