ഡോക്ടർമാരില്ല; തരിയോട് സിഎച്ച്സി പ്രവർത്തനം അവതാളത്തിൽ, ഒപി തുടങ്ങുന്നത് പലദിവസങ്ങളിലും വൈകുന്നു

Mail This Article
ചെന്നലോട് ∙ തരിയോട് സാമൂഹിക ആരോഗ്യം കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ താളം തെറ്റുന്നതായി പരാതി. ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത് ചികിത്സയെ സാരമായി ബാധിക്കുകയാണ്. രാവിലെ 9 മുതൽ ആരംഭിക്കേണ്ട ഒപി മിക്ക ദിവസങ്ങളിലും ഏറെ വൈകിയാണ് തുടങ്ങുന്നത്. ഇത് രോഗികളെ ഏറെ ദുരിതത്തിലാക്കുകയാണ്.തരിയോട്, പടിഞ്ഞാറത്തറ, പൊഴുതന, കോട്ടത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെ രോഗികളുടെ പ്രധാന ആശ്രയ കേന്ദ്രമായ ഇവിടെ ദിവസവും ശരാശരി നാനൂറോളം പേർ ചികിത്സയ്ക്ക് എത്തുന്നുണ്ട്.
സായാഹ്ന ഒപി അടക്കം 5 ഡോക്ടർമാരാണു ഇവിടെ ആവശ്യമുള്ളത്. ഇത്രയും ഡോക്ടർമാർ ഉണ്ടെങ്കിലും ഒരു ഡോക്ടർ ആർദ്രം പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുകയും മറ്റൊരു ഡോക്ടർ വിരമിക്കുകയും ചെയ്തതോടെ സായാഹ്ന ഒപി അടക്കം 3 ഡോക്ടർമാരുടെ സേവനം മാത്രമാണ് ഇവിടെയുള്ളത്. രാവിലെ 2 ഡോക്ടർമാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ഇവർ അവധിയെടുത്താൽ ചികിത്സ പൂർണമായും താളം തെറ്റുന്ന അവസ്ഥയുമായി. മിക്ക ദിവസങ്ങളിലും രോഗികളും ആശുപത്രി അധികൃതരും തമ്മിൽ വാക്കേറ്റവും തുടർന്നുള്ള പരാതികളും പതിവാണ്.

കിടത്തി ചികിത്സയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഉണ്ടെങ്കിലും അതു നിലച്ചിട്ടു മാസങ്ങളായി. കാഷ്വൽറ്റി സൗകര്യം ഇല്ലാത്തതാണു കിടത്തി ചികിത്സ നിർത്തലാക്കാൻ കാരണമെന്ന് അധികൃതർ പറയുന്നു. അതോടെ പ്രദേശത്തുകാർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. ആശുപത്രി പരിസരത്ത് അപകട സാധ്യതയായി ഒട്ടേറെ കെട്ടിടങ്ങൾ കാടുമൂടി കിടക്കുന്നുണ്ട്. ഡോക്ടർമാർക്കു വേണ്ടി നിർമിച്ച ക്വാർട്ടേഴ്സുകളാണു ഇവ. ആൾതാമസം ഇല്ലാതെ ഇവയിലെ ഫർണിച്ചർ അടക്കമുള്ളവ നശിക്കുകയും കെട്ടിടങ്ങൾ തകർന്നു വീഴുന്ന നിലയിലുമായി.
ആശുപത്രിയിൽ ഡയാലിസിസ് കേന്ദ്രം ആരംഭിക്കണമെന്ന നിരന്തര ആവശ്യത്തെ തുടർന്ന് അതിനു വേണ്ടി കെട്ടിടം തയാറാക്കുകയും അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ വകയിരുത്തുകയും ചെയ്തിരുന്നു. 2021,22,23 വർഷങ്ങളിൽ ഫണ്ട് വകയിരുത്തിയിരുന്നെങ്കിലും ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാൽ ഇതുവരെ പ്രവർത്തനം തുടങ്ങാനായില്ല. അതോടെ ഇതിനു വേണ്ടി തയാറാക്കിയ കെട്ടിടം നശിച്ചു തുടങ്ങിയിട്ടുണ്ട്. ആശുപത്രിയുടെ ചുറ്റിലും വ്യാപിച്ചു കിടക്കുന്ന ഉപയോഗശൂന്യമായ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുകയും അശാസ്ത്രീയ നിർമാണങ്ങൾ ഒഴിവാക്കുകയും വേണം. ആശുപത്രി സേവനങ്ങൾ മികച്ചതാക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് അടിയന്തരമായ നടപടിയും നാട്ടുകാർ ആവശ്യപ്പെടുന്നു.