പല്ലുകൾ ഇളകി ഏഴുവയസ്സുകാരൻ; പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമർദനമെന്ന് പരാതി

Mail This Article
കഴക്കൂട്ടം∙ മര്യനാട് ഏഴു വയസ്സുകാരനെ പിതാവും രണ്ടാനമ്മയും ചേർന്ന് മർദിക്കുകയും പല്ല് ഇടിച്ചു തകർക്കുകയും ചെയ്തതായി കുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി. പള്ളിത്തുറ സ്വദേശിയായ പിതാവ്, ഇടുക്കി സ്വദേശിയായ രണ്ടാനമ്മ എന്നിവർക്കെതിരെയാണ് പരാതി. വിവാഹമോചനം നേടിയ ആദ്യ ഭാര്യ വിദേശത്ത് പോയ തക്കത്തിന് കുട്ടിയെ പിതാവ് ബലമായി ഇടുക്കിയിലെ രണ്ടാം ഭാര്യയുടെ അടുക്കൽ എത്തിച്ചു.
അവിടെ നിസ്സാര കാര്യങ്ങൾക്ക് പോലും കുട്ടിയെ ഇരുവരും മർദിക്കുകയായിരുന്നുവെന്നാണു പരാതി. കുട്ടിയെ തിരികെ കിട്ടണം എന്നാവശ്യപ്പെട്ട് അമ്മ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഏതാനും ദിവസം മുൻപ് കുട്ടിയെ നാട്ടിൽ എത്തിച്ചു.. കുട്ടിയുടെ ദേഹത്ത് മർദനത്തിന്റെ പാടു കണ്ട ബന്ധുക്കൾ കുട്ടിയെ പുത്തൻതോപ്പ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു . രണ്ടാനമ്മയുടെ മർദനത്തിൽ രണ്ട് പല്ല് ഇളകി പോയെന്ന് കുട്ടി ചൈൽഡ് ലൈനിൽ നൽകിയ മൊഴിയിൽ പറഞ്ഞു. ഇരുവരും തന്നെ മർദിച്ചെന്നും കുട്ടി പറഞ്ഞിട്ടുണ്ട്.