മുഖ്യമന്ത്രിക്ക് നീലമ്മയുടെ അപ്രതീക്ഷിത സമ്മാനം, ‘കുഞ്ചിപ്പെട്ടി അരി’

Mail This Article
തിരുവനന്തപുരം ∙ വന്യമൃഗങ്ങളോടും പരിസ്ഥിതി വെല്ലുവിളികളോടും മല്ലടിച്ച് വിളയിച്ച ‘കുഞ്ചിപ്പെട്ടി അരി’ മുഖ്യമന്ത്രിക്കു പിണറായി വിജയനു സമ്മാനിച്ച് ഇടുക്കി അടിമാലിയിലെ കട്ടമുടിയിൽ നിന്നുള്ള നീലമ്മ. ഹരിത കേരള മിഷന്റെ പരിസ്ഥിതി സംഗമം ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രിയുടെ ആദരം ഏറ്റുവാങ്ങാൻ എത്തിയപ്പോഴാണ് അപ്രതീക്ഷിത സമ്മാനമായി നീലമ്മ അരി കൈമാറിയത്. പ്രളയകാലത്തും മഹാമാരികാലത്തും നെല്ലും ഭക്ഷണവും തന്ന മുഖ്യമന്ത്രിക്കുള്ള നന്ദി പ്രകാശനമാണെന്ന പ്രഖ്യാപനത്തോടെയായിരുന്നു നീലമ്മയുടെ സമ്മാനം.
മകൾ ജ്യോതിലക്ഷ്മിയും ഒപ്പമുണ്ടായിരുന്നു. തരിശുഭൂമിയായി കിടന്ന കട്ടമുടി കുഞ്ചിപ്പെട്ടിക്കുടി പാടശേഖരം കൃഷിയോഗ്യമാക്കാൻ ഹരിതകേരള മിഷന് പിന്തുണ നൽകിയത് ദമ്പതികളായ നീലമ്മയും കുമാരസ്വാമിയുമായിരുന്നു. അഞ്ചേക്കറിൽ തുടങ്ങിയ കൃഷി ഹരിത മിഷന്റെ സഹായത്തോടെ 15 ഏക്കറിലേക്കു വ്യാപിപ്പിച്ചു. നാടിന്റെ പേരിലുള്ള ‘കുഞ്ചിപ്പെട്ടി അരി’ ഇവർ ബ്രാൻഡാക്കി മാറ്റി. 673 പഞ്ചായത്തുകൾ ജല ബജറ്റ് തയാറാക്കിയത് ശ്രദ്ധേയമാണെന്നും തുടർപ്രവർത്തനം ആവശ്യമാണെന്നും പിണറായി വിജയൻ പറഞ്ഞു.
നവകേരളത്തിനായി ജലസുരക്ഷാ സമീപന രേഖ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. തദ്ദേശ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി.വി.അനുപമ ഏറ്റുവാങ്ങി. മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ സ്ഥാപനങ്ങളെയും വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിച്ചു. ഹരിതകേരളം മിഷൻ എക്സിക്യൂട്ടീവ് വൈസ് ചെയർപഴ്സൻ ഡോ.ടി.എൻ.സീമ, മേയർ ആര്യ രാജേന്ദ്രൻ, ഐ.ബി.സതീഷ് എംഎൽഎ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ഡോ. ജിജു പി.അലക്‌സ്, ദിവ്യ എസ്.അയ്യർ, കെ.സുരേഷ്, എം.കൃഷ്ണദാസ്, ആർ.രവിരാജ്, ജി.കെ. സുരേഷ്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.