കണ്ണീർമടക്കം: ആശാ വർക്കർമാരും മന്ത്രി വീണാ ജോർജുമായുള്ള ചർച്ച പരാജയം

Mail This Article
തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിനു മുന്നിൽ രാപകൽ സമരം നടത്തുന്ന ആശാ വർക്കർമാരുമായി മന്ത്രി വീണാ ജോർജ് നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടു. ആശാ വർക്കർമാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആർ.ഷീജ എന്നിവർ ഇന്നു 11ന് നിരാഹാര സമരം ആരംഭിക്കും. ആശമാരുടെ ഇൻസെന്റീവ് വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ കേന്ദ്രമന്ത്രി ജെ.പി.നഡ്ഡയുമായി ചർച്ച ചെയ്യാൻ മന്ത്രി വീണാ ജോർജ് ഇന്ന് ഡൽഹിയിലേക്കു പോകും.സമരത്തിന്റെ 38–ാം ദിവസമായ ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് സംസാരിച്ചതോടെയാണ് അനുരഞ്ജന ചർച്ചകൾക്ക് വഴിതുറന്നത്. ദേശീയ ഹെൽത്ത് മിഷന്റെ (എൻഎച്ച്എം) സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ.വിനയ് ഗോയൽ വിളിച്ച ചർച്ചയ്ക്കു വലിയ പ്രതീക്ഷയോടെയാണ് കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ ഭാരവാഹികൾ എത്തിയത്. ഓണറേറിയം 21,000 രൂപയാക്കണമെന്നും വിരമിക്കൽ ആനുകൂല്യമായി 5 ലക്ഷം രൂപ അനുവദിക്കണമെന്നും ആശമാരുടെ പ്രതിനിധികൾ ആവശ്യപ്പെട്ടെങ്കിലും സർക്കാരിന്റെ സാമ്പത്തിക ഞെരുക്കം ആശമാർ ഉൾക്കൊള്ളണമെന്നാണ് ഡോ.വിനയ് ഗോയൽ മറുപടി നൽകിയത്. ഒരു മണിക്കൂറിലേറെ നീണ്ട ചർച്ച ധാരണ പോലുമാകാതെ പിരിയുകയായിരുന്നു.
അസോസിയേഷൻ ഭാരവാഹികൾ സെക്രട്ടേറിയറ്റിനു മുന്നിലെ സമരവേദിയിൽ എത്തിയപ്പോഴാണ് മന്ത്രി വീണാ ജോർജിന്റെ ഓഫിസിൽനിന്നു വിളി എത്തിയത്. നിയമസഭാ മന്ദിരത്തിൽ 3.30ന് ആരംഭിച്ച ചർച്ചയിൽ ആശമാർ തെരുവിൽ കിടക്കുന്നതിൽ തനിക്കു വിഷമമുണ്ടെന്ന് മന്ത്രി അറിയിച്ചു. എന്നാൽ, ഓണറേറിയം വർധനയെക്കുറിച്ച് മന്ത്രി ഒന്നും പറഞ്ഞില്ല. സർക്കാർ ചെയ്ത കാര്യങ്ങളും മറ്റു പ്രശ്നങ്ങളുമൊക്കെ മന്ത്രി വിശദീകരിച്ചപ്പോൾ സമരത്തിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യത്തെക്കുറിച്ചു ചർച്ച തുടരാമെന്ന് ആശമാർ ഓർമിപ്പിച്ചു. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ ആവശ്യങ്ങൾ പരിഗണിക്കാമെന്നും ഇപ്പോൾ സമരം അവസാനിപ്പിക്കണമെന്നുമാണ് മന്ത്രി ആവശ്യപ്പെട്ടത്. മന്ത്രിക്കൊപ്പം ഉണ്ടായിരുന്ന ഉദ്യോഗസ്ഥരും ഇതേ കാര്യം പറഞ്ഞതോടെ സമരവുമായി മുന്നോട്ടുപോകുമെന്നു പ്രഖ്യാപിച്ച് ആശാ പ്രവർത്തകർ പുറത്തിറങ്ങി.
വർധനയ്ക്ക് ശുപാർശയെന്ന് നഡ്ഡ
ന്യൂഡൽഹി ∙ ആരോഗ്യമന്ത്രാലയത്തിന്റെ ഉന്നതതല സമിതി, ആശാ പ്രവർത്തകരുടെ ഇൻസെന്റീവ് വർധിപ്പിക്കാൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ ആവർത്തിച്ചു. ഉയർന്ന ഇൻസെന്റീവ് കേന്ദ്രം ഉറപ്പാക്കുമെന്നും ആരോഗ്യമന്ത്രാലയത്തെ പറ്റിയുള്ള ചർച്ചയ്ക്കു മറുപടി നൽകവേ, അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.