ADVERTISEMENT

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും ഒരു പൊങ്കാലക്കാലം. ‘സ്ത്രീകളുടെ ശബരിമല’ എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഇപ്പോൾ രണ്ടു ഗിന്നസ് റെക്കോർഡുകളുടെ നിറവിലാണ്. മതപരമായ ഒരാചാരത്തിനായി ഏറ്റവും കൂടുതൽ സ്ത്രീകൾ അണിചേരുന്ന ഉത്സവമെന്ന അംഗീകാരം ക്ഷേത്രത്തിനു സ്വന്തം. 2009 ലെ ഗിന്നസ് രേഖകൾ പ്രകാരം 2.5 ദശലക്ഷം പേരാണ് ആറ്റുകാൽ പൊങ്കാലയിൽ അന്ന് പങ്കെടുത്തത്.

ആധുനിക ചരിത്രം ആരംഭിക്കുന്നത് ആറ്റുകാൽ ശങ്കരനാഥ ജോഷ്യരുടെ കാലഘട്ടത്തോടെയാണ്. പണ്ഡിതനും കവിയുമായ ഇദ്ദേഹം കണ്ണൂർ ജില്ലയിലെ കരിവെള്ളൂരിലാണ് ജനിച്ചത്. ചെറുപ്പത്തിലേ ഉത്തരേന്ത്യയിലെത്തിയ ഇദ്ദേഹം ജ്യോതിശാസ്ത്രത്തിലും പാണ്ഡിത്യം നേടി. പിൽക്കാലത്ത് പഞ്ചാബ് സിംഹം എന്നറിയപ്പെട്ടിരുന്ന മഹാരാജാ രഞ്ജിത്ത് സിങ്ങിന്റെ സദസ്സിലെ അംഗവും ഉപദേഷ്ടാവും മന്ത്രിയുമായി. ശങ്കരനാഥ ജോഷ്യരെക്കുറിച്ചറിഞ്ഞ തിരുവിതാംകൂർ മഹാരാജാവ് സ്വാതി തിരുനാൾ രാമവർമ അദ്ദേഹത്തെ  തന്റെ സദസ്സിലേക്കു ക്ഷണിച്ചു.1840കളിൽ അദ്ദേഹം

ഇവിടെ എത്തി. ജഡ്ജിയും ഫൗസ്ദാറുമായി സ്വാതി തിരുനാൾ അദ്ദേഹത്തെ നിയമിച്ചു.  അക്കാലത്താണ് ആറ്റുകാലിലെ പ്രസിദ്ധമായ ചെറുകര വീട്ടിലെ ലക്ഷ്മി അമ്മയെ വിവാഹം കഴിച്ചു. കാഞ്ചിയിലെ കാമാക്ഷി ദേവിയുടെ ഉപാസകനായിരുന്ന അദ്ദേഹം ഈ കുടുംബത്തിന്റെ തെക്കതിലെത്തി ദേവിയെ ഭജിക്കുന്നതു പതിവായിരുന്നു.

അപൂർവമായ ദേവീ ചൈതന്യം ഇവിടെ ദർശിച്ച കാര്യം സ്വാതി തിരുനാൾ മഹാരാജാവിന്റെ ശ്രദ്ധയിൽപെടുത്തി. ദേവീവിഗ്രഹം നിർമിച്ച് ആരാധന നടത്താൻ അദ്ദേഹം നിർദേശിച്ചു. പിന്നീട് വരിക്കപ്ലാവിൽ ചതുർബാഹുവായ വിഗ്രഹം നിർമിച്ച് പ്രതിഷ്ഠ നടത്തി. ആ വിഗ്രഹമാണ് ഇപ്പോഴും ഇവിടെ ആരാധിക്കുന്നത്. നേപ്പാളിലെ ഗണ്ഡകീനദിയിൽ നിന്നെത്തിച്ച സാളഗ്രാമങ്ങളാണ് ശ്രീപദ്മനാഭസ്വാമി വിഗ്രഹത്തിലുള്ളത്.

