ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പേര് ടി.പി.അരുൺ. പഠിച്ചത് എയ്റോനോട്ടിക്കൽ എൻജിനീയറിങ്. ആദ്യ ജോലി ഐടി മേഖലയിൽ ടെക്നിക്കൽ അനലിസ്റ്റ്. പക്ഷേ, കുട്ടിക്കാലം തൊട്ടേ കണ്ട സ്വപ്നം സർക്കാർ ജോലിയായിരുന്നു. പഠിച്ചതും കിട്ടിയതും വിട്ടെറിഞ്ഞ് സ്വപ്നജോലിക്കായി ‘സ്വന്തം റിസ്കിൽ’ പറന്നിറങ്ങുമ്പോൾ അരുണിനു നേർക്കുയർന്നത് നെറ്റി ചുളിച്ച നോട്ടങ്ങൾ. പക്ഷേ, നിശ്ചയദാർഢ്യത്തിന്റെ ‘ഫയർ’ കൊണ്ടു ലക്ഷ്യം സഫലമാക്കി സംശയം ഉന്നയിച്ചവരുടെയെല്ലാം കയ്യടികളിലേക്കായിരുന്നു അരുണിന്റെ ‘ലാൻഡിങ്’.

ആകാശത്തോളം ഉയർന്നുപറക്കാൻ പൈലറ്റാകണമെന്നില്ല, സ്വന്തം സ്വപ്നങ്ങൾക്കു ചിറകു നൽകിയാൽ മതിയെന്നു പറയുന്ന അരുണിന്റെ പഠനവഴിയിൽ ഇങ്ങനെ ഒട്ടേറെ ട്വിസ്റ്റുകളുണ്ട്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ ടി.പി.അരുൺ ഇപ്പോൾ ഫയർ ഫോഴ്സിൽ ഫയർ ആൻഡ് റെസ്ക്യു ഓഫിസറാണ്. സിപിഒ പരീക്ഷയിൽ മാർക്കിന്റെ അടിസ്ഥാനത്തിൽ ഒന്നാം റാങ്ക് ഉൾപ്പെടെ പിഎസ്‌സി പരീക്ഷയിലെ തിളക്കമാർന്ന മറ്റു നേട്ടങ്ങളുമുണ്ട് ഈ ചെറുപ്പക്കാരന്.

ടോപ്പറാകാൻ അത്ര എളുപ്പമല്ല
പ്ലസ് ടു പഠനം കഴിഞ്ഞ് എയ്റോനോട്ടിക്കൽ എൻജിനീയറിങ് പഠിക്കാൻ കോയമ്പത്തൂരിലേക്കു വണ്ടി കയറി. പക്ഷേ, പഠിച്ച കോഴ്സുമായി ബന്ധപ്പെട്ട് മനസ്സിനിണങ്ങിയ ജോലി കിട്ടാതെവന്നപ്പോൾ കൂട്ടുകാർക്കൊപ്പം ബാംഗ്ലൂരിലേക്കു തിരിച്ചു. ടെക്നിക്കൽ അനലിസ്റ്റായി ജോലി ലഭിച്ചെങ്കിലും ഐടി ജോലിയുടെ മാനസികസമ്മർദം താങ്ങാനാകാതെ വന്നപ്പോൾ ഔദ്യോഗികമായി രാജി അറിയിക്കുകപോലും ചെയ്യാതെ ‘ഒറ്റ മുങ്ങലായിരുന്നു’. പിഎസ്‌സി പരിശീലനത്തിന്റെ പേരും പറഞ്ഞ് ജോലിയും വരുമാനവുമില്ലാതെ നാട്ടിലേക്കു തിരിച്ചെത്തിയപ്പോൾ വീട്ടുകാരുൾപ്പെടെയുള്ളവരുടെ മുന്നിൽ അരുൺ ചോദ്യചിഹ്നമായി. എങ്ങനെയെങ്കിലും സർക്കാർ ജോലി നേടിയേ തീരൂ എന്ന തീപാറുന്ന വാശി മനസ്സിലുറപ്പിച്ചതും അതാണ്. പേരാമ്പ്ര ടോപ്പേഴ്സ് പിഎസ്‌സി കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയുടെ ക്രാഷ് കോഴ്സിനു ചേർന്നു. ആദ്യ പരീക്ഷയിൽ നല്ല പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെപോയത് നിരാശയായി. വിജയത്തിലേക്ക് ‘സോഫ്റ്റ് ലാൻഡിങ്’ സാധ്യമല്ലെന്ന തിരിച്ചറിവു കൂടിയായിരുന്നു അത്. തൊട്ടുപിന്നാലെ കോവിഡിന്റെ വരവ്. ലോക്‌ഡൗൺ പ്രഖ്യാപിച്ച് കോച്ചിങ് സെന്റർ അടച്ചതോടെ ജീവിതംതന്നെ ഇരുട്ടിലായതുപോലെ. ജോലി രാജിവച്ചുള്ള മുഴുവൻസമയ പഠനം ബാധ്യതയായതോടെ എന്തെങ്കിലും വരുമാനം കണ്ടെത്തുകയായി അടുത്ത ലക്ഷ്യം. പഴയ ഐടി ജോലിപരിചയം പുതിയ വഴി തുറന്നു. ടോപ്പേഴ്സ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓൺലൈൻ ക്ലാസുകളിൽ ടെക്നിക്കൽ സപ്പോർട്ട് നൽകുന്ന ജോലി ചോദിച്ചു വാങ്ങുക യായിരുന്നു. ഓൺലൈൻ ക്ലാസുകൾക്കൊപ്പമിരുന്നു പഠനവും തുടർന്നതോടെ വീണ്ടും പ്രതീക്ഷകളിലേക്കു ‘പറന്നുയർന്നു’.

