ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീ, പരിഭ്രാന്തരായി ജനാല വഴി പുറത്തേക്ക് ചാടി യാത്രക്കാർ
Mail This Article
തിരുവനന്തപുരം ∙ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. വൻ അപകടമൊഴിവായി. കാട്ടാക്കട ഡിപ്പോയിലെ ഗുരുവായൂർ സൂപ്പർ ഫാസ്റ്റിനാണ് ഇന്നലെ വൈകിട്ട് 7 ന് തീപിടിച്ചത്. തമ്പാനൂർ ബസ് ടെർമിനൽ നിന്നെടുത്ത ബസ് അരിസ്റ്റോ ജംഗ്ഷനിലെത്തിയപ്പോൾ ബസിന്റെ മുൻവശത്തെ അടിഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരാണ് ബഹളം കൂട്ടി, വിവരം ഡ്രൈവറെ അറിയിച്ചത്. തുടർന്ന് ബസ് നിർത്തി.
വിവരമറിഞ്ഞ് ബസിലെ യാത്രക്കാർ പരിഭ്രാന്തരായി, ജനാല വഴി പുറത്തേക്ക് ചാടി. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് ബസിലുണ്ടായിരുന്നത്. ബസിന്റെ ബാറ്ററി സ്ഥിതി ചെയ്യുന്ന ഭാഗം പൂർണമായി കത്തി നശിച്ചു. അടുത്തുള്ള കടയിൽ നിന്ന് ബക്കറ്റിൽ വെള്ളമെത്തിച്ചു നാട്ടുകാർ തീ അണച്ചു.തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണഞ്ഞെന്നു സ്ഥിരീകരിച്ചു.
ബസിന്റെ ബാറ്ററിയിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. ബസിലെ യാത്രക്കാർക്കായി പകരം ബസും ഏർപ്പെടുത്തി. അന്വേഷണം നടത്തുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.