ഒക്കുപ്പേഷനൽ തെറപ്പി പഠിക്കാം, 37 ലക്ഷം രൂപ വാർഷിക വരുമാനം നേടാം
Mail This Article
കോവിഡ് കാലത്ത് ലോകമെങ്ങുമുള്ള ആരോഗ്യപ്രവർത്തകർ രാപകലില്ലാതെ ജോലി ചെയ്യുകയാണ്. ഡോക്ടർമാർ, നഴ്സുമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ തുടങ്ങിയവരെയാണു നമ്മൾ സാധാരണ ആരോഗ്യപ്രവർത്തകരായി കാണുന്നത്. എന്നാൽ, ഒട്ടേറെ പുതിയ ജോലികൾ ആരോഗ്യരംഗത്തും വികസിക്കുന്നുണ്ട്. ഒക്കുപ്പേഷനൽ തെറപ്പിസ്റ്റ് അത്തരമൊന്നാണ്. രോഗികൾക്കു വ്യക്തിപരമായ കരുതൽ കൊടുത്തു സാധാരണ ജീവിതത്തിലേക്കു കൊണ്ടുവരിക എന്നതാണ് ഇവരുടെ ദൗത്യം. കോവിഡ് കാലത്ത് ഈ ജോലിക്ക് സാംഗത്യമേറുന്നു.
മുഖ്യം മാനസികാരോഗ്യം
ഒരു കൂട്ടം ആരോഗ്യപ്രവർത്തകർക്കൊപ്പമാണ് ഒക്കുപ്പേഷനൽ തെറപ്പിസ്റ്റുകൾ പ്രവർത്തിക്കുന്നത്. ഫിസിയോതെറപ്പിസ്റ്റ്, സ്പീച്ച് പതോളജിസ്റ്റ്, സൈക്കോളജിസ്റ്റ് തുടങ്ങിയവർ അടങ്ങിയ ടീമിലെ ഒരംഗമാകും ഒക്കുപ്പേഷനൽ തെറപ്പിസ്റ്റും. രോഗങ്ങളോ അപകടങ്ങളോ കാരണം മാനസികമായും ശാരീരികമായും തളർന്നവരെയാണ് ഇവർ ചികിത്സിക്കേണ്ടത്.
വ്യത്യസ്ത രീതിയിലുള്ള ചികിത്സകളാകും അവലംബിക്കേണ്ടി വരിക. രോഗിയുടെ നിലവിലെ അവസ്ഥ അറിഞ്ഞ് ചികിത്സ നിർദേശിക്കുക, ചികിത്സയ്ക്കു വേണ്ട വിദഗ്ധ ഡോക്ടർമാരെ ഏർപ്പെടുത്തുക, ആവശ്യമായ വ്യായാമങ്ങൾ പരിശീലിപ്പിക്കുക തുടങ്ങിയവ ചെയ്യണം. രോഗികൾക്കു വീണ്ടും പൊതുസമൂഹത്തിൽ ഇറങ്ങാനുള്ള ആത്മവിശ്വാസം പകരേണ്ടതും തെറപ്പിസ്റ്റുകളുടെ ജോലിയാണ്. ചുരുക്കത്തിൽ ഒരു രോഗിയുടെ സമൂലമായ പുരോഗതിയാണ് ഒക്കുപ്പേഷനൽ തെറപ്പി.
വേണം ലൈസൻസ്
യുഎസ് പോലുള്ള വികസിത രാജ്യങ്ങളിൽ വലിയ സാധ്യതയാണ് ഈ ജോലിക്കെന്നു പഠനങ്ങൾ പറയുന്നു. ഒക്കുപ്പേഷനൽ തെറപ്പിസ്റ്റാകാൻ പ്രഫഷനൽ ലൈസൻസുണ്ടാകണം. ഓരോ രാജ്യത്തും ലൈസൻസിങ്ങിനുള്ള മാനദണ്ഡങ്ങൾ വ്യത്യസ്തമാണ്. അക്രഡിറ്റേഷൻ കൗൺസിൽ ഫോർ ഒക്കുപ്പേഷനൽ തെറപ്പി എജ്യുക്കേഷൻ എന്ന സംഘടന ഇതുമായി ബന്ധപ്പെട്ട കോഴ്സുകൾ നടത്തുന്നുണ്ട്. അമേരിക്കൻ ഒക്കുപ്പേഷനൽ തെറപ്പി അസോസിയേഷന്റെ വെബ്സൈറ്റിൽ ഇതുമായി ബന്ധപ്പെട്ട ഒട്ടേറേ ഡിഗ്രി കോഴ്സുകൾ നൽകിയിട്ടുണ്ട്. അമേരിക്കയിൽ ഒക്കുപ്പേഷനൽ തെറപ്പിസ്റ്റുകളുടെ ശരാശരി വാർഷിക ശമ്പളം 50000 ഡോളറാണ് (37 ലക്ഷം രൂപ ! ).