ഒരു പേരിലെന്തിരിക്കുന്നെന്നോ? ഒന്നൊന്നര ഷെയ്ക്സ്പിയർ!
Mail This Article
മാള ∙ ഒരു പേരിലെന്തിരിക്കുന്നു? എന്നെഴുതിയതു വില്യം ഷെയ്ക്സ്‌പിയറാണ്, റോമിയോ ആൻഡ് ജൂലിയറ്റ് എന്ന നാടകത്തിൽ. ഷെയ്ക്സ്പിയർ ആരാധികയായ വർഷ ബിൻത് സെയ്ഫിനോട് ഈ ചോദ്യം ചോദിച്ചാൽ ഉത്തരമായി ഒരു ഷെയ്ക്സ്പിയർ ചിത്രമെടുത്തുകാട്ടും. അദ്ദേഹത്തിന്റെ കൃതികളുടെ പേരുകൾ ഉപയോഗിച്ചു തീർത്തതാണ് ഈ ചിത്രം. യൂറോപ്യൻ റെക്കോർഡ്സ് ബുക്ക് അടക്കം 8 റെക്കോർഡ് പുസ്തകങ്ങളിൽ ഇടംപിടിച്ച വർഷയെ തേടി ഏഷ്യ എജ്യൂക്കേഷനൽ കോൺക്ലേവ് ആൻഡ് അവാർഡിന്റെ അംഗീകാരവും തേടിയെത്തി.
ചൈനയിലെ ഹൈനാൻ അമേരിക്കൻ സർവകലാശാലയിൽ ഇംഗ്ലിഷ് അധ്യാപികയായ വർഷ വടമ നാലകത്ത് സെയ്ഫുദ്ദീൻ ഫെമിന ദമ്പതികളുടെ മകളാണ് വർഷ. ചൈനയിൽ അധ്യാപകനായ നജീഹ് സുബൈറാണു ഭർത്താവ്. അധ്യാപനം പോലെ ചിത്ര രചനയും ഇഷ്ടമുള്ള മേഖലയാണ്. കോവിഡ് കാലത്താണ് ഷെയ്ക്സ്പിയർ ചിത്രം വരച്ചത്. അതിപ്പോൾ വിവിധ വേദികളിലും ഇടംപിടിച്ചിട്ടുണ്ട്.
പേനയും പെൻസിലും ഉപയോഗിച്ചായിരുന്നു വര. ചിത്രത്തിന്റെ പുറകിൽ ആയിരത്തിലേറെ തവണ ഷെയ്ക്സ്പിയർ എന്നെഴുതിയിട്ടുമുണ്ട്. വെറും 5 മണിക്കൂർ സമയം കൊണ്ടാണ് വർഷ ചിത്രം വരച്ചു തീർത്തത്. സ്കൂൾ കാലഘട്ടം മുതൽ ഷെയ്ക്സ്പിയർ കൃതികളോടു വലിയ ഇഷ്ടമുണ്ട്. കാലിഗ്രഫിയും പ്രിയമായിരുന്നു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സ്, ഹൈറേഞ്ച് ബുക്ക് ഓഫ് റെക്കോർഡ്സ്, ലണ്ടൻ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്നിവയിലെല്ലാം ചിത്രം ഇടംപിടിച്ചു. ഇംഗ്ലിഷ് സാഹിത്യത്തിൽ ഒന്നാം റാങ്കോടെയാണ് ബിരുദമെടുത്തത്. കവിതയും എഴുത്തുമെല്ലാം ഒപ്പമുണ്ടായിരുന്നു. യുകെയിലെ 3 സർവകലാശാലകളിൽ നിന്ന് വിസിറ്റിങ് റിസർച് സ്കോളർഷിപ് ലഭിച്ചെങ്കിലും കോവിഡ് കാലമായതിനാൽ അവസരങ്ങൾ നഷ്ടമായി. 2021ൽ ബാങ്കോക്കിലെ നാഷനൽ ലൈബ്രറി വിസിറ്റിങ് റിസർച്ചറായി ക്ഷണിച്ചു. വിഖ്യാത ചിത്രകാരൻ 'വിൻസന്റ് വാൻഗോഗിന്റെ കത്തുകളും ചിത്രങ്ങളും' എന്നതാണ് വർഷയുടെ ഗവേഷണ വിഷയം.