ഈ സാളഗ്രാമങ്ങളിൽ കുറച്ച് കൊട്ടാരത്തിൽനിന്ന് ക്ഷേത്രത്തിലേക്കു നൽകിയതായി തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. ശങ്കരനാഥ ജോഷ്യർ ദേവിയെ സ്തുതിച്ച് ധാരാളം സ്തോത്രങ്ങളും രചിച്ചു. അദ്ദേഹത്തിന്റെ മകൻ ആറ്റുകാൽ ശങ്കരപ്പിള്ളയും പിതാവിന്റെ പാത പിന്തുടർന്നു. ജഡ്ജിയും പണ്ഡിതനുമായ അദ്ദേഹവും ദേവീ ഉപാസകനായി തുടർന്നു.

ആറ്റുകാൽ ക്ഷേത്രം മാറ്റത്തിന്റെ വഴികൾ
ദീർഘകാലം ക്ഷേത്രത്തിന്റെ മേൽനോട്ടം ചെറുകര കുടുംബത്തിനായിരുന്നു.  നാട്ടുകാരുടെ യോഗം വിളിച്ചുചേർത്ത് ഒരു കമ്മിറ്റി രൂപീകരിച്ച് ക്ഷേത്ര ഭരണം കൈമാറിയ ശേഷമാണ് ആറ്റുകാൽ ഗോവിന്ദപ്പിള്ള വിട പറഞ്ഞത്. 1962ൽ ആദ്യത്തെ ട്രസ്റ്റ് കമ്മിറ്റി നിലവിൽവന്നു. പിൽക്കാലത്ത് അതു വിപുലീകരിച്ചു. പിന്നീട് നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു ജനകീയ സമിതിക്കു ഭരണം കൈമാറി.1968ൽ ക്ഷേത്രം പുതുക്കിപ്പണിതു.1975ൽ ഗോപുരത്തിന്റെ പണി ആരംഭിച്ചു.

1978ൽ പണി പൂർത്തിയായി.1980ൽ മഹാകുംഭാഭിഷേകം നടത്തി, 1988 ഫെബ്രുവരി 16ന്  വിഗ്രഹത്തിൽ തങ്കഅങ്കി ചാർത്തി. ആദ്യകാലത്ത് ഉപദേവന്മാരായ ഗണപതി, മാടൻ തമ്പുരാൻ എന്നീ വിഗ്രഹങ്ങൾ ശ്രീകോവിലിനു സമീപത്തായിരുന്നു. പിൽക്കാലത്ത് ചുറ്റമ്പലത്തിൽ ശിവപ്രതിഷ്ഠ നടത്തുകയും ഗണപതി, നാഗങ്ങൾ എന്നിവയുടെ വിഗ്രഹങ്ങൾ സ്ഥാപിക്കുകയും ചെയ്തു. മാടൻ തമ്പുരാന്റെ വിഗ്രഹം ഇപ്പോൾ ശ്രീകോവിലിനു സമീപത്താണ്.   ക്ഷേത്രത്തിന്റെ വളർച്ചയ്ക്കൊപ്പം തലസ്ഥാനനഗരത്തിലും പ്രാന്തപ്രദേശങ്ങളിലും പൊങ്കാല വ്യാപിച്ചു. 

ചങ്ങമ്പുഴയുടെയും ഗുപ്തൻ നായരുടെയും സന്ദർശനം
ആദ്യകാലത്ത് ക്ഷേത്രത്തിലെ വഴിപാടായിട്ടാണ് പൊങ്കാല തുടങ്ങിയത്. പിൽക്കാലത്താണ് അതിനു വ്യാപക പ്രചാരം ലഭിക്കുകയായിരുന്നു. എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽതന്നെ ക്ഷേത്രം പ്രചാരം നേടിയിരുന്നു. പ്രശസ്ത നിരൂപകൻ പ്രഫ.എസ്.ഗുപ്തൻ നായർ കോളജ് വിദ്യാർഥിയായിരുന്ന കാലത്ത് ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നതായി അദ്ദേഹത്തിന്റെ മകനും ചരിത്രകാരനുമായ ഡോ.എം.ജി.ശശിഭൂഷൺ പറഞ്ഞു. അന്ന് ഒപ്പമുണ്ടായിരുന്നത് സഹപാഠിയായ ചങ്ങമ്പുഴ കൃഷ്ണപിള്ളയായിരുന്നു. ചങ്ങമ്പുഴ ക്ഷേത്രത്തെപ്പറ്റി കവിത എഴുതിയതായും ശശിഭൂഷൺ ഓർമിക്കുന്നു.

