ബൈപാസും വൃത്തികേടാക്കി മാലിന്യം തള്ളൽ വീരന്മാർ

Mail This Article
തിരുവല്ല ∙ മഴുവങ്ങാട് പുഞ്ചയിൽ കൂടി പോകുന്ന ബൈപാസ് ഭാഗത്തിന്റെ വശങ്ങൾ പച്ചപ്പു വിരിച്ചു മനോഹരമാക്കുന്നതിനു തടസ്സമായി നാട്ടുകാരുടെ മാലിന്യം തള്ളൽ. പുഞ്ചയിൽ 10 അടിയോളം ഉയരത്തിൽ മണ്ണിട്ട് ഉയർത്തിയതിന്റെ വശങ്ങളിൽ സംരക്ഷണത്തിനായി വല വിരിച്ച് പുല്ല് വച്ചുപിടിപ്പക്കുന്ന ജോലി നടന്നുവരികയാണ്. ഇതിനിടിയിലാണ് ദിവസവും ചാക്കിലും പ്ലാസ്റ്റിക് കവറിലും കെട്ടി മാലിന്യം തളളുന്നത്.
രാവിലെ ബൈപാസ് ജോലിക്കെത്തുന്നവർക്ക് മാലിന്യവും ദുർഗന്ധവും കാരണം ജോലി ചെയ്യാൻ പോലും കഴിയുന്നില്ല. മഴുവങ്ങാട് മുതൽ പുഷ്പഗിരി റോഡു വരെ ഒരു കിലോമീറ്റർ റോഡിൽ വെളിച്ചമില്ല. റോഡിന്റെ നിർമാണം പൂർത്തിയാക്കാത്തതിനാൽ തെരുവുവിളക്കുകൾ സ്ഥാപിച്ചിട്ടില്ല. ഈ ഇരുട്ടിന്റെ മറവാണ് നാട്ടുകാർ മാലിന്യം തള്ളാൻ മറയാക്കുന്നത്. വാഹനങ്ങളിലെത്തി റോഡിലേക്കു വലിച്ചെറിയുകയാണ് ചെയ്യുന്നത്.
ബൈപാസിനു സമാന്തരമായ ചെയർമാൻസ് റോഡായിരുന്നു നേരത്തേ മാലിന്യം തള്ളിയിരുന്ന സ്ഥലം. ഇവിടെ 4 നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചതോടെ മാലിന്യം തള്ളൽ കുറഞ്ഞു. ബൈപാസിൽ ക്യാമറകൾ വച്ചിട്ടില്ല. ബൈപാസ് റോഡിൽ മാലിന്യം തള്ളുന്നത് എത്തുന്നത് മുല്ലേലി തോട്ടിലും ജലാശയത്തിലുമാണ്. ഇതോടെ പുഞ്ചയും വെള്ളവുമെല്ലാം മലിനമായി മാറുകയാണ്.