ഇന്നു ലോക കുരുവി ദിനം: അങ്ങാടിക്കുരുവികൾക്ക് താവളം ഒരുക്കി ഊട്ടിയിലെ ഫൊട്ടോഗ്രഫർ

Mail This Article
ഊട്ടി∙ ചെറിയ വീടിന്റെ ടെറസിൽ അങ്ങാടിക്കുരുവികൾക്കു താവളമൊരുക്കി ഊട്ടിയിലെ ഫൊട്ടോഗ്രഫർ ചാൾസ്. 22 കൂടുകളാണ് ഇദ്ദേഹം ഇവിടെ ഒരുക്കിയിട്ടുള്ളത്. ചാൾസ് നിർമിച്ച കൂടുകളിൽ മുട്ടയിട്ട് വിരിഞ്ഞ് പിന്നീട് പറന്നു പോയ കുരുവികളേറെയാണ്. തന്റെ കുടുംബത്തിന്റെ പരിമിതികളിൽ നിന്നു കൊണ്ടുതന്നെ ഇദ്ദേഹം കുരുവികൾക്കായി ചെയ്തു വരുന്ന നന്മകൾ ഏവരെയും അമ്പരപ്പിക്കും. കുരുവികളുടെ സുഖവാസത്തിനായി ടെറസിൽ പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.
ഇത് കൂടാതെ കുരുവികളുടെ ഫീഡറുകൾ സൗജന്യമായി ഇദ്ദേഹം നൽകി വരുന്നുണ്ട്. ഊട്ടി മാരിയമ്മൻ കോവിലിനു മുൻപിൽ സ്റ്റുഡിയോ ഉണ്ട്. സ്റ്റുഡിയോയിലെ ജോലിക്കിടയിലും വിവാഹം പോലുള്ള പരിപാടികൾക്കിടയിലും കുരുവികളെ സംരക്ഷിക്കാൻ സമയം കണ്ടെത്തുന്ന ചാൾസിനെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ലെന്ന് സാമൂഹിക പ്രവർത്തകനും നാഷനൽ ഗ്രീൻ കോറിന്റെ നീലഗിരി ജില്ലാ ഓർഗൈനസറുമായ വി.ശിവദാസ് സാക്ഷ്യപ്പെടുത്തുന്നു.