മൂന്നാം ശ്രമത്തിൽ 11–ാം റാങ്കോടെ ഐഇഎസ് നേടി; അഭിമാന നിറവിൽ വിഷ്ണു
Mail This Article
യുപിഎസ്‌സിയുടെ ഇന്ത്യൻ ഇക്കണോമിക് സർവീസ് (ഐഇഎസ്) പരീക്ഷയിലെ റാങ്ക് ജേതാക്കളിൽ ഇത്തവണയൊരു മലയാളിയുണ്ട്. 11–ാം റാങ്ക് നേടിയ തൃശൂർ സ്വദേശി വിഷ്ണു കെ. വേണുഗോപാൽ. തൃശൂർ സെന്റ് തോമസ് കോളജിലായിരുന്നു വിഷ്ണുവിന്റെ ബിരുദ പഠനം. തുടർന്ന് തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസിൽ (സിഡിഎസ്) എംഎ. സിഡിഎസിലെ ആദ്യ എംഎ ബാച്ച്. പിന്നീടു കുറച്ചുനാൾ സിവിൽ സർവീസസ് പരിശീലനം. അതിനുശേഷം ഹൈദരാബാദിലെ നൽസാർ നിയമ സർവകലാശാലയിൽ ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപകൻ. 2018ൽ എംഫിൽ–പിഎച്ച്ഡി സംയോജിത പ്രോഗ്രാമിലൂടെ വീണ്ടും സിഡിഎസിൽ. പിഎച്ച്ഡി മൂന്നാം വർഷമാണിപ്പോൾ. ഇതിനിടെയായിരുന്നു ഐഇഎസ് തയാറെടുപ്പ്.
പ്രിലിമിനറി ഇല്ല
സിവിൽ സർവീസസ് പരീക്ഷയുമായി ഐഇഎസിനുള്ള ഒരു വ്യത്യാസം പ്രിലിമിനറി പരീക്ഷയില്ലെന്നതാണ്. ഇക്കണോമിക്സ്, അപ്ലൈഡ് ഇക്കണോമിക്സ്, ബിസിനസ് ഇക്കണോമിക്സ് എന്നിവയിലൊന്നിൽ അംഗീകൃത സർവകലാശാലയിൽനിന്നുള്ള പിജിയാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത. മൂന്നു ദിവസത്തെ പരീക്ഷയിൽ ആകെ 6 പേപ്പറുകൾ. ആദ്യ ദിവസം ജനറൽ ഇംഗ്ലിഷും ജനറൽ നോളജും- രണ്ടും 100 മാർക്ക് വീതം.
രണ്ടാം ദിവസം ഇക്കണോമിക്സ് 1, 2 പേപ്പറുകൾ; മൂന്നാം ദിവസം ഇക്കണോമിക്സ് 3, ഇന്ത്യൻ ഇക്കണോമി- ഇവയ്ക്കെല്ലാം 200 മാർക്ക് വീതം. മൈക്രോ ഇക്കണോമിക്സ്, മാക്രോ ഇക്കണോമിക്സ്, പബ്ലിക് ഫിനാൻസ്, ഇന്റർനാഷനൽ ഇക്കണോമിക്സ്, മോണിറ്ററി ഇക്കണോമിക്സ്, ഗ്രോത്ത് ആൻഡ് ഡവലപ്മെന്റ്, ഇക്കണോമെട്രിക്സ്, എൻവയൺമെന്റൽ ഇക്കണോമിക്സ് എന്നിവയെല്ലാം 3 ഇക്കണോമിക്സ് പേപ്പറുകളിൽ ഉൾപ്പെടും. പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് ഇന്റർവ്യൂ.
പഠനം തനിയെ
2021ലാണ് വിഷ്ണു ആദ്യം ഐഇഎസ് എഴുതിയത്. ഇക്കുറി മൂന്നാം ശ്രമത്തിൽ വിജയം. ആദ്യ 2 തവണയും ഇന്റർവ്യൂ വരെയെത്തിയിരുന്നു. മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഇത്തവണ ഇന്റർവ്യൂ തയാറെടുപ്പിനു കൂടുതൽ ശ്രദ്ധ നൽകി; പ്രത്യേകിച്ചും മോക് ഇന്റർവ്യൂകൾ. തനിച്ചായിരുന്നു പഠനം. ടെസ്റ്റ് സീരീസുകൾക്ക് മറ്റുള്ളവരുടെ സഹായം തേടി. പിഎച്ച്ഡിയുടെ തിരക്കുകൾക്കിടയിലും പരീക്ഷാ സമയത്ത് ദിവസവും 6–7 മണിക്കൂർ മാറ്റിവച്ചു. എംഎ ഇക്കണോമിക്സ് സിലബസ് അടിസ്ഥാനമാക്കിയാണു പരീക്ഷ. അതുതന്നെ പഠിക്കാൻ ഏറെയുള്ളതിനാൽ ജനറൽ സ്റ്റഡീസിന് ആരും പൊതുവേ അധികം സമയം മാറ്റിവയ്ക്കാറില്ലെന്നു വിഷ്ണു പറയുന്നു. ഐഇഎസിൽ മലയാളികൾ കുറവാണ്. 2019ൽ ഐഇഎസ് നേടിയ രേഷ്മ രാജീവനിൽനിന്നു വിഷ്ണു മാർഗനിർദേശങ്ങൾ തേടിയിരുന്നു.
ആ ചോദ്യം ഇക്കുറിയും
“ഞങ്ങളോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ ഉണ്ടോ ?” 2021ൽ ഇന്റർവ്യൂവിനൊടുവിൽ നേരിട്ട അതേ ചോദ്യം ഇത്തവണയും ചോദിച്ചു. അന്നു വിഷ്ണുവിന്റെ മറുപടി “ഒന്നുമില്ല” എന്നായിരുന്നു. ഇക്കുറി റൂട്ട് മാറ്റിപ്പിടിച്ചു. നൈപുണ്യവികസന രംഗത്ത് രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു പറഞ്ഞു. ഒരു പ്രശ്നം എന്ന നിലയിലല്ലാതെ പോസിറ്റീവ് രീതിയിൽ അവതരിപ്പിക്കുന്നതായിരുന്നു നല്ലതെന്ന അഭിപ്രായം ഇന്റർവ്യൂവിനു ശേഷം ഇക്കാര്യം സംസാരിച്ചപ്പോൾ പലരും പങ്കുവച്ചു. ഇത്തരം കാര്യങ്ങളിൽ മുൻവിധികളോ ആശങ്കകളോ വേണ്ടെന്നു വിഷ്ണുവിന്റെ വിജയം വ്യക്തമാക്കുന്നു. കേരളത്തിലെയും യുപിയിലെയും വിദ്യാഭ്യാസ നിലവാരം താരതമ്യം ചെയ്തും കേരളത്തിലെ സാമ്പത്തിക സാഹചര്യം വിലയിരുത്തിയുമുള്ള ചോദ്യങ്ങളുണ്ടായിരുന്നു. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയേണ്ടതില്ലെന്നു വിഷ്ണു ഓർമിപ്പിക്കുന്നു. അറിയില്ലെങ്കിൽ അതു തുറന്നുപറയാം, ധൈര്യമായി.