തിരുവാഭരണ ഘോഷയാത്ര 23ന് പന്തളത്ത് മടങ്ങിയെത്തും

Mail This Article
പന്തളം ∙ മകരവിളക്ക് ഉത്സവത്തിനു ശേഷം നാളെ രാവിലെ ആറരയ്ക്ക് ശബരിമല നട അടയ്ക്കുന്നതോടെ പന്തളം രാജപ്രതിനിധി തൃക്കേട്ടനാൾ രാജരാജവർമയുടെ നേതൃത്വത്തിൽ തിരുവാഭരണ ഘോഷയാത്ര പന്തളത്തേക്ക് യാത്ര തിരിക്കും. പമ്പയിലെത്തിയ ശേഷം പരമ്പരാഗത കാനനപാതയിലൂടെയാണ് മടക്കം. 23ന് രാവിലെ ഏഴോടെ പന്തളം കൊട്ടാരത്തിലെത്തും.
പന്തളത്തേക്കുള്ള യാത്രയിൽ ആദ്യ വിശ്രമം ളാഹ വനം വകുപ്പ് സത്രത്തിലാണ്. 21ന് പുലർച്ചെ ഇവിടെ നിന്നു പുറപ്പെട്ട് ഉച്ചയോടെ പെരുനാട് കക്കാട്ടുകോയിക്കൽ ക്ഷേത്രത്തിലെത്തും. ഇവിടെ പുലർച്ചെ വരെ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദർശനമുണ്ട്. 22ന് പുലർച്ചെ മൂന്നോടെ പെരുനാട് നിന്നു യാത്ര തിരിക്കും. വടശേരിക്കര, ചെറുകോൽ, അയിരൂർ പുതിയകാവ്, പാമ്പാടിമൺ വഴി ആറന്മുള കൊട്ടാരത്തിലെത്തും. ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം കൊട്ടാരത്തിൽ തിരുവാഭരണ ദർശനമുണ്ടാകും.
23ന് പുലർച്ചെ 4ന് യാത്ര തുടങ്ങും. കിടങ്ങന്നൂർ, കുളനട ദേവീക്ഷേത്രം, പന്തളം വലിയ പാലം വഴി ഏഴോടെ പന്തളം കൊട്ടാരത്തിലെത്തും. തിരുവാഭരണ പെട്ടികൾ ദേവസ്വം ബോർഡ് അധികൃതരിൽ നിന്ന് കൊട്ടാരം നിർവാഹകസംഘം ഭാരവാഹികൾ ഏറ്റുവാങ്ങും. തുടർന്ന് സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിലേക്ക് മാറ്റും. മടക്കയാത്രയിലും വിവിധയിടങ്ങളിൽ സ്വീകരണമൊരുക്കിയിട്ടുണ്ട്.
മകരവിളക്ക് ഉത്സവത്തിനായി ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായി 12ന് ഉച്ചയ്ക്ക് ഒന്നിനാണ് ഘോഷയാത്ര പന്തളത്ത് നിന്നു പുറപ്പെട്ടത്. ഫെബ്രുവരി 15ന് അയ്യപ്പന്റെ പിറന്നാളായ കുംഭമാസത്തിലെ ഉത്രം നാളിലും ഏപ്രിൽ 14ന് വിഷുദിനത്തിലുമാണ് വലിയ കോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഇനി തിരുവാഭരണ ദർശനമുള്ളത്.
ചടങ്ങുകൾ ഇങ്ങനെ
മലദൈവങ്ങളെ പ്രീതിപ്പെടുത്താനായി ഇന്ന് രാത്രി മാളികപ്പുറത്ത് ഗുരുതി നടക്കും. നാളെ രാജപ്രതിനിധിക്ക് മാത്രമാണ് അയ്യപ്പദർശനം. രാവിലെ ആറോടെ ദർശനത്തിന് ശേഷം രാജപ്രതിനിധി പതിനെട്ടാം പടിയിറങ്ങും. തുടർന്ന് പതിനെട്ടാംപടിക്കു താഴെ ആചാരപരമായ ചടങ്ങുകൾ. ശ്രീകോവിൽ നടയടച്ച ശേഷം മേൽശാന്തി താക്കോൽ രാജപ്രതിനിധിക്ക് നൽകും. മാസ പൂജകൾക്കായി താക്കോലും ചെലവിനത്തിലേക്കെന്ന സങ്കൽപത്തിൽ പണക്കിഴിയും രാജപ്രതിനിധി തിരികെ നൽകും. തുടർന്നാണ് പന്തളം രാജപ്രതിനിധിയും സംഘവും മടക്കയാത്ര തുടങ്ങുക.'