കോഴികൾ ക്ഷമിക്കണം: തീറ്റ(പദ്ധതി) ചിതലെടുത്തു

Mail This Article
കുഴൂർ ∙ കേരള പൗൾട്രി വികസന കോർപറേഷൻ കാക്കുളിശേരിയിൽ നിർമിച്ച കോഴിത്തീറ്റ ഉൽപാദന കേന്ദ്രം കാടുകയറി നശിക്കുന്നു. വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച യന്ത്രങ്ങളും നാശത്തിന്റെ വക്കിലാണ്. 1994 ലാണു പദ്ധതി വിഭാവനം ചെയ്തത്. കാക്കുളിശേരിയിലെ 5.58 ഏക്കർ സ്ഥലവുമെടുത്തു. 10 ടൺ ഉൽപാദന ശേഷിയുള്ള ഫീഡ് മിക്സിങ് പ്ലാന്റടക്കം 2.17 കോടി രൂപ ചെലവിൽ ഫാക്ടറി നിർമിക്കാനായിരുന്നു പദ്ധതി. ബാങ്ക് വായ്പയുടെയും മറ്റും പ്രശ്നങ്ങൾ കാരണം പദ്ധതി വൈകി. 1998ൽ പദ്ധതിയെക്കുറുച്ചു പഠിച്ച സമിതിയുടെ റിപ്പോർട്ട് പ്രകാരം നിർമാണ പ്രവൃത്തികൾ നിർത്തിവയ്ക്കാനും യന്ത്രങ്ങൾക്കായി അടച്ച തുക തിരികെ വാങ്ങാനും തീരുമാനിച്ചു.2011ൽ വീണ്ടും സർക്കാറിന്റെ 100 ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം മുന്നോട്ട് കൊണ്ടുപോകുവാനുള്ള തീരുമാനിച്ചു.
രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ ഉൾപ്പെടുത്തി ധനസഹായത്തിനായി സമർപ്പിച്ച പദ്ധതിക്കു അംഗീകാരം ലഭിച്ചു. പ്രവർത്തനത്തിനുള്ള ഫണ്ട് മുടങ്ങിയതോടെ പദ്ധതിക്ക് ജീവൻ വച്ചില്ല. 2016ൽ ഭരണാനുമതി പുതുക്കി നിശ്ചയിച്ചു. ട്രയൽ റൺ നടത്തിന്നതിനു നിശ്ചയിച്ച കമ്പനി നൽകിയ കേസുകളാണ് ഇപ്പോഴത്തെ തടസ്സത്തിനു കാരണമായി പറയുന്നത്. ഉൽപാദനത്തിനും നിർമാണത്തിനുമായി ഫണ്ട് ലഭ്യമല്ലെന്നാണ് നവകേരള സദസ്സിൽ പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് നൽകിയ പരാതിക്കു കോർപറേഷൻ മാനേജിങ് ഡയറക്ടർ നൽകിയ മറുപടിയിൽ സൂചിപ്പിച്ചിരിക്കുന്നത് ഫാക്ടറിക്കായി വാങ്ങിയ ഭൂമിയിൽ 2009 ൽ സ്ഥാപിച്ച ഹൈ ടെക് ലെയർ ബ്രീഡിങ് ഫാം ആൻഡ് ഹാച്ചറി മന്ദിരം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.