കൂടെക്കൂട്ടാമോ...? റെഡിയാണ് ‘റെഡ്മി’യും കുട്ട്യോളും

Mail This Article
തൃശൂർ ∙ ഒന്നര മാസം മാത്രമുള്ള 5 കുഞ്ഞുങ്ങൾ. മൂന്നു പെണ്ണും രണ്ടാണും. എന്നെങ്കിലും ഒരു കരുതൽ കരം തങ്ങൾക്കു നേരെ നീളുമെന്ന പ്രതീക്ഷയിൽ അമ്മ റെഡ്മിക്കൊപ്പം അവർ കാത്തിരിപ്പാണ്. സ്വന്തം കിടപ്പാടം നഷ്ടപ്പെട്ട റെഡ്മിക്ക് ഇപ്പോൾ തിരൂരിലെ തിയ്യാടി വീട്ടിൽ ഗംഗാധരന്റെയും ഷൈലജയുടെയും കുടുംബവീടാണ് അഭയം. ഇവിടുത്തെ കാലികളൊഴിഞ്ഞ തൊഴുത്തിൽ ആണ് കുഞ്ഞുങ്ങളെ പ്രസവിച്ചത്. വിളിക്കാൻ എളുപ്പത്തിന് ഫോണിന്റെ പേര് നായ്ക്കിട്ടതും ഷൈജലയാണ്. എല്ലാദിവസവും തീറ്റയും പരിചരണവുമായി അനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ തൃശൂരിലെ പ്രതിനിധി സജ്ന ഫ്രാൻസിസ് ഈ വീട്ടിലെത്തും. നായ്ക്കൾക്കുള്ള വാക്സിനേഷനും സജ്ന തന്നെ എടുത്തു. ദത്തെടുക്കാൻ ആളുണ്ടെങ്കിൽ കൂട്ടത്തിൽ പെൺതരികളെ 7–ാം മാസത്തിൽ സൗജന്യമായി വന്ധ്യംകരണം ചെയ്തു നൽകാനും തയാറാണ്. റെഡ്മി തനി നാടനും കുഞ്ഞുങ്ങൾ ജർമൻ ഷെപ്പേർഡ് ക്രോസ് ഇനവുമാണ്.
മാസങ്ങൾക്കു മുൻപ് തിരൂർ കിഴക്കേ അങ്ങാടി റോഡിലാണ് പാതിമുറിഞ്ഞ കറുത്ത ഒരു കോളർ ബെൽറ്റുമായി റെഡ്മിയെ ആദ്യം കണ്ടതെന്ന് സജ്ന ഫ്രാൻസിസ് പറഞ്ഞു. മറ്റു നായ്ക്കൾക്കൊപ്പം ഭക്ഷണം നൽകുമ്പോഴും കഴിക്കാതെ റോഡിന്റെ എതിർവശത്തേയ്ക്കു നോക്കിയിരിക്കും. വയർ വീർത്തിരിക്കുന്നതു കണ്ടതോടെ ഗർഭിണിയാണെന്നു മനസ്സിലായി. പിന്നീടു കാണാതായ റെഡ്മിയെ പലതവണ അന്വേഷിച്ച ശേഷം ഒരു വീടിന്റെ മതിൽക്കെട്ടിനുള്ളിൽ കണ്ടു. തുടർന്ന്, അടുത്തടുത്തുള്ള വീടുകളുടെ മതിലിനപ്പുറം അഭയം തേടുന്നതു കണ്ടതോടെ ഏതോ വീട്ടിലെ അരുമയായിരുന്നെന്നും അസ്സൽ ഒരു കാവൽനായ ആണെന്നും തോന്നിയെന്ന് സജ്ന പറയുന്നു.
ഭക്ഷണം കൊടുത്താൽ കഴിക്കാവുന്ന ഇണക്കത്തിലായി. ഇതിനിടെ 2 ആഴ്ച കാണാതായ നായയെ പിന്നീടു കണ്ടെത്തിയത് ഗംഗാധരന്റെയും ഷൈജലയുടെയും തറവാട്ടിലെ തൊഴുത്തിൽ പ്രസവിച്ചു കിടക്കുമ്പോഴാണ്. ഇരുവരും മറ്റൊരു വീട്ടിലാണു താമസം. ആൾത്താമസമില്ലാത്ത വീട്ടിൽ കാവൽ ഭടന്മാരായി റെഡ്മിയും കുട്ടികളും സദാ ജാഗരൂകരാണ്. അമ്മയും കുഞ്ഞുങ്ങളും വീണ്ടും തെരുവിലേക്കിറങ്ങാതെ ആരെങ്കിലും ദത്തെടുക്കാൻ എത്തുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാരും സജ്നയും. നായ്ക്കളെ ഏറ്റെടുക്കാൻ താൽപര്യമുള്ളവർക്ക് 9037677078, 8129265434 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.