മുണ്ടക്കൈ –ചൂരൽമല പുനർനിർമാണത്തിന് തുടക്കം
Mail This Article
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല പുനരധിവാസ ടൗൺഷിപ്പിനു നാളെ കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടാനിരിക്കെ, ഉരുൾപൊട്ടലിൽ തകർന്ന മുണ്ടക്കൈ –ചൂരൽമല പ്രദേശത്തെ വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾക്കു തുടക്കമായി. സംസ്ഥാന ബജറ്റിൽ 750 കോടി രൂപയാണ് മേഖലയുടെ പുനർനിർമാണത്തിനു വകയിരുത്തിയിട്ടുള്ളത്. പുന്നപ്പുഴയിൽ അടിഞ്ഞ ദുരന്താവശിഷ്ടങ്ങൾ വൈകാതെ നീക്കം ചെയ്യും. റോഡുകൾ, പാലം, അങ്കണവാടി, ഷെൽറ്റർ ഹോം, പൊതുശ്മശാനം തുടങ്ങിയവ പുനർനിർമിക്കും. പുന്നപ്പുഴയിലെ ദുരന്താവശിഷ്ടങ്ങൾ നീക്കാൻ 195.55 കോടിയാണു നീക്കിവച്ചിരിക്കുന്നത്.
ദുരന്തബാധിത പ്രദേശത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി 27.52 കോടി രൂപയുടെ 295 പ്രവൃത്തികൾക്കു ഭരണാനുമതിയായി. 293 പ്രവൃത്തികളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. മേപ്പാടി പഞ്ചായത്തിലെ 10,12 വാർഡുകളിലെ 235 റോഡുകളുടെ കോൺക്രീറ്റ്, 31 ഡ്രെയ്നേജ്, 18 കൾവർട്ട് പ്രവൃത്തികൾക്കായി 18.25 കോടി രൂപയുടെ എസ്റ്റിമേറ്റും തയാറാക്കി. 154 റോഡുകളുടെ കോൺക്രീറ്റ്, 5 ഡ്രെയ്നേജ് എന്നിവയിൽ 127 പ്രവൃത്തികൾ പൂർത്തീകരിച്ചു. 4 അങ്കണവാടികൾ, മൂന്ന് ഷെൽറ്റർ ഹോമുകൾ, ഒരുപൊതു ശ്മശാനം എന്നിവയ്ക്ക് പുതിയ ശുപാർശ നൽകിയിട്ടുണ്ട്. മാർച്ച് അവസാനത്തോടെ പ്രവൃത്തികൾ ആരംഭിക്കും.
പുന്നപ്പുഴയ്ക്ക് 195 കോടി
പുന്നപ്പുഴയിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനുള്ള 195.55 കോടി രൂപയുടെ പദ്ധതിയിൽ അവശിഷ്ടങ്ങൾ നീക്കി നദിയുടെ ഒഴുക്ക് ശരിയായ ഗതിയിലാക്കുക, നദീതീരത്തേക്കുള്ള ഒഴുക്ക് നിയന്ത്രിക്കുക, നദിയുടെ പുനരുജ്ജീവനം, തീരത്തെ മണ്ണൊലിപ്പിൽനിന്നു സംരക്ഷിക്കൽ, നദീതീര സംരക്ഷണം എന്നിവയാണു ലക്ഷ്യമിടുന്നത്. ദുരന്തത്തിൽ 5.7 ദശലക്ഷം ക്യുബിക് മീറ്റർ അവശിഷ്ടങ്ങളാണ് പുന്നപ്പുഴയിൽ അടിഞ്ഞത്. പുഴ ഗതി മാറി 8 കിലോമീറ്ററോളം ഒഴുകിയിരുന്നു.
മണ്ണൊലിപ്പ് മൂലമുണ്ടാക്കുന്ന നാശനഷ്ടങ്ങൾ ഒഴിവാക്കൽ, വാസസ്ഥലങ്ങൾ, കാർഷിക വിളകൾ, കെട്ടിടങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കൽ, നദിയുടെ ഗതി മാറ്റം തടയാൻ സാങ്കേതിക പരിശോധനകൾ, വെള്ളത്തിന്റെ സഞ്ചാരം ഒരേ ദിശയിലേക്ക് പരിമിതപ്പെടുത്തൽ, നദീതടത്തിൽനിന്ന് ഭൂമി വീണ്ടെടുക്കൽ എന്നിവയും ലക്ഷ്യമാക്കുന്നു. ജലസേചന വകുപ്പിനാണ് നിർവഹണച്ചുമതല. അതിതീവ്ര ദുരന്തങ്ങൾ നേരിടുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്ന സാസ്‌കി ഫണ്ടിൽനിന്ന് 65 കോടി രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, ദുരന്തനിവാരണ വിഭാഗം എന്നിവയിൽനിന്നുള്ള തുകയും വിനിയോഗിക്കും.