വാഹന പരിശോധനയ്ക്കിടെ പൊലീസ് ജീപ്പിന്റെ ചില്ല് തകർത്തു:ഒരാൾ അറസ്റ്റിൽ

Mail This Article
കൊടുങ്ങല്ലൂർ ∙വാഹന പരിശോധന നടത്തിയ പൊലീസിനെ ആക്രമിച്ചു ജീപ്പിന്റെ ചില്ലു തകർത്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. പൊയ്യ ഇറ്റിത്തറ വീട്ടിൽ രാഹുലിനെ (35) ആണ് ഇൻസ്പെക്ടർ ബി.കെ.അരുണും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ രാത്രി തെക്കേ നടയിൽ വാഹന പരിശോധനയ്ക്കിടെ അമിത വേഗത്തിൽ എത്തിയ കാർ പൊലീസ് തടഞ്ഞു. വാഹനം ഓടിച്ച എടവിലങ്ങ് സ്വദേശി ബിമോജ് മദ്യപിച്ചതായി വ്യക്തമായതോടെ പൊലീസ് കാർ കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ വാഹനം ഓടിച്ചതു താനാണെന്നു അവകാശപ്പെട്ടു വാഹനത്തിൽ ഉണ്ടായിരുന്ന രാഹുൽ പൊലീസുമായി തർക്കത്തിൽ ഏർപ്പെട്ടു.പൊലീസിനെ തള്ളി മാറ്റി.
തുടർന്നു ഇരുവരെയും കസ്റ്റഡിയിൽ എടുത്തു സ്റ്റേഷനിലേക്ക് കൊണ്ടു പോകവേ ആണു പൊലീസിനെ ആക്രമിച്ചത്. ജീപ്പിന്റെ പിൻസീറ്റിൽ ഇരുന്ന രാഹുൽ മുൻസീറ്റിൽ ഇരുന്ന സിപിഒ ഷമീറിനെ കഴുത്തിനു പിടിച്ചു മർദിച്ചു.തടയാൻ ശ്രമിച്ചപ്പോൾ ജീപ്പിന്റെ ചില്ല് അടിച്ചു തകർത്തു. ഗ്രേഡ് എസ്ഐ ടി.വി.ബാബുവിനെയും സിപിഒ ഗിരീഷിനെയും ആക്രമിച്ചു.ആക്രമത്തിൽ എസ്ഐ ബാബുവിന്റെ വലതു കൈക്ക് പരുക്കേറ്റു. എസ്ഐ ടി.വി.ബാബു, പൊലീസുകാരായ ഗിരീഷ്, ഷമീർ എന്നിവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. രാഹുലിനെ കോടതി റിമാൻഡ് ചെയ്തു.എസ്ഐ കെ.സലീം,സീനിയർ സിപിഒ മിഥുൻ കൃഷ്ണ, സിപിഒമാരായ സുമേഷ്,സജിത്ത്, ജിനേഷ്,വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായത്.