കരമനയാറിന്റെ കരയിലെ മരംമുറി: ഇറിഗേഷൻ വകുപ്പ് പരിശോധന നടത്തി
Mail This Article
പേയാട് ∙ അരുവിപ്പുറം ഭാഗത്ത് കരമനയാറിന്റെ തീരത്തെ സർക്കാർ വക ഭൂമിയിൽ നിന്നു മരങ്ങൾ മുറിച്ചു കടത്തിയെന്ന പരാതിയെ തുടർന്ന് ഇറിഗേഷൻ വകുപ്പ് അധികൃതർ പരിശോധന നടത്തി. മരങ്ങൾ നിന്ന സ്ഥലം സർക്കാർ ഭൂമിയാണോ എന്ന് ഉറപ്പിക്കാൻ സാധിക്കാത്തതിനാൽ സ്ഥലം അളക്കാൻ താലൂക്ക് സർവേയറെ സമീപിച്ചു. എന്നാൽ പരാതി ഉയർന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും നടപടി വൈകുകയാണെന്ന് ആരോപണമുണ്ട്. ദിവസങ്ങൾക്കു മുൻപാണ് പുഴയുടെ തീരത്തുള്ള സ്വകാര്യ വില്ല പ്രോജക്ടിനോട് ചേർന്ന ഭൂമിയിലെ തേക്ക്, മഹാഗണി ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചത്.
വില്ലയുടെ ഉടമയാണ് മരങ്ങൾ വിറ്റതെന്നാണ് ആരോപണം. ഇതിൽ 10 മരങ്ങൾ എങ്കിലും സർക്കാർ ഭൂമിയിൽ ഉള്ളതെന്നാണു സൂചന. ഇത് കരയിടിച്ചിലിനും പുഴയുടെ നാശത്തിനും കാരണമാകുമെന്നും നാട്ടുകാർ ആരോപിച്ചു. പരാതിയെ തുടർന്ന് റവന്യു, പഞ്ചായത്ത് അധികൃതർ സ്ഥലത്ത് എത്തി മരം മുറിക്കുന്നതു തടഞ്ഞു. എന്നാൽ വിശദമായ പരിശോധന നടത്തിയാൽ മാത്രമേ തീരുമാനമെടുക്കാൻ സാധിക്കൂ എന്നാണ് വില്ലേജ് അധികൃതർ തഹസിൽദാർക്ക് നൽകിയ റിപ്പോർട്ട്. ഐ.ബി.സതീഷ് എംഎൽഎ, ബ്ലോക്ക് അംഗം ആർ.ബി.ബിജുദാസ്, വാർഡംഗം ഉഷ എന്നിവരടങ്ങുന്ന സംഘം സ്ഥലം സന്ദർശിച്ചു.