ഒളകരയിൽ ആദിവാസി കുടുംബങ്ങൾക്ക് വനാവകാശ രേഖ കൈമാറ്റം: 44 കുടുംബങ്ങൾ ഭൂ ഉടമകൾ

Mail This Article
വാണിയമ്പാറ ∙ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനു വിരാമം, ഒളകരയിലെ 44 ആദിവാസി കുടുംബങ്ങൾക്ക് ഒന്നര ഏക്കർ ഭൂമിയുടെ വനാവകാശ രേഖ കൈമാറി. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയിലും ആവേശം ചോരാതെ നടന്ന ചടങ്ങിൽ മന്ത്രി കെ.രാജൻ അവകാശരേഖ സമർപ്പണം ഉദ്ഘാടനം ചെയ്തു.മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്രത്തിലും സംസ്ഥാന സർക്കാരിലും ഒട്ടേറെ സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് ഒളകരയിലെ കുടുംബങ്ങൾക്കുള്ള വനാവകാശ രേഖ തയാറായത് എന്ന് മന്ത്രി കെ.രാജൻ പറഞ്ഞു ഒളകര സ്വദേശിനി വള്ളിയമ്മയ്ക്ക് ഒന്നരയേക്കറിന്റെ അവകാശം കൈമാറിയ മന്ത്രി കനത്ത മഴ നനഞ്ഞു തന്നെ 44 പേർക്കുമുള്ള രേഖകൾ വിതരണം നടത്തി.44 കുടുംബങ്ങളുടെ പേരിൽ 1.5 ഏക്കർ വീതം, ആകെ 66 ഏക്കർ ഭൂമിയുടെ വനാവകാശ രേഖ വിതരണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചു സർവേ നടപടി പൂർത്തീകരിച്ച് ഓരോ പ്ലോട്ടും തിരിച്ച് സർവേക്കല്ലുകൾ സ്ഥാപിച്ചിരുന്നു. പീച്ചി ഡാമിന്റെ നിർമാണവുമായി ബന്ധപ്പെട്ട് 1957 കാലഘട്ടത്തിൽ വനത്തിൽ താമസിച്ചിരുന്ന പട്ടികവർഗ വിഭാഗത്തിലെ മലയൻ വിഭാഗത്തിലുള്ളവരെ അവിടെ നിന്നും കുടിയൊഴിപ്പിക്കുകയും അവർ കുടുംബത്തോടെ താമരവെള്ളച്ചാൽ, മണിയൻകിണർ, ഒളകര എന്നീ സ്ഥലങ്ങളിൽ താമസിക്കുകയുമായിരുന്നു.
താമരവെള്ളച്ചാൽ, മണിയൻകിണർ എന്നിവിടങ്ങളിൽ ഉള്ളവർക്ക് വനാവകാശ നിയമപ്രകാരം നേരത്തെ തന്നെ രേഖകൾ അനുവദിച്ചു നൽകിയിരുന്നു. ഒളകരയിൽ താമസിച്ചവർക്കു മാത്രം നിയമാനുസൃതമായ ഭൂമിയുടെ രേഖ ലഭിക്കുന്നതിനു സാങ്കേതിക തടസ്സങ്ങൾ നേരിട്ടു. ഒട്ടേറെ നടപടിക്രമം പൂർത്തിയാക്കിയാണ് അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ ഭൂമി വിതരണം സാധ്യമായത്.ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, പട്ടിക വർഗ വകുപ്പ് ഡയറക്ടർ രേണു രാജ്, കലക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.രവി, പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.പി.രവീന്ദ്രൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണിക്കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം കെ.വി.സജു, ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, വാർഡ് മെംബർ സുബൈദ അബൂബക്കർ, ഡപ്യൂട്ടി കലക്ടർ (എൽആർ) എം.സി.ജ്യോതി, ടിഡിഒ ഹെറാൾഡ് ജോൺ, തഹസിൽദാർ ടി.ജയശ്രീ, ലാൻഡ് റെക്കോർഡ് തഹസിൽദാർ നിഷ ആർ.ദാസ്, സർവേ സൂപ്രണ്ട് രജനി, ഊരുമൂപ്പത്തി മാധവി കുട്ടപ്പൻ എന്നിവർ പ്രസംഗിച്ചു.