7 വർഷമായിട്ടും കരകയറാതെ താണിപ്പാറ ജലസേചന പദ്ധതി; പദ്ധതിയുടെ ഗുണങ്ങൾ ഇവ..

Mail This Article
ചാലക്കുടി ∙ നഗരസഭയിലെ ഏറ്റവും ഉയരമുള്ള പ്രദേശമായ പോട്ട താണിപ്പാറയിലെ 7 ഏക്കർ വിസ്തൃതിയുള്ള പാറമട പടുകൂറ്റൻ ജലസംഭരണിയാക്കി നടപ്പാക്കാൻ ഉദ്ദേശിച്ച കാർഷിക ജലസേചന പദ്ധതി പാതി വഴിയിൽ തന്നെ. 2016 ൽ വിഭാവനം ചെയ്ത പദ്ധതി 7 വർഷം പിന്നിടുമ്പോഴും കര കയറിയിട്ടില്ല. രണ്ടു ഘട്ടമായി 20 ലക്ഷം രൂപ നഗരസഭ അനുവദിച്ചിരുന്നു. എന്നാൽ നിർമാണം പൂർത്തീകരിക്കാൻ ഭീമമായ തുക വേണ്ടി വരും. പാറമടയിൽ ജലസംഭരണം സാധ്യമാകുന്ന വിധം വശങ്ങൾ കെട്ടി സംരക്ഷിക്കാനാണു തുക പ്രയോജനപ്പെടുത്തിയത്. ഒരു മോട്ടർ ഷെഡും സ്ഥാപിച്ചു.
മഴക്കാലത്തു പാറമടയിൽ വെള്ളം തടം കെട്ടി നിർത്തി അപകടസാധ്യതയില്ലെന്ന് ഉറപ്പു വരുത്തിയിരുന്നു. സുരക്ഷ ഉറപ്പു വരുത്തിയ ശേഷം കൂടുതൽ ഉയരത്തിൽ ഭിത്തി ഒരുക്കാനാണു പദ്ധതി. ഇത്രയും വലിയ ജലസംഭരണിയുടെ സംഭരണശേഷി അറിയാനുള്ള ശാസ്ത്രീയ മാർഗങ്ങളും പരിശോധനയ്ക്കായി ഉപയോഗപ്പെടുത്തും. പ്രവേശനകവാടത്തിൽ 18 മീറ്റർ നീളത്തിൽ സംരക്ഷണ ഭിത്തി ഒരുക്കുന്നതു പുറത്തേക്കു വെള്ളമൊഴുകാതെ മടയിൽ കെട്ടിക്കിടക്കുന്നതിനു വഴിയൊരുക്കും. സംരക്ഷണഭിത്തിക്കു രണ്ടു മീറ്റർ വീതിയുണ്ടാകും. കോൺക്രീറ്റ് ചെയ്താണു ഭിത്തി നിർമാണം.
മുക്കാൽ മീറ്റർ വീതം ഉയരത്തിൽ രണ്ടു ഘട്ടമായി ഉയർത്തിക്കെട്ടിയതോടെ ഒന്നര മീറ്റർ സംരക്ഷണ ഭിത്തിയാണു തയാറായത്. അടിയിലെ പാറ തുരന്നു 90 സെന്റീമീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്താണു നിർമാണം ആരംഭിച്ചത്. പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചു ജലവിതരണം ആരംഭിക്കണമെങ്കിൽ 20 ലക്ഷം രൂപയെങ്കിലും അധികമായി അനുവദിക്കേണ്ടി വരും. പമ്പ് സെറ്റ് സ്ഥാപിക്കലും പൈപ്പ് ലൈൻ വലിക്കലും ഉൾപ്പെടെയുള്ള ജോലികളും നടക്കേണ്ടതുണ്ട്. ലക്ഷ്യമിട്ട പ്രദേശത്തു പൂർണമായി ജലസേചനം സാധ്യമാക്കാൻ കൂടുതൽ തുക വേണ്ടി വരും.
∙ പദ്ധതിയുടെ ഗുണം
പതിറ്റാണ്ടുകളായി ഉപയോഗശൂന്യമായി കിടന്നിരുന്ന പാറമടയിൽ മഴക്കാലത്തു പെയ്തൊഴുകി പാഴായി പോകുന്ന വെള്ളം പൂർണമായി പ്രയോജനപ്പെടുത്തുകയാണു ലക്ഷ്യമിടുന്നത്. നിലവിൽ മഴക്കാലത്തു പാറമടയിൽ പെയ്തെത്തുന്ന മഴവെള്ളം വലതുകര കനാലിലൂടെ ഒഴുകിപ്പോകുകയാണു പതിവ്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഈ ജലം പാറമടയിൽ തന്നെ സംഭരിക്കാനാകും. ഇതു കൊടുംവേനലിൽ നാടിന്റെ ദാഹം തീർക്കാനായി നിറഞ്ഞു നിൽക്കും.
നിർമാണം പൂർത്തിയാകുന്നതോടെ നഗരസഭ ഒന്നാം വാർഡിലെ മുഴുവൻ പ്രദേശങ്ങളിലേക്കും കാർഷിക ജലസേചനത്തിനുള്ള വെള്ളം ഇവിടെ നിന്നു ചാലിട്ടൊഴുകും. അതോടെ 300ലേറെ കുടുംബങ്ങൾക്കു ജലസേചനത്തിനു സൗകര്യമൊരുങ്ങും. വേനൽ തീരും വരെ സംഭരണിയിലെ ജലം ഉപയോഗപ്പെടുത്തി ജലസേചനം സാധ്യമാക്കാനാകുമെന്നാണു പ്രതീക്ഷ. വിദഗ്ധമായ ജല മാനേജുമെന്റിലൂടെ കാർഷിക ജലസേചനത്തിനു പുറമേ വേനലിൽ പ്രദേശത്തെ കിണറുകളിലെ ജലലഭ്യത ഉറപ്പു വരുത്താനും പദ്ധതി വഴി തെളിക്കും.
English Summary: These are the advantages of Tanipara Irrigation Project