സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവർ വർധിച്ചു: മന്ത്രി വീണാ ജോർജ്

Mail This Article
ഓതറ ∙ ആരോഗ്യരംഗത്ത് കേരളത്തിന്റെ പ്രവർത്തനം വികസിത രാജ്യങ്ങൾക്ക് തുല്യമാണെന്നും എട്ടര വർഷത്തിനിടെ സംസ്ഥാനത്തെ ആരോഗ്യരംഗം ഏറെ മെച്ചപ്പെട്ടെന്നും സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചതായും മന്ത്രി വീണാ ജോർജ്. ഓതറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒപി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 1.4 കോടി രൂപ ചെലവഴിച്ച് 4900 ചതുരശ്രഅടി വലുപ്പത്തിൽ നിർമിക്കുന്ന കെട്ടിടം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാകും. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 46 കോടി രൂപയുടെ നിർമാണം പുരോഗമിക്കുന്നു. പുതിയ വാർഡിനായി 2 കോടി രൂപ അനുവദിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 30 കോടി രൂപയുടെ നിർമാണം നടക്കുന്നു.
ഇത് മേയ് മാസത്തിൽ പൂർത്തിയാകും. പത്തനംതിട്ട മെഡിക്കൽ കോളജിന്റെ പ്രവർത്തനവും മികച്ച നിലയിൽ പുരോഗമിക്കുന്നുണ്ട്. ആറന്മുളയിൽ സഹകരണ എൻജിനീയറിങ് കോളജുമായി ബന്ധപ്പെട്ട് പുതിയ നഴ്സിങ് കോളജ് അനുവദിച്ചിട്ടുണ്ട്. അടൂർ, റാന്നി താലൂക്ക് ആശുപത്രികളിൽ 15 കോടി രൂപയുടെ വികസനം നടന്നുവരുന്നു.
ലാബ് പരിശോധന എളുപ്പമാക്കുന്ന 'നിർണയ' പദ്ധതി ഈ വർഷത്തോടെ സംസ്ഥാനമൊട്ടാകെ നടപ്പാക്കും. തിരുവനന്തപുരം ആർസിസിയിൽ റോബട്ടിക് സർജറി നടത്തുന്നുണ്ട്. കരൾ, മജ്ജ മാറ്റിവയ്ക്കൽ സൗകര്യം കോട്ടയത്തും മലബാർ കാൻസർ സെന്ററിലും സജ്ജമാക്കി. ലോക കാൻസർ ദിനമായ ഫെബ്രുവരി 4മുതൽ മാർച്ച് 8 വരെ 30 കഴിഞ്ഞ സ്ത്രീകൾക്ക് ബ്രെസ്റ്റ്, സെർവിക്കൽ കാൻസർ സ്ക്രീനിങ് ടെസ്റ്റ് നടത്തും.
ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള അധ്യക്ഷത വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എൽസ തോമസ്, ജിജി ജോൺ മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, അംഗങ്ങളായ ആർ.ജയശ്രീ, ജോസഫ് മാത്യു, അമിത രാജേഷ്, വിനീഷ് കുമാർ, അമ്മിണി ചാക്കോ, ത്രേസ്യാമ്മ കുരുവിള, സതീഷ് കുമാർ, ജിൻസൻ വർഗീസ്, ബിജി ബെന്നി, എം.എസ്.മോഹൻ, കെ.കെ.വിജയമ്മ, സുസ്മിത ബൈജു, പ്രിയ വർഗീസ്, ഷേർളി ജയിംസ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എൽ.അനിത കുമാരി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫിസർ ഡോ. അംജിത്ത് രാജീവൻ, ഓതറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. റ്റിറ്റു ജി. സക്കറിയ. പി.സി.സുരേഷ് കുമാർ, കെ.കെ.രാജു, സ്റ്റാൻലി സാമുവൽ, തമ്പു പനോടിൽ എന്നിവർ പ്രസംഗിച്ചു.