ചട്ടമ്പിസ്വാമികളുടെ താവളം
ചട്ടമ്പിസ്വാമികൾ ആറ്റുകാൽ ദേവീ ഉപാസകനായിരുന്നു, അദ്ദേഹം ഇവിടെ ഇടയ്ക്കിടെ സന്ദർശനം നടത്തുമായിരുന്നു. ആ സ്മരണയ്ക്കായി സ്ഥാപിച്ചതാണ് ക്ഷേത്ര പരിസരത്തെ ചട്ടമ്പിസ്വാമി സ്മാരകം, ചട്ടമ്പിസ്വാമികൾ സമാധിയായപ്പോഴത്തെ ചിത്രം കുമ്പളത്തു ശങ്കുപ്പിള്ള ക്യാമറയിൽ പകർത്തിയിരുന്നു. അത് ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.

വിഷ്ണുതീർഥൻ പോറ്റിയുടെ സ്മരണകൾ
ആറ്റുകാൽ ക്ഷേത്രം ഇന്നത്തെ നിലയിൽ പ്രസിദ്ധമായതിനു പിന്നിൽ ആദ്യകാല മേൽശാന്തിമാരിലൊരാളായ വിഷ്ണുതീർഥൻ പോറ്റിയുടെ പങ്ക് വളരെ വലുതാണെന്ന് ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ  എസ്.വേണുഗോപാൽ ഓർമിക്കുന്നു. കിള്ളിയാറിന്റെ കരയിൽ വയലും വരമ്പും പച്ചപ്പും നിറഞ്ഞ ഗ്രാമമായിരുന്നു അന്ന് ആറ്റുകാൽ, വയൽ വരമ്പിലൂടെയാണ് ക്ഷേത്രത്തിലേക്കുള്ള വഴി,സമീപത്തെ പുത്തൻകോട്ടയിലാണ് അദ്ദേഹം താമസിച്ചിരുന്നത്. കാൽനടയായി പൂജയ്ക്കെത്തിയിരുന്നത് വഴിയരികിലെ പൂക്കളും ശേഖരിച്ചാണ്. ചന്ദനവും

വിഷ്ണുതീർഥൻ പോറ്റി
വിഷ്ണുതീർഥൻ പോറ്റി

ഭസ്മവും കുങ്കുമവുമൊക്കെ കയ്യിൽ കരുതും. ഇങ്ങനെ 50 വർഷമാണ് അദ്ദേഹം ദേവീ ഉപാസന നടത്തിയത് . ഇക്കാലത്ത് ക്ഷേത്ര ചൈതന്യം വർധിക്കുകയായിരുന്നെന്ന് വേണുഗോപാൽ പറഞ്ഞു. സമീപത്തെ പഴമക്കാരും ഇതു ശരിവയ്ക്കുന്നു.നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നയാളെയാണ്  ഇപ്പോൾ മേൽശാന്തിയായി നിയമിക്കുന്നത്. 

ഗിന്നസ് റെക്കോർഡ് രണ്ടു തവണ
രണ്ടു തവണയാണ് ആറ്റുകാൽ പൊങ്കാല ഗിന്നസ് റെക്കോർഡ്സിൽ ഇടം തേടിയത്. 1997ലും 2009ലും 1.5 ദശലക്ഷം സ്ത്രീകൾ ഒത്തുചേരുന്ന മതപരമായ ചടങ്ങ് എന്ന നിലയിലാണ് ആദ്യത്തെ റെക്കോർഡ്. 2.5 ദശലക്ഷം സ്ത്രീകൾ അണിനിരന്ന ചടങ്ങ് എന്ന ബഹുമതി 2009ൽ ലഭിച്ചു.

English Summary:

Attukal Pongala, a massive women's religious festival, holds two Guinness World Records for the largest gathering. The Attukal Bhagavathy Temple, its center, boasts a fascinating history intertwined with royal patronage and significant religious figures.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com