ആറിൽനിന്നു വന്നു; ആറിലേക്കു മടക്കം !
Mail This Article
റാന്നി ∙ ജലവിഭവ വകുപ്പിന്റെ ചുമതലയിൽ പമ്പാനദിയുടെ തീരങ്ങളിൽ വാരിയിട്ടിരുന്ന മണൽപുറ്റുകളും മണലും ആറ് വിഴുങ്ങി. ആറ്റിൽ ജലനിരപ്പ് ഉയർന്നാൽ ശേഷിക്കുന്നതും വെള്ളത്തിലാകും. വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനാണ് പ്രളയത്തിൽ പമ്പാനദിയിൽ അടിഞ്ഞിരുന്ന ചെളിയും മണലും നീക്കാൻ തീരുമാനിച്ചത്. ഇതോടൊപ്പം തീരങ്ങളിലെ മണൽപുറ്റുകൾ നീക്കാനും പദ്ധതിയിട്ടിരുന്നു. കാലവർഷത്തിനു മുൻപേ പണി തുടങ്ങിയിരുന്നു. മണ്ണുമാന്തികൾ ഉപയോഗിച്ച് ചെളിയും മണലും തീരങ്ങളിൽ വാരിയിടുകയായിരുന്നു.
ഇതു വ്യാപക പരാതിക്കിടയാക്കിയപ്പോൾ പഞ്ചായത്തുകൾ ക്രമീകരിച്ചു നൽകിയ യാർഡുകളിൽ കുറെ എത്തിച്ചു. പേരൂച്ചാൽ മങ്ങാട്ടിൽപടി, വരവൂർ എന്നീ കടവുകളിലെ തീരങ്ങളിൽ വാരിയിട്ടിരുന്ന മണലും ചെളിയും യാർഡിലേക്കു നീക്കിയിരുന്നില്ല. അവ തീരങ്ങളിൽ കിടക്കുകയായിരുന്നു. മങ്ങാട്ടിൽപടി ഭാഗത്ത് തീരത്ത് വാരിയിട്ടതിൽ കുറച്ചു ചെളി മാത്രമാണ് ശേഷിക്കുന്നത്. ബാക്കിയെല്ലാം ആറ്റിലെ വെള്ളത്തിൽ ലയിച്ചു. വരവൂരിലും തീരത്തു കിടന്നതെല്ലാം വെള്ളം കൊണ്ടുപോയി. പെരുന്തേനരുവി വനത്തിൽ വാരിയിട്ടതും ചെളിയായി ആറ്റിലേക്കു വീണ്ടും ഒഴുകുകയാണ്.