‘‘ബാംഗ്ലൂരിലെ ജോലി വേണ്ടെന്നു വച്ച് നാട്ടിലെത്തിയപ്പോൾത്തന്നെ സർക്കാർ ജോലിയിൽ പ്രവേശിക്കുന്ന ദിവസം ഞാൻ മനസ്സിൽ കുറിച്ചിരുന്നു. ആ ദിവസത്തിനു വേണ്ടി അതുവരെയുള്ള എല്ലാ ദിവസങ്ങളെയും ക്രമീകരിക്കു കയായിരുന്നു. നോട്ട് മേക്കിങ്, റിവിഷൻ, മോക് ടെസ്റ്റ്... ഇതു മൂന്നുമായിരുന്നു എന്റെ പഠനരീതി. മുഴുവൻ സമയവും പഠിക്കണമെന്നില്ല, പഠിക്കുന്ന സമയം മുഴുവൻ ശ്രദ്ധയോടെയും ആത്മാർഥതയോടെ യും പഠിച്ചാൽ മതി. പഠനത്തിനു നീക്കിവയ്ക്കുന്ന ക്വാളിറ്റി ടൈം ആണ് റാങ്ക് നിർണയിക്കുന്നത്. പരീക്ഷയെഴുതുമ്പോഴുള്ള ആത്മവിശ്വാസവും പ്രധാനമാണ്’’.

കുറച്ചു പഠിച്ചാലും ഉറച്ചുപഠിക്കുക
മൻസൂർ അലി കാപ്പുങ്ങലിന്റെ ക്ലാസുകൾ കേട്ട് നോട്ടുകൾ തയാറാക്കിയാണ് അരുൺ പഠനം തുടങ്ങിയത്. ടോപ്പേഴ്സിലെ ബിൻസിൻ മാഷിന്റെയും ഷിബിൻ മാഷിന്റെയും ക്ലാസുകൾ സിലബസിനെക്കുറിച്ചു വ്യക്തമായ ഒരു ധാരണയുണ്ടാക്കി. പിഎസ്‌സി പരീക്ഷയുടെ പാറ്റേൺ മാറിയതോടെ റാങ്ക് ഫയലുകളുടെ കാണാപ്പാഠംകൊണ്ടു കാര്യമില്ലെന്നു മനസ്സിലായി. എസ്ഇആർടി പാഠപുസ്തകങ്ങൾ സംഘടിപ്പിച്ചു സ്കൂൾ കുട്ടിയെപ്പോലെ ചിട്ടയായ പഠനം തുടങ്ങി. പരീക്ഷയ്ക്കു ‘മാക്സിമം മാർക്ക്’ ഉറപ്പാക്കുന്ന കണക്ക്, മലയാളം, ഇംഗ്ലിഷ് വിഷയങ്ങൾ കൃത്യമായ അടിത്തറയോടെ പഠിച്ചു. സിലബസിൽ പരാമർശിക്കുന്ന പാഠഭാഗങ്ങൾക്കും സ്പെഷൽ ടോപ്പിക്കുകൾക്കു മായിരുന്നു പിന്നീടുള്ള പരിഗണന.

ചരിത്രം, ഭൂമിശാസ്ത്രം, ഭരണഘടന തുടങ്ങിയ വിഷയങ്ങൾ ആഴത്തിൽതന്നെ വായിക്കുകയും കുറിപ്പുകൾ തയാറാക്കുകയും ചെയ്തു. ഉയർന്ന റാങ്ക് നേടാൻ കറന്റ് അഫയേഴ്സ് സ്കോറിങ് നിർണായകമായതിനാൽ പത്രവായനയും ശീലമാക്കി. പത്രത്തിലൂടെ ഓരോ ദിവസത്തെയും പ്രധാന സംഭവങ്ങൾ, പുരസ്കാരങ്ങൾ, വ്യക്തി വിശേഷ ങ്ങൾ തുടങ്ങിയവ കുറിച്ചെടുത്തു റിവിഷനും അനായാസമാക്കി. ‘കുറച്ചു പഠിച്ചാലും ഉറച്ചുപഠിക്കുക, പഠിച്ചത് ആവർത്തിച്ചു പഠിച്ചുകൊണ്ടേയിരിക്കുക’ എന്നതാ യിരുന്നു അരുണിന്റെ പഠനരീതി. വലിച്ചുവാരി വായിക്കുന്നതിനു പകരം കൂടുതൽ മാർക്കിനു ചോദ്യം വരുന്ന ഭാഗങ്ങൾക്ക് ഊന്നൽ നൽകി പഠിക്കണമെന്നും അരുൺ പറയുന്നു. 

English Summary:

TP Arun's Journey from IT Analyst to Fire Force Triumph

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com