പാതിവില തട്ടിപ്പ് : 400 കേസുകൾ ക്രൈംബ്രാഞ്ചിന് കൈമാറി; ഇന്ന് 250 കേസുകൾ കൂടി കൈമാറും
Mail This Article
തിരുവനന്തപുരം/മൂവാറ്റുപുഴ ∙ പാതിവില തട്ടിപ്പിൽ ഇന്നലെ വരെ 400 കേസുകൾ ക്രൈംബ്രാഞ്ചിനു കൈമാറി. 8 കോടി രൂപയുടെ ക്രമക്കേടാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്. ഇന്ന് 250 കേസുകൾ കൂടി കൈമാറും. ഓരോ ദിവസവും പത്തോളം കേസുകൾ പുതിയതായി ലോക്കൽ പൊലീസ് റജിസ്റ്റർ ചെയ്യുന്നുണ്ട്. അനന്തു കൃഷ്ണൻ, കെ.എൻ.ആനന്ദകുമാർ എന്നിവരാണു ഭൂരിപക്ഷം കേസിലും മുഖ്യപ്രതികൾ. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ 4 കേസിൽ പ്രതിയാണ്. ഏതാനും എൻജിഒ സംഘടനകളുടെ ഭാരവാഹികളും പല കേസിലും പ്രതിസ്ഥാനത്തുണ്ട്.
കെ.എൻ.ആനന്ദകുമാർ രൂപീകരിച്ച നാഷനൽ എൻജിഒ കോൺഫെഡറേഷൻ അഡ്വൈസറി ചെയർമാനായിരുന്നു ജസ്റ്റിസ് രാമചന്ദ്രൻ നായർ. ഇദ്ദേഹം ഇവരുടെ 2 പരിപാടികൾ ഉദ്ഘാടനം ചെയ്തെന്നും എന്നാൽ സാമ്പത്തിക ഇടപാട് ഉണ്ടായിട്ടില്ലെന്നുമാണു പൊലീസ് പറയുന്നത്. അന്വേഷണത്തിൽ പങ്കില്ലെന്നു തെളിഞ്ഞാൽ കേസിൽനിന്ന് ഒഴിവാക്കാവുന്നതേയുള്ളൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.
അനന്തുകൃഷ്ണൻ ഓൺലൈൻ സാമ്പത്തിക ഇടപാടുകൾക്കു വേണ്ടി ‘ഇ കൊമേഴ്സ് സൈറ്റ്’ തുടങ്ങാൻ പദ്ധതിയിട്ടിരുന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തമായി. വിമൻ ഓൺ വീൽസ് എന്ന പേരിൽ ആരംഭിച്ച സൈറ്റിന്റെ ഭാഗമായി ഇ– പേയ്മെന്റുകൾ നടത്താനും ചില ഓൺലൈൻ ഏജൻസികളുമായി കരാർ ഉണ്ടാക്കിയിരുന്നു. എറണാകുളം ജില്ലയിലെ തട്ടിപ്പുകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യൽ പൂർത്തിയാക്കി അനന്തുകൃഷ്ണനെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ കോടതിയിൽ ഹാജരാക്കി. ഈ മാസം 28 വരെ റിമാൻഡ് ചെയ്തു. ഇപ്പോൾ മൂവാറ്റുപുഴ സബ് ജയിലിലുള്ള അനന്തുകൃഷ്ണനെ മറ്റു ജില്ലകളിൽ റജിസ്റ്റർ ചെയ്ത കേസുകളിൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
വേഗംകൂട്ടി ഇ.ഡി
അനന്തുകൃഷ്ണൻ, പറവൂരിലെ ജനസേവാ സമിതി, കോൺഗ്രസ് നേതാവും അഭിഭാഷകയുമായ ലാലി വിൻസന്റ് എന്നിവരുടെ അക്കൗണ്ട് മരവിപ്പിച്ച ഇ.ഡി, സായിഗ്രാമം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെ.എൻ.ആനന്ദകുമാറിന്റെ അക്കൗണ്ട് മരവിപ്പിക്കാനുള്ള നടപടിയിലേക്കു കടന്നു. 2 കോടിയോളം രൂപയാണ് സംഭാവനയായി അനന്തുകൃഷ്ണൻ സായിഗ്രാമം ട്രസ്റ്റിന് നൽകിയത്. മാസം 10 ലക്ഷം വീതം നൽകുകയും ചെയ്തു. സംഭാവനയാണെങ്കിലും ഇൗ തുകയും കേസിൽ ഉൾപ്പെടും. അതിനാലാണ് ആനന്ദകുമാറിന്റെ അക്കൗണ്ട് മരവിപ്പിക്കുന്നത്.
തട്ടിപ്പിലൂടെ സംഭരിച്ച പണം ആർക്ക്, ഏതു രീതിയിൽ കൈമാറിയാലും ആ പണം കണ്ടെത്തി മരവിപ്പിക്കുകയെന്നതാണ് കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ച (പ്രിവൻഷൻ ഓഫ് മണി ലോണ്ടറിങ് ആക്ട്– പിഎംഎൽഎ) കേസിന്റെ രീതി. ആ പണം ഉപയോഗിച്ചു വാങ്ങിയ സ്വത്ത് മരവിപ്പിക്കും. ഇത്തരത്തിൽ ലഭിച്ച പണവും സർക്കാരിന്റെ അന്വേഷണച്ചെലവും തിരികെ നൽകിയാൽ മാത്രമേ ജയിൽവാസം ഉൾപ്പെടെ മറ്റു നടപടികളിൽ നിന്ന് ഒഴിവാകാനാകൂ. അനന്തുകൃഷ്്ണൻ പണം സംഭാവന നൽകിയ രാഷ്ട്രീയ നേതാക്കളും ഇ.ഡിയുടെ അന്വേഷണപരിധിയിൽ വരും. സ്കൂട്ടറിനു ലഭിച്ച കമ്മിഷൻ തുക കമ്പനികൾ നൽകിയത് അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ്. ഇൗ ഇനത്തിൽ 7.5 കോടി ലഭിച്ചെന്നാണ് വിവരം. ഇൗ അക്കൗണ്ടിൽ നിന്നാണ് അനന്തുകൃഷ്ണൻ സംഭാവനകൾ നൽകിയത്. പാതിവിലയ്ക്ക് ലഭിച്ചതിനു പുറമേ ഓരോ സ്കൂട്ടറിനും 5000–7000 രൂപ അനന്തുകൃഷ്ണന് കമ്മിഷൻ ലഭിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.